തിരുവനന്തപുരം: പതിമൂന്നാം നമ്പർ അത്ര മോശം നമ്പറാണോ. ആണെന്നും അല്ലെന്നുമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സാമാചികരും മന്ത്രിമാരും പറയുന്നത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ അധികാരമേറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കെല്ലാം നമ്പർ ആയെങ്കിലും 13-ാം നമ്പർ കാർ ആരുമെടുത്തിട്ടില്ല. ആരും ഈ നമ്പർ ആവശ്യപ്പെടാത്തത് കൊണ്ട് 13-ാം നമ്പർ കാറുമില്ല.

To advertise here,

മുൻപും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പതിമൂന്നാം നമ്പർ കാർ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് പതിമൂന്നാം നമ്പർ കാറാണ് ഉപയോഗിച്ചിരുന്നത്.

ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക്കും ഈ നമ്പർ കാർ ഉപയോഗിച്ചിരുന്നു. എന്നാൽ 2011-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പർ കാർ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് 2006-ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിയായിരുന്നു ഈ കാർ ഏറ്റെടുത്തത്.

സമാന സാഹചര്യമാണ് പതിമൂന്നാം നമ്പർ എംഎൽഎ ഹോസ്റ്റൽ മുറിക്കും. തിരുവനന്തപുരം നിള ബ്ലോക്കിലെ പതിമൂന്നാം നമ്പർ മുറിയിൽ താമസിക്കുന്ന എംഎൽഎമാർ പിന്നീട് ജയിച്ച് വരില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരും ഈ മുറി തിരഞ്ഞെടുത്തിരുന്നുമില്ല. എന്നാൽ എന്നാൽ കഴിഞ്ഞ 10 വർഷക്കാലമായി 13 ാം നമ്പർ മുറിയിൽ എല്ലാ അന്ധവിശ്വാസങ്ങളെയും തള്ളിക്കളഞ്ഞു താമസിക്കുകയാണ് പാറശ്ശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ.

സീനിയർ എംഎൽഎ നിലയ്ക്ക് കുറച്ചുകൂടി നല്ല മുറിക്ക് അർഹതയുണ്ടായിരുന്നുവെങ്കിലും ഇത് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു സി.കെ ഹരീന്ദ്രൻ. ഇത്തവണയും ഇതേ മുറി ചോദിച്ചിട്ടുണ്ടെന്നും അവിടെ തന്നെയായിരിക്കും താമസിക്കുകയെന്നും സി.കെ ഹരീന്ദ്രനുമായി ബന്ധപ്പെട്ടവർ പറയുന്നുണ്ട്.