തിരുവനന്തപുരം: പ്രവേശനോത്സവവേദിയിൽ നിൽക്കുമ്പോൾ ഗൃഹാതുര ഓർമ്മകളാണ് മനസ്സിൽ വരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മഴ നനഞ്ഞ് സ്കൂളിൽ പോയിരുന്നകാലം ഓർമ്മയിലെത്തുന്നു. ഈ പ്രവേശനോത്സവ ദിവസം മഴ പെയ്തിലല്ലോയെന്ന സങ്കടമുണ്ടെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു.

To advertise here,

സ്കൂളിലും കോളേജിലുമായി പഠിച്ച 12 വർഷത്തിനിടയിൽ ഒരിക്കൽപോലും വീട്ടിൽനിന്ന് ആരുംതന്നെ അന്വേഷിച്ചു വിദ്യാലയത്തിൽ വന്നിട്ടില്ല. ചില കുസൃതികളൊക്കെ കാട്ടിയപ്പോൾ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താൻതന്നെ കൈകാര്യം ചെയ്യുകയായിരുന്നു -അദ്ദേഹം ഓർത്തു.

കരഞ്ഞുകൊണ്ട് കുട്ടികൾ സ്കൂളിലേക്ക് പോയിരുന്ന ആ കാലം മാറിയെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഒട്ടും സഭാ കമ്പമില്ലാതെ നിർഭയപൂർവം മുഖ്യമന്ത്രിയോട് സെൽഫി ചോദിക്കുന്ന ആത്മവിശ്വാസമുള്ള കുട്ടികളാണ് ഇന്ന് -അദ്ദേഹം പറഞ്ഞു.

'സംസ്ഥാനത്തെ വിദ്യാഭ്യാസ ഡെസ്റ്റിനേഷനാക്കും'

: സംസ്ഥാനത്തെ വിദ്യാഭ്യാസ ഡെസ്റ്റിനേഷനാക്കിമാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദേശരാജ്യങ്ങളിൽ പോകാതെ വീട്ടുകാർക്കൊപ്പം താമസിച്ച് ഉന്നതവിദ്യാഭ്യാസം നേടാനുള്ള സാഹചര്യം കേരളത്തിലൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിനായി ‘സെന്റേഴ്‌സ് ഓഫ് സയന്റിഫിക് ടെംപർ’ ആരംഭിക്കും. വിജ്ഞാനവിസ്ഫോടനത്തിന്റെ കാലഘട്ടത്തിൽ പുതിയ അറിവുകൾ നേടാനായി വിദ്യാർഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം.

കേരളത്തിലെ അമ്മമാർ വിദ്യാഭ്യാസപുരോഗതിക്ക് നൽകിയ സംഭാവന വളരെ വലുതാണ്. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം പുലർത്തണമെന്നും കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യയനവർഷത്തിലെ അക്കാദമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനംചെയ്തു.

മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായി. മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. എല്ലാവരും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയുമെടുത്തു.