കാക്കനാട്: 'പറക്കും തളിക' എന്ന സിനിമയിൽ പറന്നുനടക്കുന്ന വണ്ടിയോടിക്കാൻ ദിലീപും ഹരിശ്രീ അശോകനും നടത്തുന്ന അഭ്യാസങ്ങൾ കണ്ട് നമ്മൾ ഒരുപാട് ചിരിച്ചതാണ്. എന്നാൽ കൊച്ചിയിലെ റോഡിൽ കഴിഞ്ഞദിവസം കണ്ടത് സിനിമയെയും വെല്ലുന്ന ഒരു അസൽ 'ലൈവ്' പറക്കും തളിക അഭ്യാസമാണ്!

To advertise here,

ഒടിഞ്ഞുപോയ സൈഡ് മിറർ വലതുകൈപ്പത്തിയിൽ ഒതുക്കിപ്പിടിച്ച്, ജനലിലൂടെ പുറത്തേക്കിട്ട്, പുറകിലെ വണ്ടികൾ നോക്കി ബസോടിച്ച അഭ്യാസിയെ ഒടുവിൽ മോട്ടോർ വാഹന വകുപ്പ് 'തൂക്കി'. പാലാരിവട്ടത്ത് വെച്ച് അപകടകരമായ രീതിയിൽ വണ്ടിയോടിച്ച കാക്കനാട് - ഫോർട്ട്കൊച്ചി റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കാണ് പിടിവീണത്. കഴിഞ്ഞ ആഴ്ച പാലാരിവട്ടത്ത് മെട്രോ നിർമാണം നടക്കുന്ന സ്ഥലത്തുവെച്ച് റോഡിലെ ഇരുമ്പ് ബാരിക്കേഡിൽ തട്ടി ബസിന്റെ വലതുവശത്തെ സൈഡ് മിറർ തകർന്നിരുന്നു.

സാധാരണക്കാരായ ഡ്രൈവർമാരാണെങ്കിൽ വണ്ടി ഒതുക്കി നിർത്തി കണ്ണാടി ശരിയാക്കുകയോ മാറ്റിവെക്കുകയോ ചെയ്യും. എന്നാൽ നമ്മുടെ ഡ്രൈവർ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് ശരിയാക്കാൻ മെനക്കെടാതെ, ഒരു കയ്യിൽ സ്റ്റിയറിങ്ങും മറുകൈയിൽ ജനലിന് പുറത്തേക്ക് നീട്ടിപ്പിടിച്ച കണ്ണാടിക്കഷണവുമായി സർവീസ് നടത്തുകയായിരുന്നു.

'കണ്ണാടിക്കളി' മൊബൈലിൽ കുടുങ്ങി

ബസിന് തൊട്ടുപിന്നാലെ വന്ന കാർ യാത്രക്കാരാണ് ഈ അത്യപൂർവ 'കണ്ണാടി അഭ്യാസം' മൊബൈൽ ക്യാമറയിൽ പകർത്തിയത്. ദൃശ്യങ്ങൾ അവർ ഉടൻ തന്നെ എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യ്ക്ക് വാട്സാപ്പ് വഴി അയച്ചുകൊടുത്തു.

വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായതോടെ മോട്ടോർ വാഹന വകുപ്പ് അടിയന്തരമായി ഇടപെട്ടു. വാഹന നമ്പറും ഡ്രൈവറെയും തിരിച്ചറിഞ്ഞ അധികൃതർ ഇയാളെ ഉടൻ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 2,000 രൂപ പിഴ ഈടാക്കി. കൂടാതെ ഒരു ദിവസത്തെ നിർബന്ധിത ബോധവത്കരണ ക്ലാസിനും 'കണ്ണാടി വീരനെ' അധികൃതർ നിയോഗിച്ചു.