കടുപ്പിച്ച് പറയുമ്പോഴും കലഹിക്കാത്ത സഖാവ്...


ബിജു പരവത്ത്

അടിയന്തരാവസ്ഥയുടെ നാളില്‍ 20 വയസ്സുമാത്രമുള്ള കോടിയേരി എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്നു. കരിനിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ എസ്.എഫ്.ഐ. തീരുമാനിച്ചു. അറസ്റ്റിലാവാന്‍ തയ്യാറായി പ്രതിഷേധത്തിനിറങ്ങേണ്ടവരെ നിശ്ചയിച്ചു. അതിലൊരാള്‍ കോടിയേരിയായിരുന്നു.

സുധാകരനൊപ്പം | Photo - Mathrubhumi archives

സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനം 2012-ല്‍ തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററില്‍ നടക്കുകയാണ്. വി.എസ്.-പിണറായി ബലാബലമാണ് സമ്മേളനത്തിന് അകത്തുനിന്ന് പുറത്തുവരുന്ന വാര്‍ത്തകളേറെയും. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിവിജയന്‍ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ട് ശരിക്കും വി.എസിനെതിരേയുള്ള കുറ്റപത്രമായിരുന്നു. അതിനെതിനെതിരേ വി.എസ്. തന്നെ പാര്‍ട്ടിക്ക് പരാതി നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പൊതുചര്‍ച്ചയിലും വി.എസ്സിനെതിരേ അതിരൂക്ഷമായ വിമര്‍ശനമുയര്‍ന്നു. അദ്ദേഹത്തിന് 'കാപ്പിറ്റല്‍ പണിഷ്മെന്റ്' കൊടുക്കണമെന്ന പരാമര്‍ശം പോലുമുണ്ടായി. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലായിരുന്നു പൊതുസമ്മേളനം. സ്റ്റേഡിയം മുഴുവന്‍ ചുവപ്പുവൊളന്റിയര്‍മാരാല്‍ നിറഞ്ഞു. പൊതുസമ്മേളനത്തില്‍ വി.എസ്. എന്തുപറയുമെന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. ആകാംക്ഷ തെറ്റിക്കാതെ വി.എസ്. വാളുവീശി. തനിക്കെതിരേ പൊതുചര്‍ച്ചയില്‍ ഉയര്‍ത്തിയ 'കാപ്പിറ്റല്‍ പണിഷ്മെന്റ്' വി.എസ്. ആയുധമാക്കി.

''വി.എസ്. അച്യുതാനന്ദനെ കാപ്പിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന വിധത്തില്‍ ക്രൂശിക്കാനുള്ള മുദ്രാവാക്യങ്ങള്‍ ഇന്ന് വിളിക്കുന്നുണ്ട്. 1943-ല്‍ കയ്യൂര്‍ കൃഷിക്കാര്‍ പാട്ടം കുറയ്ക്കുന്നതിനും മണ്ണില്‍ സ്ഥിരാവകാശം കിട്ടുന്നതിനും പോരാടിയതിന്റെ ഫലമായി നാലുയുവാക്കളായ കൃഷിക്കാരെയാണ് തൂക്കുമരമേറ്റിയത്. കാപ്പിറ്റല്‍ പണിഷ്മെന്റ് നേരിട്ടവരാണ് ഞങ്ങള്‍. ക്രൂരമായ മര്‍ദനവും അതേപോലെതന്നെ തൂക്കുകയറും എല്ലാം വെല്ലുവിളിച്ചുകൊണ്ട് നേരിട്ട ഞങ്ങളെ ഇപ്പോള്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് എന്നുപറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ലെന്നുകൂടി ഞാന്‍ അറിയിക്കുകയാണ്'' -ഇതായിരുന്നു വി.എസിന്റെ പ്രസംഗം. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തപരന്നു. പ്രതിനിധിസമ്മേളനത്തിനുള്ളിലുള്ളതിനെക്കാള്‍ വിഭാഗീയച്ചൂട് പൊതുസമ്മേളനത്തിലേക്കും പടര്‍ന്നു. വി.എസിന് പിന്നാലെ കോടിയേരി ബാലകൃഷ്ണനാണ് പ്രസംഗിച്ചത്. പാര്‍ട്ടിയുടെ ശക്തി അണികളും അനുഭവവുമാണെന്നു പറഞ്ഞാണ് കോടിയേരി തുടങ്ങിയത്. വി.എസിനെതിരേ യു.ഡി.എഫ്. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തുന്ന ഘട്ടമായിരുന്നു അത്. ഇത്തരം കേസുകളിലൂടെ കാപ്പിറ്റല്‍ പണിഷ്മെന്റ് നടത്താമെന്ന് യു.ഡി.എഫ്. കരുതേണ്ടെന്നാണ് വി.എസ്. പറഞ്ഞതെന്ന് കോടിയേരി വിശദീകരിച്ചു. പാര്‍ട്ടിയുടെ മാറിലേല്‍ക്കുന്ന മുറിവിന് മരുന്നുപുരുട്ടാനുള്ള ഒരു സഖാവിന്റെ കൈയൊതുക്കമായിരുന്നു അത്.ഇതാണ് കോടിയേരി ബാലകൃഷ്ണന്‍. നീറിക്കത്തിയ വിഭാഗീയതയുടെ കനല്‍ ആളിക്കത്തിയേക്കുമെന്ന തോന്നിച്ച ഘട്ടത്തിലെല്ലാം കോടിയേരിയുടെ നനവുള്ള വാക്കുകള്‍ അതിന് ശമനമുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ അമരത്ത് കാര്‍ക്കശ്യക്കാരനായ പാര്‍ട്ടിസെക്രട്ടറിയും സൗമ്യനായ സഖാവുമായി ഇരിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. വിഭാഗീയതയുടെ കനലിലൂടെ നടക്കുകയും പക്ഷമില്ലാതാക്കി പാര്‍ട്ടിയെ ശുദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവാണ് കോടിയേരി. സമീപകാല കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്റേതായ അനുയായികള്‍ രൂപപ്പെടാന്‍ ഇടംകൊടുക്കാത്ത പാര്‍ട്ടി സെക്രട്ടറിയും കോടിയേരിയാണ്. പാര്‍ട്ടിക്ക് പുറത്തുപോയി എം.വി. രാഘവനുയര്‍ത്തിയ വെല്ലുവിളിയും പാര്‍ട്ടിക്കകത്ത് വിഭാഗീയത ഉയര്‍ത്തിയ കൊടുങ്കാറ്റും ശാന്തമായ മനസ്സോടെ അദ്ദേഹം നേരിട്ടു. ശത്രുവിനെ എക്കാലത്തും ശത്രുവാക്കി നിലനിര്‍ത്തുകയല്ല, അടുക്കാനുള്ള അവസരം തീര്‍ക്കുകയാണ് വേണ്ടതെന്നാണ് കോടിയേരിയുടെ സമീപനം. ആ ബോധം എപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിച്ചിരുന്നു.

പാര്‍ട്ടിയും പാര്‍ട്ടിനയിക്കുന്നസര്‍ക്കാരും തമ്മിലുള്ളബന്ധം എന്തായിരിക്കണമെന്ന് കോടിയേരി പ്രയോഗത്തില്‍ കാണിച്ചു. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : ''പാര്‍ട്ടി അറിയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി അറിയണം. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യണം. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുണ്ടാകേണ്ട ചില ബന്ധങ്ങളുണ്ട്. അതില്ലാതിരിക്കാന്‍ പാടില്ല. അങ്ങനെയില്ലാതെവന്നാല്‍ പാര്‍ട്ടി ഒരുഭാഗത്തും സര്‍ക്കാര്‍ മറുഭാഗത്തുമാകും. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പാര്‍ട്ടി മുഖേനയേ ജനങ്ങളിലെത്തിക്കാനാകൂ. പാര്‍ട്ടിക്കകത്തുള്ള നേതാക്കള്‍ത്തന്നെയാണ് സര്‍ക്കാരിന്റെ ഭാഗമാകുന്നത്. അവര്‍ പാര്‍ട്ടി കമ്മിറ്റിയിലുണ്ട്. അതിനാല്‍ പാര്‍ട്ടി തീരുമാനിക്കുന്ന കാര്യം സര്‍ക്കാരിന്റെ ഭാഗമായുള്ളവരും അറിയും. സര്‍ക്കാര്‍ കാര്യങ്ങള്‍ അവര്‍ തിരിച്ച് പാര്‍ട്ടിയെയും അറിയിക്കും.'' പാര്‍ട്ടിസെക്രട്ടറിയാണോ മുഖ്യമന്ത്രിയാണോ വലുതെന്ന സി.പി.എമ്മില്‍ എല്ലാകാലത്തും ഉണ്ടാകാറുള്ള മൂപ്പിളമതര്‍ക്കം കോടിയേരിയുടെ ഘട്ടത്തിലുണ്ടായില്ല. അതിന് കാരണം വീട്ടുകാരും പാര്‍ട്ടിക്കാരും ഒരേപോലെ പറയുന്ന സ്വഭാവവിശേഷത തന്നെയാണ് - 'കടുപ്പിച്ച് പറയുമ്പോഴും കലഹിക്കാത്ത സഖാവ്.'

