കൊച്ചി: മേയര്‍ ചര്‍ച്ച എങ്ങുമെത്താത്തതിനേത്തുടര്‍ന്ന് അതിനായി കെപിസിസിയുടെ മാര്‍ഗനിര്‍ദേശം വരുന്നതുവരെ കാക്കാന്‍ തീരുമാനം. ഇവിടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചചെയ്തിട്ട് കാര്യങ്ങള്‍ കരയ്ക്ക് അടുപ്പിക്കാനാവാത്ത അവസ്ഥയാണ്. മേയര്‍ ലത്തീന്‍ സമുദായത്തിന് നല്‍കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതില്‍തന്നെ കൊച്ചിരൂപത വേണോ വരാപ്പുഴ അതിരൂപത വേണോ എന്ന ചര്‍ച്ചയും മുറുകിയിട്ടുണ്ട്.

To advertise here,

ജയിച്ചുവന്നവരില്‍ പതിനെട്ടുപേര്‍ ലത്തീന്‍ സമുദായക്കാരാണെന്ന് നേതാക്കള്‍ പറയുന്നുണ്ട്. അതില്‍ മൂന്നുപേര്‍ കൊച്ചിക്കുകീഴിലും മറ്റുള്ളവര്‍ വരാപ്പുഴയ്ക്കുകീഴിലുമാണ് വരുന്നതെന്നാണ് നേതാക്കളുടെ കണക്കെടുപ്പില്‍ വ്യക്തമായിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ മേയര്‍ വരാപ്പുഴയില്‍നിന്ന് വേണമെന്ന് വാദിക്കുന്ന നേതാക്കളുണ്ട്.

എന്നാല്‍ വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ കൊച്ചി പിടിക്കാനുള്ള തന്ത്രമായി മേയര്‍ സ്ഥാനത്തെ ഉപയോഗിക്കണമെന്ന് പറയുന്നവരുമുണ്ട്. സമുദായ പരിഗണനകളില്ലാതെ പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിച്ച് സ്ഥാനമാനങ്ങള്‍ നല്‍കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. നേതാക്കള്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പാര്‍ലമെന്ററി പാര്‍ട്ടി വിളിച്ച് അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ് ജനാധിപത്യരീതിയില്‍ മേയറെ തിരഞ്ഞെടുക്കണമെന്ന ആവശ്യം കൗണ്‍സിലര്‍മാരില്‍നിന്ന് ഉയരുന്നുണ്ട്. അവരോടെല്ലാം കെപിസിസി നിര്‍ദേശംവരുന്നതുവരെ കാത്തിരിക്കാനാണ് നേതാക്കള്‍ പറയുന്നത്.

മേയര്‍കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയാലേ ഡെപ്യൂട്ടിമേയര്‍ സ്ഥാനത്തിന്റെ കാര്യത്തിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഹൈന്ദവ വിഭാഗത്തിലെ പ്രബലസമുദായത്തിന് നല്‍കണമെന്ന ആവശ്യം ശക്തമാണ്. അതിന് നേതൃത്വം ഏതാണ്ട് ഒരേ ദിശയിലാണ് ചിന്തിക്കുന്നത്. എന്നാല്‍ മേയറുടെകാര്യത്തില്‍ തീരുമാനമാകാതെ മറ്റുകാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. കസേരകളിലേക്ക് ഒരുപാടുപേര്‍ തയ്യാറായിട്ടുള്ളതിനാല്‍ മേയര്‍, ഡെപ്യൂട്ടിമേയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ എല്ലാം വീതംവെപ്പിലേക്ക് എത്താനുള്ള സാധ്യതകളും നേതാക്കള്‍ തള്ളുന്നില്ല.

21-നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. 26-ന് മേയര്‍ തിരഞ്ഞെടുപ്പുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച സാഹചര്യത്തില്‍ ജനവിധിയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് വേഗത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കണമെന്ന ആവശ്യമാണ് അംഗങ്ങള്‍ക്കുള്ളത്. നേതാക്കള്‍ സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി തടസ്സവാദങ്ങള്‍ ഉന്നയിച്ചാല്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിക്കുന്നതിനും ചിലര്‍ ആലോചിക്കുന്നുണ്ട്.