മുള്ളുകളെ പൂവാക്കി മാറ്റിയ ചിരി


പി.പി.ശശീന്ദ്രന്‍

പെരുമാറ്റത്തിലെ ലാളിത്യം, ആരുടെയും തോളില്‍ കൈയിട്ട് നടക്കുകയോ നില്‍ക്കുക?േയാ ചെയ്യാവുന്ന അടുപ്പം എന്നും കോടിയേരിയുടെ സവിശേഷതയായിരുന്നു. അതാകട്ടെ, കേവലമായ ഒരു വേഷംകെട്ട് ആയിരുന്നില്ലെന്ന് ആ സൗഹൃദത്തിന്റെയും പരിചയത്തിന്റെയും അനുഭവമുള്ളവര്‍ എക്കാലത്തും പറയും.

കോടിയേരി ബാലകൃഷ്ണൻ | Photo - Mathrubhumi archives

കോടിയേരി എന്നത് മുമ്പ് തലശ്ശേരി നഗരപ്രാന്തത്തിലെ ഒരു ഗ്രാമപ്രദേശമായിരുന്നു. ഇന്ന് നഗരത്തിന്റെ സ്വഭാവങ്ങളൊക്കെ വന്നുചേര്‍ന്നിരിക്കുന്നു ആ പ്രദേശത്തിന്. വിവാദങ്ങളിലൂടെ പ്രശസ്തമായ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ആസ്ഥാനം കോടിയേരിയാണ്. മറ്റ് പല സ്ഥാപനങ്ങളും താമസകേന്ദ്രങ്ങളും ഇതിനൊപ്പം അവിടെ വളര്‍ന്നു. പക്ഷേ, അതിനൊക്കെ മുമ്പ് തന്നെ കോടിയേരി എന്ന പേര് കേരളത്തിന് സുപരിചിതമാണ്. നിറഞ്ഞ ചിരി, നല്ലൊരു കൂട്ടുകാരനോ അയല്‍ക്കാരനോ എന്ന മട്ടിലുള്ള പരിചിത ഭാവം. ആരോടും പരിഭവമില്ലാതെ, എല്ലാവരുടെയും സുഹൃത്തായി നില്‍ക്കുന്ന ഒരാള്‍. എല്ലാ എതിര്‍പ്പുകളെയും വിയോജിപ്പുകളെയും ഇല്ലാതാക്കുന്ന ആ ചിരിയുടെ പേരുകൂടിയാണ് കോടിയേരി എന്നത്.

ചെറുപ്പത്തില്‍ത്തന്നെ ബാലകൃഷ്ണന്‍ എന്നത് അടുപ്പക്കാര്‍ മാത്രം വിളിച്ചിരുന്ന പേരായി. ബാക്കിയുള്ളവര്‍ക്കെല്ലാം അത് സഖാവ് കോടിയേരിയോ, കോടിയേരിയോ എന്നായി. ദീര്‍ഘകാലം തലശ്ശേരിയുടെ ജനപ്രതിനിധി എന്നതിനപ്പുറം കേരള രാഷ്ട്രീയത്തിലെ എല്ലാവരുടെയും സുഹൃത്തായ ജനനേതാവ് എന്നൊരു വിശേഷണം അതിനൊപ്പം തന്നെ ബാലകൃഷ്ണന്‍ നേടിയിരുന്നു. പെരുമാറ്റത്തിലെ ലാളിത്യം, ആരുടെയും തോളില്‍ കൈയിട്ട് നടക്കുകയോ നില്‍ക്കുക?േയാ ചെയ്യാവുന്ന അടുപ്പം എന്നും കോടിയേരിയുടെ സവിശേഷതയായിരുന്നു. അതാകട്ടെ, കേവലമായ ഒരു വേഷംകെട്ട് ആയിരുന്നില്ലെന്ന് ആ സൗഹൃദത്തിന്റെയും പരിചയത്തിന്റെയും അനുഭവമുള്ളവര്‍ എക്കാലത്തും പറയും.തൊണ്ണൂറുകളുടെ ആദ്യമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി പദത്തിലെത്തുന്നത്. വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലൂടെ അതിനകം തന്നെ കണ്ണൂരിലെ എണ്ണപ്പെട്ട നേതാക്കളില്‍ ഒരാളായി കോടിയേരി ബാലകൃഷ്ണന്‍ വളര്‍ന്നിരുന്നു. തലശ്ശേരിയുടെ ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ആയിരുന്നു 1990-ല്‍ കോടിയേരി ജില്ലാ സെക്രട്ടറിപദത്തിലെത്തുന്നത്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂര്‍ ജില്ല എക്കാലത്തും അവരുടെ ചെങ്കോട്ടയാണ്. അവിടത്തെ സെക്രട്ടറിയാവട്ടെ, സംസ്ഥാന നേതാക്കളെപ്പോലെ പേരും പെരുമയും വന്നുചേരുന്നവരും. ബദല്‍ രേഖയുമായി ബന്ധപ്പെട്ട് അക്കാലത്ത് കണ്ണൂരിലെ പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവായിരുന്ന എം.വി.രാഘവന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകുമ്പോള്‍ പിണറായി വിജയനായിരുന്നു ജില്ലാ സെക്രട്ടറി. പിണറായി സംസ്ഥാന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ പകരക്കാരനായി പയ്യന്നൂരിലെ ടി.ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയായി. മാഹിയിലെ പാര്‍ട്ടിയിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരില്‍ ഇടക്കാലത്ത് ടി.ഗോവിന്ദനെ സ്ഥാനത്തുനിന്ന് നീക്കി. പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. അങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആവുന്നത്. താമസം അപ്പോഴും കോടിയേരിയിലെ വീട്ടില്‍. കാലത്ത് പത്തുമണിയോടെ തലശ്ശേരിയില്‍നിന്ന് ഏതെങ്കിലും ഒരു സ്വകാര്യബസില്‍ കോടിയേരി കണ്ണൂരിലേക്ക് എന്നും യാത്ര ചെയ്തിരുന്ന ഓര്‍മ്മ അക്കാലത്ത് അതേ ബസുകളില്‍ യാത്രക്കാരനായിരുന്ന എന്റെ ഓര്‍മകളിലുണ്ട്. കൂടെ ഭാര്യ വിനോദിനിയുമുണ്ടാവും മിക്ക ദിവസങ്ങളിലും. അക്കാലത്ത് അവര്‍ കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. രാത്രി പാര്‍ട്ടി പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമെല്ലാം കഴിഞ്ഞ് കാറിലാവും കോടിയേരിയിലേക്കുള്ള മടക്കം. ആര്‍.എസ്.എസ് - സി.പി.എം സംഘര്‍ഷം മൂര്‍ച്ഛിച്ച് നിന്ന നാളുകളില്‍ പിന്നീട് കോടിയേരിയുടെ ബസ് യാത്ര നിലച്ചു. കോടിയേരിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടിതന്നെ ഈ സുരക്ഷിതത്വം ഒരുക്കിയത്. പക്ഷേ, കോടിയേരിയുടെ ജനകീയതയ്ക്ക് ആ കാര്‍ യാത്രകളൊന്നും തടസ്സമായില്ല.

തൂവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഏത് ആള്‍ക്കൂട്ടത്തിന്റെയും ശ്രദ്ധാകേന്ദ്രമാകാനും അവര്‍ക്കിടയില്‍ ഒരാളാകാനും കോടിയേരിക്ക് കഴിഞ്ഞു. എതിരാളികള്‍ക്ക് പോലും മറയില്ലാതെ സംസാരിക്കാവുന്ന വിധം സ്നേഹത്തില്‍ ചാലിച്ച സ്വീകാര്യത കോടിയേരിക്ക് ഉണ്ടായിരുന്നു. കൂടെയുള്ളവരുടെ തോളില്‍ കൈവെച്ച് സംസാരിക്കുന്നതും അദ്ദേഹത്തിന്റെ ശീലങ്ങളിലൊന്നായിരുന്നു. ഇതില്‍ വലുപ്പചെറുപ്പമൊന്നും അദ്ദേഹം നോക്കിയില്ല. ഘടകകക്ഷികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ കോടിയേരിയുടെ ഈ ജനകീയതയും വലിയ ഘടകമായി. എതിരാളികള്‍ക്കും കോടിയേരിയോട് കാര്യമായ വിദ്വേഷമുണ്ടായില്ല. അവര്‍ക്ക് നേരെ തീപ്പൊരിപ്രസംഗങ്ങള്‍ വേദിയില്‍വെച്ച് കാച്ചുമ്പോഴും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വഴി വെട്ടിത്തുറക്കാനോ ഒന്ന് മാറ്റി വെക്കാനോ അദ്ദേഹത്തിനായിരുന്നു. അതുതന്നെയായിരുന്നു ജനപ്രതിനിധി എന്ന നിലയിലും പാര്‍ട്ടിനേതാവ് എന്ന നിലയിലും കോടിയേരി ബാലകൃഷ്ണന്റെ നേട്ടം.

