കൊട്ടാരക്കര: തെരുവുനായ്ക്കളെ പാർപ്പിക്കാൻ സുരക്ഷിതമായ ഇടം തേടിയലഞ്ഞ മൃഗസ്നേഹികൾ അലഞ്ഞത് രണ്ടുദിനം. അഭയം ലഭിക്കുമെന്ന വാഗ്ദാനമറിഞ്ഞ് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഒരു ലോറിനിറയെ തെരുവുനായ്ക്കളുമായി മേലില കരിങ്ങന്നൂരിലെത്തിയ സംഘം നാട്ടുകാരുടെ എതിർപ്പിനെ തുടർന്നു മടങ്ങിയത് കഴിഞ്ഞദിവസം വാർത്തയായിരുന്നു.
കഥയിങ്ങനെ
എറണാകുളത്ത് ഹോസ്റ്റലും ഭക്ഷണവിതരണവും നടത്തുന്ന വീണാ ജനാർദനൻ, തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്നു. ബ്രഹ്മപുരത്ത് ഇരുനൂറോളം നായ്ക്കൾക്ക് വർഷങ്ങളായി ഭക്ഷണവും നൽകിവരുന്നു. നെട്ടൂരിൽ 30 സെന്റ് സ്ഥലത്ത് നായ്ക്കൾക്കായി ഇവർ താവളമൊരുക്കി. ഇവിടെ 30 നായ്ക്കുഞ്ഞുങ്ങളെ ആരോ ഉപേക്ഷിച്ചതോടെ എണ്ണം കൂടി. സ്ഥലമുടമ നെട്ടൂരെ ഭൂമി വിറ്റതോടെ, കുന്നത്തുനാട് 50 സെന്റ് സ്ഥലവും വീടും വാടകയ്ക്കെടുത്ത് അങ്ങോട്ടേക്കു മാറി. എന്നാലവിടെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നു. സംഘർഷമായി, ചിലർ നായ്ക്കളെ പടക്കമെറിഞ്ഞു. വീണയുടെ തലയ്ക്ക് അടിയേറ്റു, ഗുരുതരമായി പരിക്കേറ്റു. സംഭവം വിവാദമായതോടെ എറണാകുളത്തെങ്ങും സ്ഥലം ലഭിക്കാത്ത അവസ്ഥയായി.
നായ്ക്കൾക്ക് ഇടംനൽകാൻ തയ്യാറാണെന്ന് തൃപ്പൂണിത്തറയിലെ വീട്ടമ്മ അറിയിച്ചതോടെ അവിടേക്ക് മാറി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഉടമ വീടും സ്ഥലവും ഒഴിയാൻ ആവശ്യപ്പെട്ടു. അടുത്ത സ്ഥലത്തിനായുള്ള അന്വേഷണത്തിനിടെയാണ്, പത്തനംതിട്ടയിലെ മൃഗസ്നേഹികളായ ചിലർ കൊട്ടാരക്കര മേലിലയിൽ 20 ഏക്കർ സ്ഥലവും വീടും നായ്ക്കളുടെ താവളത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചത്. വ്യാഴാഴ്ച രാത്രി 70 നായ്ക്കളുമായി ലോറിയിൽ പുറപ്പെട്ടു. ടാർപോളിൻ കൊണ്ടു മൂടിയ ലോറിയിൽ നായ്ക്കളും വീണയും സഹായത്തിനായി മൂന്നുപേരും. മേലിലയിൽ നാട്ടുകാർ വാഹനം തടഞ്ഞപ്പോഴാണ് ജനവാസമേഖലയാണെന്നറിയുന്നത്.
ഷെൽട്ടറൊരുക്കാൻ സമ്മതമറിയിച്ച സ്ത്രീയുടെ വീട്ടിൽ കുറച്ചു നായ്ക്കളെ എത്തിച്ചു. പ്രദേശത്ത് നായ്ക്കളെ ഉപേക്ഷിക്കാനെത്തിയതാണെന്നാരോപിച്ച് അപ്പോഴേക്കും ബഹളമായി. മണിക്കൂറുകളോളം നായ്ക്കൾക്കൊപ്പം ടാർപോളിനുകീഴിൽ ലോറിയിൽ കഴിഞ്ഞു.
ദാഹിച്ച നായ്ക്കൾക്ക് ടാർപോളിനിൽ നിറഞ്ഞ മഴവെള്ളം പിന്നുകുത്തി ശേഖരിച്ചുനൽകി. നായ്ക്കളുടെ വിസർജ്യങ്ങൾക്കിടയിൽ മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാതെ നനഞ്ഞായിരുന്നു നാലുപേരുടെയും യാത്ര. മേലിലയിൽനിന്നു തിരിച്ച് പത്തനംതിട്ടയിലെത്തി. പോലീസ് സംരക്ഷണയിൽ കോന്നിയിലെ നായ സംരക്ഷകന്റെ സഹായത്താൽ നായ്ക്കൾക്ക് ആഹാരം നൽകി. നായ്ക്കളെ രണ്ടിടങ്ങളിലായി ഷെൽട്ടറിലാക്കാൻ തീരുമാനിച്ചു. പകുതി നായ്ക്കളുമായി വീണ കിളിമാനൂരിലേക്കും ബാക്കിയുള്ളവയുമായി മറ്റുള്ളവർ കോന്നി തണ്ണിത്തോടുള്ള ഷെൽട്ടറിലേക്കും പോയി. രണ്ടിടങ്ങളിലും നായ്ക്കളെ എത്തിച്ചുകഴിഞ്ഞപ്പോഴേക്കും പാതിരാത്രി പിന്നിട്ടു. കിളിമാനൂരിലെ ഷെൽട്ടറിൽ നായ്ക്കൾക്കൊപ്പമാണ് ഇപ്പോഴും വീണാ.
Content Highlights: Kerala's Stray Dog Rescue Saga
Published: 18 Jun 2025, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented