കൊച്ചി: കൊടകര കുഴൽപ്പണത്തിന്റെ ഉറവിടം കർണാടകയിലെ ഉന്നതനെന്ന് വിവരം. ഇക്കാര്യം പ്രത്യേകാന്വേഷണ സംഘം ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലുണ്ടെന്ന് സൂചന. സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കളുടെ പേരും റിപ്പോർട്ടിലുണ്ട്. ബെംഗളൂരുവിൽ നിന്ന് കോടികൾ സംഘടിപ്പിച്ച് കൊടുത്തത് ബെംഗളൂരുവിലെ ഉന്നതനാണെന്നാണ് വിവരം. ടവർ ലൊക്കേഷനുകളടക്കമുള്ള നിർണായക വിവരങ്ങളും റിപ്പോർട്ടിലടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

To advertise here,

അന്വേഷണവുമായി മുമ്പോട്ട് പോയാൽ പല ബിജെപി നേതാക്കളിലേക്കെത്തുമെന്നാണ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാകുന്നത്. പണം നൽകിയ ഉന്നതനിലേക്കും അന്വേഷണമെത്തും. പണം നൽകിയ ആ ഉന്നതൻ ആരാണെന്ന് അന്വേഷണത്തിൽ സംസ്ഥാന പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ ഉണ്ട്. 

41 കോടി 20 ലക്ഷം രൂപയാണ് ധർമ്മരാജൻ വഴി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലേക്കെത്തിയത്. ഓരോ ദിവസവും എങ്ങനെയാണ് പണമെത്തിയത്, ആരൊക്കെയാണ് കൊണ്ടുവന്നത്, ഏതൊക്കെ വാഹനത്തിലാണ് കൊണ്ടുവന്നത്... തുടങ്ങിയ വിവരങ്ങൾ വിശദമായിത്തന്നെ പ്രത്യേകാന്വേഷണ സംഘം ഇ.ഡി.ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. അത് ഇതുവരെ പുറത്തുവന്നിട്ടില്ല. 

സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പേരുകളും ആരാണ് കേരളത്തിൽ പണമിടപാടുകൾ നിയന്ത്രിച്ചിരുന്നത് തുടങ്ങിയ കാര്യങ്ങളുമടക്കം റിപ്പോർട്ടിലുണ്ട്. കൊടകരയിൽ കുഴൽപ്പണം കൊള്ളയടിക്കപ്പെടുന്ന ദിവസം ആറരക്കോടി രൂപ തൃശ്ശൂരിൽ എത്തിച്ചിരുന്നു. ഇതോടൊപ്പം മൂന്നരക്കോടി രൂപ തൃശ്ശൂരിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടു പോയി. ഈ പണമാണ് വഴിക്ക് വെച്ച് കൊള്ളയടിക്കുന്നത്. മറ്റൊരു ആറരക്കോടി രൂപ നേരത്തെ തന്നെ കേരളത്തിലെത്തിച്ചിരുന്നുവെന്നാണ് വിവരം.

പിഎംഎൽഎയുടെ പരിധിയിൽ പെടുന്ന വിവരങ്ങൾ മറ്റൊരു റിപ്പോർട്ടായാണ് അന്വേഷണ സംഘം ഇഡിക്ക് കൈമാറിയിരിക്കുന്നത്. ബെംഗളൂരുവിൽ എങ്ങനെയാണ് ഹവാല ഇടപാടുകൾ നടക്കുന്നത് എന്നതടക്കമുള്ള വിശദാംശങ്ങളും ടവർ ലൊക്കേഷനുകളുമടക്കം ഇതിലുണ്ട്.

രണ്ട് ഹവാല ഓപ്പറേറ്റർമാരിൽ നിന്നാണ് ധർമ്മരാജനിലേക്ക് പണമെത്തിയത്. ഓരോ തവണയും ബെംഗളൂരുവിലെത്തുമ്പോൾ ഓരോ മൊബൈൽ നമ്പറുകളാണ് ഇവർ ഉപയോഗിച്ചിരുന്നു. ഇതെല്ലാം റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.