തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഇവര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
നേരത്തെ പ്രഖ്യാപിച്ചതിനുസരിച്ച് ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ളവര്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈണ്‍ ക്ലാസുകള്‍ ആരംഭിക്കും. സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ മാത്രം ബിരുദം ( ഒന്നും രണ്ടും വര്‍ഷം ) ബിരുദാനന്തര ബിരുദം ( ആദ്യ വര്‍ഷം) ക്ലാസുകളും പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. നിലവില്‍ ഈ കാറ്റഗറിയില്‍ ഒരു ജില്ലയും ഉള്‍പ്പെട്ടിട്ടില്ല.
വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളില്‍ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസര്‍ ലഭ്യമാക്കണം.
ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് എല്ലാ വ്യാഴാഴ്ചകളിലും നല്‍കേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും. എ,ബി,സി കാറ്റഗറില്‍ ഉള്‍പ്പെടാത്ത ജില്ലകളില്‍ നിലവിലെ നിയന്ത്രണം മാത്രമാകും ഉണ്ടാകുക.
മൂന്നായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ
മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫര്‍ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയാകും. അവിടെ ഗുരുതര അവസ്ഥയില്‍ എത്തുന്നവരെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കുന്ന നില ഉണ്ടാകണം.
നേരത്തെ കോവിഡ് ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലന്‍സുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം.
പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പെട്ടവര്‍ക്ക് നല്‍കുന്ന ഏഴു ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.
സ്‌പെഷല്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ മാത്രം അടക്കും. കോവിഡിതര രോഗികളുടെ കാര്യത്തില്‍ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റില്‍ കോവിഡ് വാര്‍ റും പ്രവര്‍ത്തിക്കും.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ സ്‌കൂളില്‍ തന്നെ ഉണ്ടാകണം. അധ്യയനവര്‍ഷത്തിന്റെ അവസാനഘട്ടമായതിനാല്‍ ഇത് പ്രധാനമാണ്.
ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതല്‍ വാസകേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണ്. മരുന്നുകള്‍ക്കും ടെസ്റ്റിംഗ് കിറ്റുകള്‍ക്കും ദൗര്‍ലഭ്യം ഉണ്ടാവരുത് .
ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരെ നിയോഗിക്കാം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ അകലം പാലിച്ച് നടത്താം.
ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ രോഗം പകരാതിരിക്കാന്‍ കോവിഡ് മാനദണ്ഡമനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം. എന്നാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസ്സം നില്‍ക്കേണ്ടതില്ല.
ജില്ലകളില്‍ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി നിയന്ത്രണങ്ങള്‍ വരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കലക്ടര്‍മാര്‍ക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് 22 കോടി രൂപ ജില്ലകള്‍ക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
Published: 20 Jan 2022, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented