ഗുണപരമായ ആധുനിക വിദ്യാഭ്യാസത്തിലൂടെ ലോകോത്തരനിലവാരത്തിലെത്തിൽ മത്സരിക്കാൻ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ, മലപ്പുറം പ്രസ്‌ക്ലബ്ബിൽ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

To advertise here,

പ്ലസ് വൺ സീറ്റ് പ്രതിസന്ധി എങ്ങനെ പരിഹരിക്കും? കൂടുതൽ കുട്ടികളെ ഒരു ക്ലാസിൽ പഠിപ്പിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കില്ലേ?

: പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ട് എന്നത് യാഥാർഥ്യമാണ്. അതിൽ ഏറ്റവുംകുറവ് മലപ്പുറത്താണ്. പാലക്കാട്, വയനാട് എന്നിവിടങ്ങളിലും ചില തെക്കൻ ജില്ലകളിലും സീറ്റ് പ്രശ്നമുണ്ട്. അനുവദിച്ചിട്ടുള്ള 340 അഡീഷണൽ ബാച്ചുകളിലുൾപ്പെടെ മാർജിനൽ ഇൻക്രീസുമുണ്ടാക്കി സാധാരണ അലോട്മെന്റിന്റെകൂടെ പ്രവേശനം നടത്തും. ഇപ്പോൾ 65 കുട്ടികൾ പഠിക്കുന്ന ക്ലാസുകളുണ്ട്. അത് 50 ആയി കുറയ്ക്കും. അതുതന്നെ കൂടുതലാണ്. 40 കുട്ടികളെയാണ് വിദ്യാഭ്യാസവിദഗ്ധർ നിർദേശിക്കുന്നത്.

പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായോ? പാഠപുസ്തകത്തിൽ എ.ഐ. സാധ്യതകൾ പഠിപ്പിക്കുമോ?

: അച്ചടി പുരോഗമിക്കുകയാണ്. അച്ചടിയും വിതരണവും 30-നകം പൂർത്തിയാകും. പണം നൽകാത്തതിനാൽ തമിഴ്നാട്ടിലെ കമ്പനിയിൽനിന്ന് കവറിങ് മെറ്റീരിയൽ കിട്ടിയിരുന്നില്ല. അതു പരിഹരിച്ചിട്ടുണ്ട്. എ.ഐ. സാധ്യതകൾ പഠിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടത്തിയിട്ടുണ്ട്. ഐ.ടി. അറ്റ് സ്‌കൂളിൽ ഇപ്പോൾ ചെറിയരീതിയിൽ എ.ഐ. പഠിപ്പിക്കുന്നുണ്ട്. പാഠപുസ്തകപരിഷ്‌കരണത്തിൽ അത് പരിഗണിക്കും.

8, 9, 10 ക്ലാസുകളിലെ അർധവാർഷികപരീക്ഷയിൽ 70 മുതൽ 80 ശതമാനം വരെയാണ് വിജയശതമാനം. എസ്.എസ്.എൽ.സി.യിൽ ഇത് 99 ശതമാനമാകുന്നു. ഈ രീതിയിൽ ജയിപ്പിക്കുന്നത് വിദ്യാഭ്യാസനിലവാരത്തെ ബാധിക്കില്ലേ?

: അതൊരു ആരോപണമാണ്. പരിശോധിച്ചുമാത്രമേ മറുപടി പറയാനാകുകയുള്ളൂ. അങ്ങനെയുണ്ടെങ്കിൽ അത് ശരിയായ കാര്യമല്ല.

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമോ?

: എൽ.ഡി.എഫ്. സർക്കാർ ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ചില ശുപാർശകൾ നടപ്പാക്കിയിട്ടുണ്ട്. ഏകീകരണവുമായി ബന്ധപ്പെട്ടാണത്. റിപ്പോർട്ടിലെ എല്ലാ നിർദേശങ്ങളും പ്രായോഗികമോ ഗുണപരമോ ആണെന്ന വിശ്വാസമില്ല. കൂടുതൽ ചർച്ചകൾക്കുശേഷമേ ഇക്കാര്യത്തിൽ മറുപടി പറയാനാകൂ.

കൂടുതൽ ഹൈസ്‌കൂളുകളിൽ ഇത്തവണ പ്ലസ്ടു അനുവദിക്കുമോ?

: അത് പരിശോധിക്കണം. സാമ്പത്തികബാധ്യത കണക്കിലെടുക്കേണ്ടതുണ്ട്. ഇപ്പോൾ എസ്.എസ്.എൽ.സി. ജയിക്കുന്നവർക്ക് ജില്ലയിൽ ഏതെങ്കിലും സ്‌കൂളിലാണ് പ്ലസ്വൺ സീറ്റ് കിട്ടുന്നത്. അതിനുപകരം അവരവരുടെ വിദ്യാഭ്യാസജില്ലയിൽത്തന്നെ സീറ്റ് ഉറപ്പാക്കുംവിധം ക്രമീകരണങ്ങൾക്കുള്ള ആലോചനയുണ്ട്.

പ്ലസ് വൺ പ്രവേശനത്തിൽ കമ്യൂണിറ്റി ക്വാട്ട പ്രവേശനം അട്ടിമറിക്കുന്നത് ഇല്ലാതാക്കുമോ?

: മുൻവർഷങ്ങളിലുണ്ടായ വലിയ ആക്ഷേപങ്ങളിൽ ഒന്നായിരുന്നു അത്. മെറിറ്റിലുള്ളവരെ ഉൾപ്പെടുത്തി കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നൽകുന്നത് തെറ്റായ കാര്യമാണ്. അതില്ലാതാക്കും.

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിനും അധ്യാപകരുടെ സ്ഥലംമാറ്റത്തിനുമുള്ള നടപടികൾ തുടങ്ങിയിട്ടുപോലുമില്ലല്ലോ?

: അതിനുള്ള നടപടികൾ നേരത്തേതന്നെ തുടങ്ങേണ്ടതായിരുന്നു. അതുണ്ടായില്ല. ഞങ്ങൾ ചുമതല ഏറ്റെടുത്തിട്ടല്ലേയുള്ളൂ. കാര്യങ്ങൾ പഠിച്ച് ഏറ്റവുംവേഗം ഉചിതമായ നടപടികൾ സ്വീകരിക്കും.

ക്ലാസുകളിൽ അധ്യാപകരുടെ മൊബൈൽഫോൺ ഉപയോഗം നിയന്ത്രിക്കുമോ?

: ഇപ്പോൾത്തന്നെ മൊബൈൽഫോൺ ഉപയോഗിക്കരുതെന്ന നിയമമുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കാം.

ഗുണപരമായ ആധുനിക വിദ്യാഭ്യാസത്തിലൂടെ ലോകോത്തരനിലവാരത്തിൽ മത്സരിക്കാൻ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദി മിനിസ്റ്റർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

സ്‌കൂൾ തുറക്കുന്നതിനുമുൻപ് പാഠപുസ്തകങ്ങളെത്തും

മലപ്പുറം: സ്‌കൂൾ തുറക്കുന്നതിന് മുൻപുതന്നെ ജില്ലയിലെ എല്ലാം സ്‌കൂളുകളിലും പാഠപുസ്തകങ്ങളെത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ. മലപ്പുറം ബുക്ക് ഡിപ്പോയും ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ ഇനി വളരെ കുറച്ചുപുസ്തകങ്ങൾ മാത്രമാണ് എത്താനുള്ളത്. ഇവയുടെ അച്ചടി 80 ശതമാനത്തിലധികം പൂർത്തിയായാതാണ്. 30-ന് മുൻപ് ആവശ്യമായ മുഴുവൻ പുസ്തകങ്ങളെത്തുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിറ്റ്‌നസ് പരിശോധനകൾക്കും പ്രവേശനോത്സവത്തിനുമുള്ള കൃത്യമായ മാർഗനിർദേശം സ്‌കൂളുകൾക്ക് നൽകിയിട്ടുണ്ട്.

വാൽപ്പാറയിലുണ്ടാ വാഹനദുരന്തത്തിൽ ജീവൻ നഷ്ടമായ അധ്യാപകർക്ക് പകരം പാങ്ങ് സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഇവിടുത്തെ വിദ്യാർഥികളുടെയും സഹ അധ്യാപകരുടെയും മാനസികപ്രയാസങ്ങൾ പരിഹരിക്കാനായി മഞ്ഞളാംകുഴി അലി എം.എൽ.എ.യുമായി ആലോചിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കൗൺസിലിങ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുസ്തകവിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ ബുക്ക് ഡിപ്പോയിലെ ജീവനക്കാർക്ക് മന്ത്രി നിർദേശംനൽകി. റീജണൽ ഓഫീസിനാവശ്യമായ അറ്റകുറ്റപ്പണികളും മറ്റും ഉടൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.