
പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത് ശങ്കരന്/ മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ (ജൂൺ 10 മുതൽ-14 വരെ) ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 11-ന് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 12-ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ പത്തിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 11-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദേശമുണ്ട്. ജൂൺ 12-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലും 13-ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 14-ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ദുരന്തസാധ്യത മേഖലകളിലുള്ളവർ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കുകയും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കുകയും വേണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടാവുന്നതാണ്.
അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അപകടാവസ്ഥയുണ്ടെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അറിയിപ്പുണ്ട്. ശക്തമായ മഴയുള്ളപ്പോൾ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ മാറ്റിവയ്ക്കണമെന്നും നിർദേശമുണ്ട്. റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മുന്നൊരുക്കങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 'ഓറഞ്ച് പുസ്തകം 2025'-ൽ ലഭ്യമാണ്. കാലാവസ്ഥാ മുന്നറിയിപ്പുകളിലെ മാറ്റങ്ങൾക്കനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകൾ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Content Highlights: Heavy rainfall predicted for Kerala from June 10 to June 14., Orange alerts issued for specific districts including Idukki, Ernakulam, and Thrissur., Yellow alerts active across multiple districts with warnings of 64.5mm to 115.5mm rainfall., Disaster Management Authority advises caution against landslides and flash floods., Emergency control room numbers 1077 and 1070 are active 24/7.
Published: 10 Jun 2026, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented