തിരുവനന്തപുരം: രജിസ്ട്രാർ ഡോ. ­കെ.എസ്. അനിൽകുമാറിന്റെ സസ്‌പെൻഷനിൽ കേരള സർവകലാശാലയിൽ പോര് കനക്കുന്നു. സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് നടപടി അം​ഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സി. സിസാ തോമസ്. രജിസ്ട്രാറായി അനിൽകുമാർ വീണ്ടും ചുമതലയേറ്റെടുത്തെങ്കിലും മറ്റൊരാൾക്ക് രജിസ്ട്രാറുടെ ചുമതല നൽകിയിരിക്കുകയാണ് സിസാ തോമസ്. മിനി കാപ്പനാണ് ചുമതല നൽകിയത്. 

To advertise here,

കൂടാതെ ജോയിൻറ് രജിസ്ട്രാർ പി.ഹരികുമാറിനെതിരേ കടുത്ത നടപടിയുമെടുത്തിട്ടുണ്ട്. പി. ഹരികുമാറിനെ വി.സി. ജോയിന്റ് രജിസ്ട്രാർ സ്ഥാനത്തുനിന്ന് നീക്കി. അഡ്മിനിസ്ട്രേഷൻ ജോയിന്റ് രജിസ്ട്രാർ സ്ഥാനത്തുനിന്ന് അക്കാദമിക് വിഭാഗത്തിലേക്കാണ് മാറ്റിയത്. വി.സി. യുടെ അനുമതിയില്ലാതെ  പി.ഹരികുമാർ സസ്പെൻഷനിലായിരുന്ന രജിസ്ട്രാർക്ക് ചാർജ് കൈമാറിയെന്ന് കാണിച്ചാണ് നടപടി. എന്നാൽ പി.ഹരികുമാർ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്.

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഞായറാഴ്ച വി.സി.യുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയത്. വി.സി. യോ​ഗത്തിൽ നിന്ന് പോയതിന് ശേഷമാണ് സിൻഡിക്കേറ്റ് ഈ തീരുമാനമെടുത്തത്. ഈ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ജോ.രജിസ്ട്രാര്‍ തുടര്‍ന്ന് പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന് വി.സി. പറഞ്ഞിരുന്നു. ജോ. രജിസ്ട്രാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. രാവിലെ ഒമ്പത് മണിക്ക് മുമ്പായി മറുപടി നൽകാനാണ് നിർദേശം നൽകിയത്. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്.  

ഇതിനിടെ വിസിക്കെതിരെ കടുത്ത പ്രതിഷേധങ്ങളുമായി എസ്എഫ്ഐ പ്രവർത്തകർ രം​ഗത്തെത്തി. വി.സി. മോഹനൻ കുന്നുമ്മേലിന്റെ ചിത്രം വെച്ചാണ് പ്രതിഷേധം. മോഹനൻ കുന്നുമ്മേൽ ആർഎസ്എസ് ​ഗണവേഷത്തിൽ നിൽക്കുന്ന ചിത്രമടങ്ങുന്ന ഫ്ളക്സ് ബോർഡ് സ്ഥാപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ എത്തുമെന്ന് അറിയിച്ചിട്ടുള്ള സിസാ തോമസിനെ തടയാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. യൂണിവേഴ്സിറ്റിയിൽ വൻ പോലീസ് വിന്യാസവുമുണ്ട്. വിസിയുടെ താത്കാലിക ചുമതല സിസ തോമസിനെ ഏൽപ്പിച്ചുകൊണ്ട് ഒരാഴ്ച അവധിയെടുത്ത് റഷ്യയിൽ പോയിരിക്കുകയാണ് മോഹനൻ കുന്നുമ്മേൽ. 

ഞായറാഴ്ച ചേർന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് അനിൽകുമാറിനെ സസ്പെൻഷൻ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. വിഷയത്തിൽ അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയമിച്ചതായും നടപടി ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞിരുന്നു. വി.സി.യുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയതായും അറിയിച്ചു. സിൻഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോ​ഗിച്ചാണ് നടപടി. ഡോ. ഷിജു ഖാന്‍, ജി. മുരളീധരന്‍, ഡോ. നസീബ് എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയും ചുമതലപ്പെടുത്തി.

എന്നാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ തീരുമാനം നിലനില്‍ക്കില്ലെന്നാണ് വി.സി.യുടെ ചുമതലയുള്ള സിസാ തോമസ് അറിയിച്ചത്‌. സസ്‌പെന്‍ഷന്‍ അജണ്ടയില്‍ ഇല്ലെന്നും താന്‍ പുറത്തിറങ്ങിയ ശേഷമാണ് അത്തരം തീരുമാനങ്ങള്‍ എടുത്തതെന്നും അവര്‍ പറഞ്ഞു. അതിന് നിയമസാധുതയില്ലെന്നും സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നുവെന്നും സിസാ തോമസ് പ്രതികരിച്ചിരുന്നു. 

ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടർന്നാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തിൽ പ്രവർത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. പ്രത്യേക സാഹചര്യങ്ങളിൽ വിസിയ്ക്ക്‌ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ­ഉപയോഗിച്ചാണ്‌  നേരത്തേ രജിസ്ട്രാറെ സസ്‌പെൻഡു ചെയ്തത്.