കോടിയേരി എന്ന സൗഹൃദത്തിന്റെ തണല്‍


പി.പി.ശശീന്ദ്രന്‍

ജർമ്മനിയിൽ ഹെർമ്മൻ ഹെസ്സെ ഫെസ്റ്റിവലിൽ പ്രതിനിധിയായി കോടിയേരി ബാലകൃഷ്ണൻ

യാത്രകളും സിനിമയും കോടിയേരി ബാലകൃഷ്ണന്റെ ഇഷ്ടങ്ങളായിരുന്നു. എന്നാല്‍ പാര്‍ട്ടി തിരക്കുകള്‍ക്കിടയില്‍ അതിന് വേണ്ടത്ര സമയം കിട്ടാറുണ്ടായിരുന്നില്ല അദ്ദേഹത്തിന്. 2003-ല്‍ ജര്‍മ്മനിയിലെ സ്റ്റുഡ്ഗാര്‍ട്ടിനടുത്ത കാള്‍വില്‍ വിഖ്യാത എഴുത്തുകാരനായ ഹെര്‍മന്‍ ഹെസ്സെയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്ന് പോയ സാംസ്‌കാരിക സംഘത്തിലെ പ്രമുഖനായിരുന്നു തലശ്ശേരിയുടെ ജനപ്രതിനിധിയായിരുന്ന കോടിയേരി. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഫൗണ്ടേഷനും കാള്‍വ്് നഗരസഭയും ചേര്‍ന്നായിരുന്നു ആഘോഷം ഒരുക്കിയിരുന്നത്.

കെ.ബാലകൃഷ്ണനുള്‍പ്പെടെ ഞങ്ങള്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരും സംഘത്തിലുണ്ടായിരുന്നു. അന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍, എന്‍.പി.മുഹമ്മദ്, എം.വി.ദേവന്‍, കെ.കെ.മാരാര്‍, ഡോ. സ്‌കറിയാ സക്കറിയ, മൂര്‍ക്കോത്ത് രാമുണ്ണി എന്നിവരൊക്കെയുണ്ട് സംഘത്തില്‍. യാത്രയിലുടനീളം എല്ലാവരോടും കുശലം പറഞ്ഞും തന്റെ ആശയങ്ങള്‍ പങ്കുവെച്ചും സംഘത്തിലെ ഏറ്റവും സജീവമായ സാന്നിധ്യമായി അദ്ദേഹം. പതിവ് വേഷമായ മുണ്ടും ഷര്‍ട്ടും അദ്ദേഹം ഉപേക്ഷിച്ചില്ല. എന്നാല്‍ തണുപ്പിനെ ചെറുക്കാന്‍ ഒരു ചൂടുകുപ്പായം സദാ ഉള്ളില്‍ അണിഞ്ഞു. പ്രധാന ചടങ്ങുകള്‍ക്ക് ശേഷം അദ്ദേഹവും മന്ത്രിയും വൈകാതെ മടങ്ങി.രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളിലായിരുന്നുവെങ്കിലും ജി.കാര്‍ത്തികേയനുമായിട്ടായിരുന്നു ആ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൗഹൃദമെന്നതും അന്ന് വലിയ കൗതുകമായിരുന്നു. യാത്രകളും താമസവും ഭക്ഷണവുമെല്ലാം ഇരുവരും ഒന്നിച്ചായിരുന്നു.
2002 ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്. തീവണ്ടികളിലൊന്നിലും ടിക്കറ്റ് കിട്ടാനില്ല. സാധാരണ ടിക്കറ്റുമായി ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വിഷണ്ണനായി നില്‍ക്കുകയായിരുന്ന എനിക്ക് സഹായമായെത്തിയത് കോടിയേരിയായിരുന്നു. പ്ലാറ്റ്‌ഫോം നിറയെ പാര്‍ട്ടി പ്രതിനിധികള്‍. എനിക്ക് ബര്‍ത്തില്ലെന്ന് പി.കെ. ശ്രീമതി ടീച്ചറിലൂടെ അറിഞ്ഞെത്തിയ കോടിയേരി അദ്ദേഹം സഞ്ചരിക്കുന്ന കോച്ചില്‍ കയറാന്‍ നിര്‍ദ്ദേശിച്ചു. കംപാര്‍ട്ട്‌മെന്റാകെ പാര്‍ട്ടി പ്രതിനിധികള്‍ മാത്രം. പല നേതാക്കളും കുടുംബസമേതമാണ്. ആര് ചോദിച്ചാലും എന്റെ ആളാണെന്ന് പറഞ്ഞാല്‍ മതിയെന്ന ഉപദേശവുമുണ്ടായിരുന്നു. കാലത്ത് വിജയവാഡ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അദ്ദേഹം മുട്ടിവിളിച്ചു. പത്രം കിട്ടുമോ എന്ന് നോക്കാമല്ലോ, വരൂ എന്ന് പറഞ്ഞ് പ്ലാറ്റ്‌ഫോമിലൂടെ കൂടെ നടന്നു. വണ്ടി ഇരുപത് മിനുട്ടോളം അവിടെ നില്‍ക്കും. തലയില്‍ ഒരു തോര്‍ത്ത് ചുറ്റിക്കെട്ടി മുണ്ട് മാടിക്കുത്തി വേഗത്തില്‍ നടക്കുന്ന കോടിയേരിക്കൊപ്പം എത്താന്‍ പാടുപെട്ടു.