മണിയില്‍നിന്ന് കോടിയേരിയിലേക്കുള്ള ദൂരം

കോടിയേരി ഒരു ഗ്രാമമാണ്. അതുകൊണ്ടുതന്നെ, നാഗരികതയുടെ പൊതുസ്വഭാവങ്ങളൊന്നും തൊട്ടുതീണ്ടാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ വളര്‍ന്നതും. അധ്യാപകനായ അച്ഛന്റെ മകന്‍. നാലുസഹോദരിമാരുടെ ഏക കുഞ്ഞനിയന്‍. അമ്മ അവനെ മണി എന്നുവിളിച്ചു. ആ വിളിപ്പേര് നാട്ടിലുള്ളവരും ഏറ്റെടുത്തു. വാത്സല്യവും സ്നേഹവും ലഭിച്ചുവളര്‍ന്ന മണി, കോടിയേരി ബാലകൃഷ്ണനെന്ന കമ്യൂണിസ്റ്റ് നേതാവായി മാറിയത് സ്വയം തീര്‍ത്ത വഴികളിലൂടെ സഞ്ചരിച്ചാണ്. അതും പലതും പരീക്ഷണവുമായിരുന്നു.

കുട്ടിക്കാലം മുതലേ വായന ഇഷ്ടപ്പെട്ട, വായനശാലയിലും ബീഡിക്കമ്പനിയിലും പത്രം വായിക്കാനെത്തിയിരുന്നു പയ്യനെ നാട്ടുകാര്‍ക്കും ഇഷ്ടമായി. കമ്യൂണിസ്റ്റ് വേരോട്ടം തുടങ്ങുന്ന ഘട്ടമായതിനാല്‍ പാര്‍ട്ടിപത്രം സ്ഥിരമായി വായിക്കുന്ന അവനെ കമ്യൂണിസ്റ്റുകാരും ശ്രദ്ധിച്ചു. കോണ്‍ഗ്രസ് കുടുംബമായിരുന്നു കോടിയേരിയുടേത്. അമ്മാവനായ നാണുനമ്പ്യാരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് കോടിയേരിയെ വളര്‍ത്തിയത്. ആശയങ്ങളെ നന്നായി അവതരിപ്പിക്കാന്‍ ശേഷിയുള്ള ബാലകൃഷ്ണന്‍ സ്‌കൂളില്‍ കുട്ടിപ്രസംഗകനായി പേരെടുത്തു. നര്‍മം ചാലിച്ച് പറയാനുള്ള കഴിവ് അന്നേ പ്രകടിപ്പിച്ചിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ കുട്ടികളെ ഒരു വായനശാലയില്‍ സംഘടിപ്പിച്ച് ഇടത് വിദ്യാര്‍ഥി സംഘടനായ കെ.എസ്.എഫ്. യൂണിറ്റ് രൂപവത്കരിച്ച് അതിന്റെ നേതാവായാണ് കോടിയേരി രാഷ്ട്രീയത്തിന്റെ കവാടം കടക്കുന്നത്.

അടിയന്തരാവസ്ഥയുടെ നാളില്‍ 20 വയസ്സുമാത്രമുള്ള കോടിയേരി എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്നു. കരിനിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ എസ്.എഫ്.ഐ. തീരുമാനിച്ചു. അറസ്റ്റിലാവാന്‍ തയ്യാറായി പ്രതിഷേധത്തിനിറങ്ങേണ്ടവരെ നിശ്ചയിച്ചു. അതിലൊരാള്‍ കോടിയേരിയായിരുന്നു. തലശ്ശേരി ചിറക്കര ഹൈസ്‌കൂളിലെ കുട്ടികളെ സംഘടിപ്പിച്ച് പ്രകടനം നടത്തി. ചീറിപ്പാഞ്ഞെത്തിയ പോലീസ് പൊതിരെതല്ലി. വെളുത്തുമെലിഞ്ഞ ആ ചെറുപ്പക്കാരന്‍ സഖാവ് അന്ന് ജയിലിലായി. കാലിന്റെ ഉപ്പൂറ്റിയില്‍ ചോരകല്ലിച്ചു. നീലിച്ച് നീരുവന്ന് വീര്‍ത്ത കാലുമായി ഒരു എം.എല്‍.എ.യും ആ ഘട്ടത്തില്‍ ജയിലിലെത്തിയിരുന്നു. അതായിരുന്നു പിണറായി വിജയന്‍. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിണറായി വിജയന്‍, എം.പി. വീരേന്ദ്രകുമാര്‍, ഇമ്പിച്ചി ബാവ, വി.വി. ദക്ഷിണാമൂര്‍ത്തി തുടങ്ങിയവര്‍ക്കൊപ്പം ഏറ്റവും ഇളമുറക്കാരനായ തടവുകാരനായിരുന്നു കോടിയേരി.

കണ്ണൂരിലെ രാഷ്ട്രീയഅക്രമങ്ങളുടെ ആദ്യകാലത്തെ ഇരയും കോടിയേരിയായിരുന്നു. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുപോകുന്ന വഴിയിലാണ് കോടിയേരി അക്രമത്തിനിരയാകുന്നത്. ലോക്കല്‍ സെക്രട്ടറി ജയരാജന്റെ സൈക്കിളില്‍ പോകുമ്പോഴാണ് തലശ്ശേരിയില്‍നിന്ന് അക്രമമുണ്ടായത്. ജയരാജന് വെട്ടേറ്റു. കോടിയേരിയുടെ തലയ്ക്ക് മാരകമായി പരിക്കേറ്റു. ഈ സംഭവത്തിനുശേഷം കോടിയേരിയെ തലശ്ശേരിയില്‍നിന്ന് മാറ്റണമെന്ന് ബന്ധുക്കള്‍ തീരുമാനിച്ചു. രണ്ടു സഹോദരിമാര്‍ അപ്പോള്‍ ചെന്നൈയിലായിരുന്നു താമസം. അവരുടെ അടുത്താക്കി. അവിടെ ഒരു ചിട്ടിക്കമ്പനിയില്‍ ജോലി തുടങ്ങി. 1969-ലാണിത്. പത്താം ക്ലാസ് പരീക്ഷാഫലം വന്നപ്പോള്‍ നല്ലമാര്‍ക്കില്‍ കോടിയേരി ജയിച്ചു. ഇതോടെയാണ് വീണ്ടും പഠിക്കാനായി നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയപ്പോഴാണ് തലശ്ശേരി കലാപം. കലാപബാധിത പ്രദേശങ്ങളില്‍ സഹായദൗത്യവുമായി പാര്‍ട്ടി സ്‌ക്വാഡില്‍ ചേര്‍ന്നു. പിന്നീട് രാഷ്ട്രീയവഴിയില്‍നിന്ന് മാറി സഞ്ചരിച്ചിട്ടില്ല. മണിയില്‍നിന്ന് കോടിയേരിയിലേക്കുള്ള പൂര്‍ണമായ മാറ്റം ഇവിടെ തുടങ്ങി.

Content Highlights: Kodiyeri Balakrishnan CPM obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented