തിരുവനന്തപുരം: ഗവർണറുടെ പരിഗണനയിലിരിക്കുന്ന സർവകലാശാലാ ചട്ട ഭേദഗതി ബിൽ നിയമമായാൽ ഭാവിയിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് 'വാഴക്കുല ഗവേഷണങ്ങൾ' മാത്രം പ്രതീക്ഷിച്ചാൽ മതിയെന്ന് മുൻ ഡിജിപി ഡോ. ടി.പി. സെൻകുമാർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക, സർവകലാശാലകളെ വരുതിയിലാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, സർവകലാശാലകളുടെ സ്വതന്ത്ര പദവി നിലനിർത്തുക, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അമിതാധികാര ദുർവിനിയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ സർവകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങളും, സെനറ്റ് അംഗങ്ങളും സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ തീരുമാനിച്ച ബിൽ രാഷ്ട്രപതി തള്ളുകയും തമിഴ്നാട് കേസിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ചിൻ്റെ വിധിയെ തുടർന്ന് രാഷ്ട്രപതി സുപ്രീം കോടതിയോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരിക്കുന്ന സന്ദർഭത്തിലാണ് കേരള നിയമസഭ സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. ചാൻസലറുടെയും വൈസ് ചാൻസലറുടെയും അധികാരങ്ങൾ കവർന്നെടുത്ത് യഥാക്രമം ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രജിസ്ട്രാർക്കും നൽകുകയാണ്. ബിൽ നിയമമാകുന്നതിന് മുമ്പുതന്നെ കെ.ടി.യുവിൽ തൻ്റെ കീഴുദ്യോഗസ്ഥനെ അന്വേഷണത്തിനയച്ചതിലൂടെ മന്ത്രി ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചത്. പുതിയ നിയമ ഭേദഗതിയിലൂടെ സർവകലാശാലകളിൽ രാഷ്ട്രീയവൽക്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവാരമുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് പകരം രാഷ്ട്രീയ സർവകലാശാലകൾ രൂപപ്പെടുകയായിരിക്കും ഫലം. വിഷയത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും എതിർപ്പ് ഈ വിഷയത്തിൽ ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സർവകലാശാലകളെ പിടിച്ചെടുക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ബില്ലെന്ന് കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റംഗം എ.കെ. അനുരാജ് പറഞ്ഞു. കേരളം നേടിയ പുരോഗതികളെ പിന്നോട്ടടിക്കുന്നതാണ് പുതിയ സർവകലാശാലാ നിയമ ഭേദഗതി ബില്ലെന്ന് ഭാരതീയ വിചാര കേന്ദ്രം അക്കാദമിക് ഡയറക്ടർ ഡോ. കെ.എൻ. മധുസൂദനൻപിള്ള പറഞ്ഞു. എൻ.ഇ.പി. വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു ലക്ഷത്തോളം സീറ്റുകൾ ഒഴിവുള്ളപ്പോൾ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള നീക്കം കച്ചവട താല്പര്യം മുൻനിർത്തി മാത്രമുള്ളതാണ്. കെ.ടി.യുവിലെ നടപടി ടെസ്റ്റ് ഡോസാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: senkumar criticizes Kerala`s university amendment bill
Published: 23 May 2025, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented