മലപ്പുറം: കാണാതായ പതിനാലുകാരിയെ കണ്ടെത്തി പോലീസ് കുടുംബശ്രീ സ്‌നേഹിതയിലെത്തിച്ച് രണ്ടു മണിക്കൂറിനകം വീണ്ടും കാണാതായി. തിങ്കളാഴ്ച വെളുപ്പിന് ഒന്നോടെയാണ് പെണ്‍കുട്ടിയെ പോലീസ് മലപ്പുറം 'സ്നേഹിത'യിലെത്തിച്ചത്. നാലു മണിയോടെ സ്‌നേഹിതയിലുണ്ടായിരുന്ന മറ്റ് രണ്ട് പെണ്‍കുട്ടികളോടൊപ്പം കാണാതാകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ സുരക്ഷിതരാണെന്നു കണ്ടെത്തി. പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ സേലം റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലും ഒരാള്‍ താമരശ്ശേരി പോലീസിന്റെ കസ്റ്റഡിയിലും ഉള്ളതായി മലപ്പുറം പോലീസ് അറിയിച്ചു.

To advertise here,

അക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള താത്കാലിക അഭയകേന്ദ്രമാണ് 'സ്‌നേഹിത'. മൂന്ന്, നാല് ദിവസത്തിനകം നിയമപരമായി മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് പതിവ്. നാലു ദിവസം മുന്‍പ് ഇവിടെയെത്തിയ ഒരു കുട്ടിയും കഴിഞ്ഞദിവസം എത്തിയ കുട്ടിയുമാണ് പതിനാലുകാരിക്കൊപ്പം പോയത്. കുട്ടികളെ കാണാതായതിനെക്കുറിച്ച് വിശദീകരണം തേടിയതായി കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അറിയിച്ചു.

നിലവില്‍ സ്നേഹിത പ്രവര്‍ത്തിക്കുന്ന കെട്ടിടം പഴകിയതാണെന്നും സുരക്ഷാപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൂക്കോട്ടൂരിലെ പുതിയ കെട്ടിടത്തിലേക്ക് സ്നേഹിതയുടെ പ്രവര്‍ത്തനം രണ്ടു ദിവസത്തിനകം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സ്നേഹിതയിലെത്തിച്ച കുട്ടിയുമായി സംസാരിച്ചപ്പോള്‍ മറ്റ് പ്രയാസങ്ങളൊന്നുമില്ലെന്നാണ് മനസ്സിലായതെന്നും ഇത്തരത്തില്‍ പോകുമെന്നതിന്റെ യാതൊരു സൂചനയും ലഭിച്ചില്ലെന്നും സ്‌നേഹിതയിലെ ജോലിക്കാര്‍ അറിയിച്ചതായി സ്നേഹിത കോഡിനേറ്റര്‍ പി. റൂബി രാജ് പറഞ്ഞു.

അക്രമത്തിന് ഇരയായവര്‍ക്ക് ഉടനടി സഹായം, അഭയം, പ്രചോദനം, കൗണ്‍സിലിങ്, നിയമസഹായം എന്നിവ നല്‍കുന്നതിനുള്ള കേന്ദ്രമാണ് സ്നേഹിത. അഭയസ്ഥാനം എന്ന നിലയ്ക്കാണ് കുട്ടിയെ പോലീസ് സ്നേഹിതയിലെത്തിച്ചത്. രണ്ട് കൗണ്‍സിലര്‍, അഞ്ച് സര്‍വീസ് പ്രൊവൈഡര്‍മാര്‍, രണ്ട് സെക്യൂരിറ്റി, ഒരു കെയര്‍ ടേക്കര്‍, ഒരു ഒ.എ. എന്നിങ്ങനെ 11 ജീവനക്കാരാണ് സ്‌നേഹിതയിലുള്ളത്. കെയര്‍ടേക്കര്‍, ഒ.എ. എന്നിവര്‍ക്ക് പകല്‍മാത്രമാണ് ജോലി. സുരക്ഷാ ഉദ്യോഗസ്ഥരോ സി.സി.ടി.വി. സൗകര്യങ്ങളോ സ്‌നേഹിത കേന്ദ്രത്തിനില്ലാത്തത് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാണ്.

ഈ വര്‍ഷമെത്തിയ കേസുകള്‍ 256

സ്‌നേഹിത സഹായകേന്ദ്രത്തിലേക്ക് ഈ വര്‍ഷം എത്തിയത് 256 കേസുകള്‍. ഇതില്‍ 29 പോക്‌സോ കേസുകള്‍. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഇവിടെ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല. കെട്ടിടത്തില്‍ സി.സി.ടി.വി. സൗകര്യങ്ങളുമില്ല. മൂന്ന്, നാല് ദിവസം മാത്രമാണ് പെണ്‍കുട്ടികളെ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നതെങ്കിലും ദിവസേന ഒരു കേസെങ്കിലും ഉണ്ടാകാറുണ്ട്. സ്ഥാപനങ്ങളില്‍ സുരക്ഷയ്ക്കായി വനിതാപോലീസോ മറ്റ് സൗകര്യങ്ങളോ ഇല്ല.