കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മിഥുന്റെ മരണത്തിൽ അധികൃതരുടെ അനാസ്ഥ വ്യക്തമായിട്ടും മുഖം രക്ഷിക്കാൻ പ്രധാനാധ്യാപികയെമാത്രം ബലിയാടാക്കി. പ്രധാനാധ്യാപിക എസ്. സുജയെ സസ്പെൻഡ് ചെയ്തപ്പോൾ പ്രധാനികളെയൊന്നും ഇതുവരെ തൊട്ടിട്ടില്ല. ത്രീഫേസ് വൈദ്യുതലൈനിന് തൊട്ടുചേർന്ന് സൈക്കിൾ ഷെഡ് നിർമിച്ച സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിന്റെ വീഴ്ചയെപ്പറ്റി ഒന്നും പറയുന്നില്ല. ഉത്തരവാദികൾക്കെതിരേ ഒരു നടപടിയും ഇതുവരെ വന്നിട്ടുമില്ല. വൈദ്യുതലൈനിന് 88 സെന്റീമീറ്റർമാത്രം താഴെ എങ്ങനെ ഷെഡ് നിർമിച്ചെന്നറിയില്ല.
ഓരോവർഷവും ലൈനിൽ പരിശോധനനടത്തേണ്ട കെഎസ്ഇബി അധികൃതരും 13-കാരൻ മരിക്കുന്നതുവരെ കണ്ണടച്ചു. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ഒത്തനടുവിലൂടെ നാലരമീറ്റർ ഉയരത്തിൽ വൈദ്യുതലൈൻ വലിച്ച കെഎസ്ഇബി അധികൃതരുടെ നടപടി ഗുരുതരവീഴ്ചയാണ്. മന്ത്രിതന്നെ വീഴ്ച സമ്മതിക്കുകയുംചെയ്തു. പക്ഷേ, പാപഭാരമെല്ലാം പ്രധാനാധ്യാപികയുടെ ചുമലിൽെവച്ച് കൈയൊഴിയുകയാണ് അധികൃതർ.
പ്രഥമാധ്യാപികയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂൾ വിദ്യാർഥി മിഥുൻ(13) ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രഥമാധ്യാപിക എസ്. സുജയെ സസ്‌പെൻഡുചെയ്തു. സ്‌കൂൾ അധികൃതർ വീഴ്ചവരുത്തിയിട്ടുണ്ടെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടനുസരിച്ചാണ് നടപടി.
മൂന്നുദിവസത്തിനുള്ളിൽ മറുപടിയാവശ്യപ്പെട്ട് മാനേജ്‌മെന്റിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ആവശ്യമെങ്കിൽ പുതിയ മാനേജരെ നിയമിക്കാനും വേണമെങ്കിൽ സ്‌കൂൾ ഏറ്റെടുക്കാനും സർക്കാരിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകും. അടിയന്തരസഹായധനമായി മൂന്നുലക്ഷം രൂപനൽകും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമെടുക്കാൻ നിർദേശിച്ച് മേയ് 13-ന് വിശദമായ മാർഗരേഖ പുറപ്പെടുവിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. മിഥുന്റെ സംസ്കാരം ശനിയാഴ്ച നടക്കും. കുവൈത്തിൽ ജോലിക്കുപോയ അമ്മ സുജ ഉച്ചയോടെയെത്തും.
അനുമതിയില്ല, എന്നിട്ടും ഫിറ്റ്നസ്
അനുമതിയില്ലാതെ നിർമിച്ച സൈക്കിൾ ഷെഡ് പരിഗണിക്കാതെയാണ് സ്കൂളിന് മൈനാഗപ്പള്ളി പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനിയർ ഇക്കൊല്ലവും നടപടിക്രമത്തിന്റെ ഭാഗമായി സ്കൂൾ സന്ദർച്ചിച്ചിട്ടും ഗുരുതര സുരക്ഷാവീഴ്ച കണ്ടില്ല. പത്തുവർഷംമുൻപ് നിർമിച്ച ഷെഡ്ഡിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. എന്നാൽ, ഇത് തദ്ദേശവകുപ്പ് അംഗീകരിക്കുന്നില്ല. സ്കൂളിലെ ത്രീ ഫേസ് ലൈൻ മാറ്റുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് പറഞ്ഞു.
മറ്റു പ്രധാനശുപാർശകൾ
- മിഥുന്റെ കുടുംബത്തിന് സഹായധനം നൽകുന്ന കാര്യം മാനേജ്മെന്റ് പരിഗണിക്കണം
- മിഥുന്റെ സഹോദരന് പ്ലസ്ടുവരെ പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ളവ ഒഴിവാക്കും
- സ്‌കൂൾ പിടിഎ പുനഃസംഘടിപ്പിക്കണം.
Content Highlights: Kollam Student Death: Headmistress Suspended, Systemic Negligence Unquestioned
Published: 19 Jul 2025, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented