കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ സംരംഭങ്ങളും ക്ഷേമ പദ്ധതികളും ആര്‍എസ്എസിനും ബിജെപിക്കും കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്താനുള്ള ഉപാധികളായി മാറുകയാണ്. സിപിഎം സ്ഥാനമുറപ്പിച്ച കൂടുംബശ്രീക്ക് സമാനമായി സഹകാര്‍ ഭാരതിയുടെ അക്ഷയശ്രീ സംസ്ഥാനത്ത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തന കേന്ദ്രമായി മാറുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ നിധി കമ്പനികളും ഇതിനു സമാനമായ പ്രവര്‍ത്തനങ്ങളിലേക്കാണ് നീങ്ങുന്നത്. 

To advertise here,

അതേസമയം, പദ്ധതികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്ന ആരോപണം സംസ്ഥാന ബിജെപി-ആര്‍എസ്എസ് നേതൃത്വം നിഷേധിച്ചു. ഇത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ യാതൊരു രാഷ്ട്രീയവുമില്ലെന്നും താഴേത്തട്ടിലുള്ള ജനങ്ങളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും ബിജെപി വ്യക്തമാക്കുന്നു. അക്ഷയശ്രീ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണിത്. സഹകാര്‍ ഭാരതിയുടെ വിവിധ  പ്രവര്‍ത്തനങ്ങളില്‍ ധാരാളം ബിജെപി പ്രവര്‍ത്തകര്‍ ഭാഗമാണ്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നല്ല ഇതിനര്‍ഥമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ സഹകാര്‍ ഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു സ്വതന്ത്ര സമിതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഇതില്‍ ആര്‍എസ്എസിന് നേരിട്ട് പങ്കില്ല. എന്നാല്‍ പദ്ധതിയെ പ്രോത്സാഹിപ്പിക്കുമെന്നും ഇതിന്റെ ഗുണഫലം ലഭിക്കാന്‍ ജനങ്ങളെ സഹായിക്കുമെന്നും ആഎസ്എസ് തൃശ്ശൂര്‍ പ്രാന്ത കാര്യവാഹ് പിഎന്‍ ഈശ്വരന്‍ പറഞ്ഞു. അക്ഷയശ്രീക്ക് രാഷ്ട്രീയമില്ലാത്തതിനാലാണ് വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ടവര്‍ ഭാഗമാകുന്നതെന്നും സ്വതന്ത്രമായാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും സഹകാര്‍ ഭാരതി കേരളയുടെ ജനറല്‍ സെക്രട്ടറി എസ്ബി ജയരാജ് പറഞ്ഞു. 

കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ഇത്തരം സംരംഭങ്ങള്‍ നടപ്പാക്കിയത്. സംസ്ഥാന ബിജെപി നേതൃത്വം ഇതില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നോ ഇത്തരം ഉദ്യമങ്ങളെയും അതിന്റെ ഉദ്യേശ്യങ്ങളെയും കുറിച്ച് അവര്‍ക്ക് അറിവുണ്ടെന്നോ താന്‍ കരുതുന്നില്ലെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാന്‍ ഡി ധനുരാജ് പറഞ്ഞു. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വത്തിന് കേരളത്തില്‍ വ്യത്യസ്ത സമീപനമാണുള്ളത്. പാര്‍ട്ടിയുടെ ദേശീയ അജണ്ട കേരളത്തില്‍ പ്രാവര്‍ത്തികമാകില്ലെന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മികച്ച സഹകരണ മുന്നേറ്റങ്ങളുടെ ചരിത്രമാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് ഇത്തരം പുതിയ സംരംഭങ്ങള്‍ ഇവിടെ നടപ്പാക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ നേട്ടം പെട്ടെന്നുണ്ടായ ഒന്നല്ല. വര്‍ഷങ്ങളോളം നീണ്ട കഠിന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് അവിടങ്ങളില്‍ ബിജെപി മികച്ച അടിത്തറയുണ്ടാക്കിയതെന്നും ധനുരാജ് ചൂണ്ടിക്കാണിച്ചു. ബിജെപിക്ക് കേരളത്തില്‍ സാധ്യതകളുണ്ട്. എന്നാല്‍ ചില കാരണങ്ങളാല്‍ ഇതു ഫലംകണ്ടില്ല. കേന്ദ്രം കൊണ്ടുവരുന്ന പുതിയ പദ്ധതികള്‍  സംസ്ഥാനത്ത് ബിജെപിക്ക് സഹായകരമാകും. കേരളത്തില്‍ വലിയ രാഷ്ട്രീയ മുന്നേറ്റം ബിജെപിക്ക് സാധ്യമാകുമെന്നും ധനുരാജ് വ്യക്തമാക്കി. 

അതേസമയം, കുടുംബശ്രീ മോഡലിന് സമാനമായ പദ്ധതി ദീര്‍ഘകാലടിസ്ഥാനത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും സഹായകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 

അക്ഷയശ്രീ ശൃംഖലകള്‍ കേരളത്തില്‍ കൂടുതല്‍ വളരുമെന്നും സംഘപരിവാര്‍ ശക്തികള്‍ക്ക് ആവശ്യമായ രാഷ്ട്രീയ നേട്ടവും മുന്നേറ്റവും ഇതിലൂടെ ലഭിക്കുമെന്നും രാഷ്ട്രീയ നീരീക്ഷകന്‍ അഡ്വക്കേറ്റ് എ. ജയശങ്കര്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നോ 15 സീറ്റ് നേടുമെന്നോ എന്നല്ല ഇതിനര്‍ഥം. കേരളത്തിലുടനീളം ബിജെപി അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. ആര്‍എസ്എസിന്റെ കേഡർ ശൈലിയും ഫലപ്രദമായ പ്രവര്‍ത്തന സംവിധാനങ്ങളും ഇത്തരം പദ്ധതികളുടെ ആസൂത്രണത്തിനും നടത്തിപ്പിനും അനുയോജ്യമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിനെക്കാള്‍ ആര്‍എസ്എസിന് മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇത്തരം നടപടികള്‍ ക്രിയാത്മകമായി നടപ്പിലാക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനമോ നേതാക്കളോ പ്രത്യയശാസ്ത്രമോ കോണ്‍ഗ്രസിന് ഇല്ല. ജനശ്രീ ഒരു ഫലവും നല്‍കാത്തതിന്റെ പ്രധാന കാരണം ഇതാണെന്നും ജയശങ്കര്‍ പറഞ്ഞു.

content highlights: Kerala RSS, BJP leaders deny politics behind Akshayashree