വിവിധ കോച്ചുകളില്‍ നിന്ന് സഖാക്കള്‍ പലരും കൈവീശി അഭിവാദ്യം അര്‍പ്പിക്കുന്നുണ്ട്. എല്ലാവര്‍ക്കും നിറഞ്ഞ ചിരിയും കൈവീശലും ലോഭമില്ലാതെ നല്‍കി നടപ്പ് തുടര്‍ന്നു. ഇവിടെ മലയാളം പത്രങ്ങളൊന്നും കിട്ടാനിടയില്ലെന്ന് പറഞ്ഞിട്ടും നടത്തം നിന്നില്ല. അത് പതിവ് നടത്തത്തിന്റെ ഭാഗമായുള്ള സൂത്രപ്പണി ആയിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്. പത്രം കിട്ടിയതുമില്ല. എന്നാല്‍ നടപ്പിനൊടുവില്‍ ഒരു ചൂടുചായ സമ്മാനിച്ച് വീണ്ടും വണ്ടിയിലേക്ക്. സമ്മേളനസ്ഥലത്ത് എത്തിയതോടെ അദ്ദേഹം മുഴുവന്‍ സമയ പ്രതിനിധിയായി മാറി.

മാഹി മഹാത്മാഗഗാന്ധി ആര്‍ട്‌സ് കോളേജിന്റെ പ്രഥമ ചെയര്‍മാനായ കോടിയേരി കോളേജിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥികളിലൊരാളായിരുന്നു. അമ്പതാം വാര്‍ഷികത്തിന് മുന്നോടിയായി ദുബായില്‍ 2019-ല്‍ പൂര്‍വവിദ്യാര്‍ത്ഥികളുടെ ഒരു സംഗമത്തിനുള്ള ഒരുക്കം തുടങ്ങിയപ്പോഴും അതിഥികളില്‍ ആദ്യ പേരുകാരന്‍ കോടിയേരിയായിരുന്നു. പക്ഷെ പലവിധ തിരക്കുകളാല്‍ അദ്ദേഹത്തിന് ആ ദിവസം ദുബായില്‍ എത്തിച്ചേരാനായില്ല. മാഹിയില്‍ നടക്കുന്ന ആഘോഷത്തില്‍ എന്തായാലും പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയാണ് സംഘാടകരെ ആശ്വസിപ്പിച്ചത്. അസുഖബാധിതനായിരിക്കെ തിരുവനന്തപുരത്തെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ അതൊരിക്കലും അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് തോന്നിയതേയില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എ.കെ.ജി സെന്ററിലും വീട്ടിലും ഇരുന്നായിരുന്നു അദ്ദേഹം ഏറെയും പ്രവര്‍ത്തിച്ചത്. ആക്ടിങ്ങ് സെക്രട്ടറിയായി എ വിജയരാഘവനുണ്ടായിരുന്നുവെങ്കിലും ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും സീറ്റ് വിഭജന ചര്‍ച്ചകളുമൊക്കെ നടന്നത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു. 2021 ഫെബ്രുവരി 17ന് ടെലഫോണിലൂടെ നടത്തിയ അഭിമുഖത്തില്‍ താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. അതൊരു വ്യക്തിപരമായ തീരുമാനമാണെന്നും ബാക്കി പാര്‍ട്ടി പറയുമെന്നും കൂട്ടിച്ചേര്‍ത്തു. മത്സര രംഗത്തുനിന്ന് മാറി നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ തുടര്‍ ഭരണത്തിന് വേണ്ടിയുള്ള കരുനീക്കങ്ങളിലായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെല്ലാം അദ്ദേഹം. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ അതിന്റെ വലിയൊരു ക്രെഡിറ്റ് പാര്‍ട്ടിയെ നയിച്ച കോടിയേരിക്ക് കൂടിയുള്ളതായിരുന്നു. കര്‍ത്തവ്യ നിരതനായി എന്നും പോസിറ്റീവ് ആയി നിന്ന രാഷ്ട്രീയ ജീവിതമാണ് തിങ്കളാഴ്ച പയ്യാമ്പലത്ത് എരിഞ്ഞടങ്ങാന്‍ പോകുന്നത്. നിരവധി കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്ക് കോടിയേരിയും മടങ്ങുന്നു.

Content Highlights: Kodiyeri Balakrishnan memoir


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented