
കൊല്ലം : 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രി അവസാനിക്കും. വാനോളം പ്രതീക്ഷയിൽ ജില്ലയിലെ ആയിരത്തോളം യാനങ്ങൾ ചാകരക്കോളു കൊയ്യാൻ കടലിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
കരിക്കാടി, കഴന്തൻ ചെമ്മീൻ, ഓണക്കണവ, ഒട്ടുകണവ, പേക്കണവ, കിളിമീൻ, ഉലുവ, കണ്ണൻ അയല തുടങ്ങിയവ കാര്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനകാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ചരീതിയിൽ മീൻ ലഭിച്ചിരുന്നു. അതുകൊണ്ട് ചാകര കിട്ടുമെന്നും തൊഴിലാളികൾ കരുതുന്നു.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ നീണ്ടകര പാലത്തിനു സമീപത്തേക്ക് എത്തിക്കും. പാലത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങല അഴിച്ചുമാറ്റി രാത്രി 12-നുശേഷം ബോട്ടുകൾ കടലിലേക്ക് പുറപ്പെടും.
മത്സ്യത്തൊഴിലാളികളിൽ പകുതിയിലധികവും ഇതരസംസ്ഥാന തൊഴിലാളികളാണ്. കടലിൽ പോകുന്നവരും ഹാർബറുകളിൽ അനുബന്ധജോലി ചെയ്യുന്നവരും ഐസ് ഫാക്ടറികളിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. ട്രോളിങ് നിരോധനം ആരംഭിച്ചപ്പോൾ ഇവർ നാട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി 80 ശതമാനം പേരും തിരികെയെത്തി. മറ്റുള്ളവർ വെള്ളി, ശനി ദിവസങ്ങളിലായി മടങ്ങിയെത്തുമെന്നും കരുതുന്നു. ട്രോളിങ് നിരോധനം അവസാനിക്കുന്നതിന്റെ പിന്നാലെ ഹാർബറുകളും പരിസരവും കേന്ദ്രീകരിച്ചുള്ള വ്യാപാരസ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങി.
എല്ലാം പുതിയത്... ചെലവ് നാലുലക്ഷം
ട്രോളിങ് നിരോധനം ആരംഭിക്കുമ്പോൾതന്നെ ബോട്ടുകൾ യാർഡുകളിൽ എത്തിക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പുതുപുത്തനാക്കിയാണ് കടലിലിറക്കുന്നത്. പെയിന്റിങ്, എൻജിൻ പണികൾ തുടങ്ങിയവയെല്ലാം പൂർത്തിയാക്കും. വല, ബോർഡ്, മറ്റ് സാമഗ്രികൾ എല്ലാം പുതിയവ വാങ്ങിവെക്കും. ഒരു ബോട്ടിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പുതിയ സാമഗ്രികൾ വാങ്ങുമ്പോഴേക്കും നാലുമുതൽ അഞ്ചുലക്ഷം രൂപവരെയാകും ചെലവ്.
ജില്ലയിൽ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ കേന്ദ്രീകരിച്ച് ഏഴുന്നൂറിനു മുകളിൽ യാനങ്ങളും അഴീക്കൽ ഹാർബർ കേന്ദ്രീകരിച്ച് ഇരുനൂറിനു മുകളിൽ യാനങ്ങളുമാണ് കടലിൽ പോകുന്നത്.
ബോട്ടുകളിൽ ഇന്ധനം നിറയ്ക്കലും ഐസ് നിറയ്ക്കലും തുടരുകയാണ്. ഒരാഴ്ചവരെ കടലിൽ തങ്ങുന്ന ബോട്ടുകളിൽ 400 ബ്ലോക്ക് ഐസുകൾവരെ നിറയ്ക്കണം. പലവ്യഞ്ജനസാധനങ്ങളും വല അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള സാമഗ്രികളും ബോട്ടുകളിൽ നിറച്ചു.
മണൽത്തിട്ടകൾ അപകടം
അഷ്ടമുടിക്കായലിൽ രൂപപ്പെട്ട മണൽത്തിട്ടകൾ അപകടമുണ്ടാക്കുമെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. ട്രോളിങ് നിരോധനം ആരംഭിച്ചപ്പോൾ കായലിലേക്ക് മാറ്റിയ ബോട്ടുകൾ തിരികെ കൊണ്ടുപോകുമ്പോൾ, മണൽത്തിട്ടകൾ തടസ്സമുണ്ടാക്കുമെന്നും ഇത് അപകടത്തിനു കാരണമാകുമെന്നുമാണ് ആശങ്ക. കായലിൽ വെള്ളമിറക്കമുണ്ടാകുമ്പോഴാണ് മണൽ അടിഞ്ഞുകൂടി തിട്ട രൂപപ്പെടുന്നത്. ഇത് ഡ്രെജ് ചെയ്തു മാറ്റാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. തോപ്പിൽകടവുമുതൽ ആറുപാലങ്ങൾ താണ്ടിവേണം ബോട്ടുകൾ കടലിൽ പോകാൻ. ഇവിടെയെല്ലാം അപകടസാധ്യതയുണ്ടെന്ന് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് പറഞ്ഞു.
സമുദ്രജലം ചൂടുപിടിച്ചുകിടക്കുന്ന സമയമാണിപ്പോഴെന്നാണ് അധികൃതർ പറയുന്നത്. ഈ സമയം മത്സ്യലഭ്യത ഗണ്യമായി കുറയാറാണ് പതിവ്. ഇതിനു വിപരീതമായി ചാകര ലഭിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
Content Highlights: 52-day trawling ban concludes at midnight on Friday., Over 1000 boats from Neendakara and Shakthikulangara are prepared to sail., Maintenance and new equipment costs for boats reached 4-5 lakhs per vessel., Migrant workers have returned to resume harbor and ice factory operations., Concerns raised regarding sandbars in Ashtamudi lake posing navigation risks.
Published: 31 Jul 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented