തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന താനും മന്ത്രിയായിരുന്ന പി.ജെ. ജോസഫും മന്ത്രിസഭയെ മറികടന്നാണ് കേരളത്തിൽ സ്വകാര്യ പ്രൊഫഷണൽ കോളേജുകൾക്ക് വഴിയൊരുക്കിയതെന്ന് അൽഫോൺസ് കണ്ണന്താനം. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ കണ്ണന്താനം ‘ദി വിന്നിങ് ഫോർമുല: 52 വേയ്‌സ് ടു ചേഞ്ച് യുവർ ലൈഫ്’ എന്ന പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.
33 സ്വാശ്രയ എൻജിനിയറിങ് കോളേജുകൾക്ക് എൻഒസി നൽകിയതാണ് തന്റെ സർവീസ് ജീവിതത്തിലെ ഏറ്റവും പുരോഗമനപരമായ കാര്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു. കേരളത്തിൽ ഒന്നും നടക്കില്ലെന്നുപറയുന്നവരോട്, ഇതൊക്കെ സാധിക്കുമെന്ന് പറയാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം ‘മാതൃഭൂമി’യോട് പറഞ്ഞു. .
2000-ത്തിൽ താൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കുമ്പോൾ രണ്ടുലക്ഷത്തിലേറെ വിദ്യാർഥികളാണ് പഠനത്തിനായി കേരളത്തിനുപുറത്തേക്ക് പോയിക്കൊണ്ടിരുന്നത്. കുട്ടികൾക്ക് ഇവിടെത്തന്നെ പഠിക്കാനുള്ള അവസരമുണ്ടാവണമെന്ന് താൻ പി.ജെ. ജോസഫിനോട് പറഞ്ഞു. തനിക്ക് പൂർണ സമ്മതമാണെന്നും എന്നാൽ, ഇടതുമുന്നണിയോ മന്ത്രിസഭയോ അനുവദിക്കില്ലെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം. വകുപ്പുസെക്രട്ടറി എന്നനിലയിൽ എൻഒസി താൻ കൊടുക്കാമെന്നും അതിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊള്ളാമെന്നും മന്ത്രിയോട് വാദിച്ചു. ജോസഫ് തടഞ്ഞില്ല.
എൻഒസിക്കായി അപേക്ഷിച്ചിരുന്ന 34 പേരെ കോവളം ഗസ്റ്റ് ഹൗസിൽ ഹിയറിങ്ങിന് വിളിപ്പിച്ചു. 33 പേർക്ക് നിരാക്ഷേപപത്രം നൽകി. ഇത് എൻഒസി മാത്രമാണെന്നും അന്തിമാനുമതിയുടെ സമയത്ത് മന്ത്രിസഭയിൽ അവതരിപ്പിച്ചാൽ മതിയെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി. അദ്ദേഹം ഫയലിൽ ഒപ്പിട്ടു. എങ്ങനെയോ ഇക്കാര്യം മുഖ്യമന്ത്രിയായിരുന്ന നായനാർ അറിഞ്ഞു. അദ്ദേഹം എൻഒസി റദ്ദാക്കാൻ തീരുമാനിച്ചു. തന്നെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു നിർദേശം.
സംസ്ഥാന താത്‌പര്യമനുസരിച്ചാണ് അൽഫോൺസ് പ്രവർത്തിച്ചതെന്നും അദ്ദേഹത്തെ തൊട്ടാൽ താൻ രാജിവെക്കുമെന്നും ജോസഫ് ഭീഷണിമുഴക്കി. തന്നെ സസ്പെൻഡ് ചെയ്തില്ല. എന്നാൽ, എൻഒസി റദ്ദാക്കാനുള്ള തീരുമാനം എഐസിടിഇയെ അറിയിക്കാൻ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതറിഞ്ഞ താൻ ഡൽഹിയിലെത്തി എഐസിടിഇ ചെയർമാനെക്കണ്ട് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടു. എഐസിടിഇ അനുമതി നൽകി. അങ്ങനെയാണ് ആദ്യ 13 കോളേജുകൾ തുറന്നത് -അദ്ദേഹം വ്യക്തമാക്കുന്നു.
Content Highlights: keralas private engineering colleges a controversial genesis revealed in new book
Published: 23 May 2025, 09:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented