കൊച്ചി: മെട്രോ സ്റ്റേഷനുകളില്‍നിന്നുള്ള തുടര്‍യാത്രയ്ക്ക് ഇനി ഇലക്ട്രിക് ബസുകളും. മെട്രോ കണക്ട് എന്ന് പേരിട്ടിരിക്കുന്ന ബസ് സര്‍വീസിന് അടുത്ത ആഴ്ച തുടക്കമാകും. 15 ബസുകളാണ് സര്‍വീസ് നടത്തുക. ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശ്ശേരി-മെഡിക്കല്‍ കോളേജ്, ഹൈക്കോര്‍ട്ട്-എം.ജി. റോഡ് സര്‍ക്കുലര്‍ സര്‍വീസ്, കടവന്ത്ര-കെ.പി. വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ടറേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഈ റൂട്ടുകളില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി.

To advertise here,

കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസുകള്‍ വാങ്ങി സര്‍വീസ് നടത്തുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശ്ശേരി റൂട്ടില്‍ രണ്ടു ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ടറേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തുകയെന്ന് കൊച്ചി മെട്രോ അഡീഷണല്‍ ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട്) ടി.ജി. ഗോകുല്‍ പറഞ്ഞു.

സര്‍വീസ് ഇങ്ങനെ

എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടും സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11-നാണ് എയര്‍പോര്‍ട്ടില്‍നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്. കളമശ്ശേരി-മെഡിക്കല്‍ കോളേജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകീട്ട് 7.30 വരെയാണ് സര്‍വീസ്.

കാക്കനാട് വാട്ടര്‍ മെട്രോ-കിന്‍ഫ്ര-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ഏഴുവരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. കാക്കനാട് വാട്ടര്‍ മെട്രോ-കളക്ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ എട്ടുമുതല്‍ വൈകീട്ട് 7.30 വരെയാണ് സര്‍വീസ്. ഹൈക്കോര്‍ട്ട്-എം.ജി. റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകീട്ട് 7.30 വരെയും കടവന്ത്ര കെ.പി. വള്ളോന്‍ റോഡ് - പനമ്പിള്ളി നഗര്‍ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് എഴുവരെയും സര്‍വീസ് നടത്തും.

എയര്‍പോര്‍ട്ടിലേക്ക് 80 രൂപ; മറ്റു റൂട്ടുകളില്‍ 20

മെട്രോ കണക്ടിന് ആലുവ - എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയാണ് യാത്രാ നിരക്ക്. മറ്റു റൂട്ടുകളില്‍ അഞ്ചു കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയാണ്. ഡ്രൈവറുടേതുള്‍പ്പെടെ 33 സീറ്റുകളാണ് ബസിലുള്ളത്. കുറച്ചുപേര്‍ക്ക് നിന്നും യാത്ര ചെയ്യാനാകും. 90 ലക്ഷം രൂപയോളമാണ് ഒരു ബസിന്റെ ചെലവ്.