കോടിയേരിയില്‍നിന്ന് അധികം അകലെയല്ലാത്ത മയ്യഴിയില്‍ പുതുച്ചേരി ഗവണ്‍മെന്റ്് ആദ്യമായി ഒരു കോളേജ് സ്ഥാപിച്ചപ്പോള്‍ അതിന്റെ പ്രഥമ ചെയര്‍മാനായത് മയ്യഴിക്ക് പുറത്തുനിന്നെത്തിയ ബാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരനായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ അപ്പോള്‍ത്തന്നെ ബാലകൃഷ്ണന്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നു. 2020-ല്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്സ് കോളേജിന്റെ പ്രഥമ ചെയര്‍മാന്‍ എന്ന നിലയിലും കോളേജിന്റെ ചരിത്രത്തിലും ബാലകൃഷ്ണന്റെ പേരുണ്ട്്. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥി യുവജന നേതാവ് എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്‍ കുറെക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. തന്റെ ജയില്‍ ജീവിതത്തിലെ അടുത്ത കൂട്ടുകാരന്‍ എന്ന നിലയില്‍ എപ്പോഴും ബാലകൃഷ്ണനെ മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നതും ഓര്‍മയിലെത്തുന്നു. കണ്ണൂര്‍ ഓഫീസില്‍ എത്തുമ്പോഴെല്ലാം ബാലകൃഷ്ണനുണ്ടോ എന്ന് നോക്കൂ എന്നത് വീരേന്ദ്രകുമാറിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു അക്കാലത്ത്. കാര്‍ അയച്ച് കോടിയേരിയെ കൂട്ടിക്കൊണ്ടുവന്നിട്ടുപോലുമുണ്ട്. കണ്ടുമുട്ടിയാല്‍ എത്രയോ നേരം ഇരുവരും തമ്മിലുള്ള സംസാരവും തുടരും. ഓര്‍മകളില്‍ തുടങ്ങി വര്‍ത്തമാന രാഷ്ട്രീയങ്ങളിലേക്ക് ചര്‍ച്ചകള്‍ നീളും.

അടുത്തുപ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഇത്തരത്തില്‍ കോടിയേരിയുമായുള്ള സൗഹൃദത്തിന്റെ നൂറുനൂറ് ഓര്‍മകള്‍ ഓര്‍ത്തെടുക്കാനുണ്ടാവും. 2008-ല്‍ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായി ഉയര്‍ത്തപ്പെട്ടപ്പോഴും ജനപ്രതിനിധി എന്ന നിലയിലും പാര്‍ലമെന്ററി രംഗത്തുമായിരുന്നു കോടിയേരിയുടെ പ്രവര്‍ത്തനം ഏറെയും. പിണറായി വിജയന് പിന്നാലെ പാര്‍ട്ടി സെക്രട്ടറി എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നപ്പോഴും കോടിയേരിയുടെ ഇഷ്ടം പാര്‍ലമെന്ററി പ്രവര്‍ത്തനത്തോടായിരുന്നു. പക്ഷേ, പാര്‍ട്ടിയുടെ ആവശ്യത്തിന് ഒപ്പം നില്‍ക്കാനുള്ള മനസ്സ് അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നു. അങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറിസ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത്. പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ഘടകകക്ഷികളുടെ പ്രയാസങ്ങളും പരിഭവങ്ങളുമെല്ലാം തിരിച്ചറിയാനും പരിഹാരം കാണാനും മുഖ്യകക്ഷിയുടെ നേതാവ് എന്ന നിലയില്‍ സി.പി.എം. സെക്രട്ടറിക്ക് വലിയ ഉത്തരവാദിത്വമുണ്ട്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ചില വിഷയങ്ങളില്‍ ഗവണ്‍മെന്റ്് തീരുമാനമെടുത്തു എന്ന ആക്ഷേപം ഉയര്‍ന്ന ഘട്ടങ്ങളിലെല്ലാം തീയണയ്ക്കാനുള്ള ദൗത്യം കോടിയേരി ഏറ്റെടുത്തു. നേരത്തേ തന്നെ മധ്യസ്ഥന്റെയും സുഹൃത്തിന്റെയും റോളില്‍ തിളങ്ങിയ കോടിയേരിക്ക് ആകട്ടെ ആ തീ അണയ്ക്കുക വളരെ എളുപ്പമുള്ളതുമായിരുന്നു. മറുപക്ഷത്ത് കോടിയേരിയാണ് എന്നത് ഘടക കക്ഷി നേതാക്കള്‍ക്കും വലിയ ആശ്വാസമായിരുന്നു എന്നും. കേരള രാഷ്ട്രീയത്തില്‍ അത്തരത്തില്‍ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയും അതിനൊത്ത ശരീരഭാഷയും എതിരാളികള്‍ക്ക് പോലും സമ്മാനിച്ച അപൂര്‍വം നേതാക്കളില്‍ മുന്‍നിരയിലുണ്ടാവും എന്നും നാട്ടുകാരുടെ കോടിയേരി എന്ന, അടുപ്പക്കാരുടെ ബാലകൃഷ്ണന്‍.

Content Highlights: Kodiyeri Balakrishnan CPM obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented