
തൃശ്ശൂര്‍: വ്യവസായസൗഹൃദനാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ വ്യവസായസംരംഭം തുടങ്ങാനായി 69 പേര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏഴേമുക്കാല്‍ വര്‍ഷം. 2016 ഫെബ്രുവരി 26-ന് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി, 69 സംരംഭകര്‍ക്ക് ഇടം അനുവദിച്ച തൃശ്ശൂര്‍ പുഴയ്ക്കലിലെ വ്യവസായ പാര്‍ക്കിലാണ് ഈ ദുര്‍ഗതി. ഇവിടെ രണ്ടാം സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ തിങ്കളാഴ്ച നടന്നിട്ടും ആദ്യസമുച്ചയത്തില്‍ ഒരാള്‍ക്കുപോലും പ്രവര്‍ത്തനാനുമതി നല്‍കിയില്ല. വ്യവസായവകുപ്പിന്റേതാണ് രണ്ടു സമുച്ചയങ്ങളും.
അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ കൊണ്ടുവന്ന കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ നശിക്കുകയും രണ്ടു സംരംഭകര്‍ കടംകയറി മരിക്കുകയും ചെയ്തു. 2016 ഫെബ്രുവരി 26-ന് അന്ന് വ്യവസായമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഒന്നാം സമുച്ചയം ഉദ്ഘാടനം ചെയ്തത്. 69 സംരംഭകര്‍ക്ക് വ്യവസായം തുടങ്ങുന്നതിനുള്ള സമ്മതിപത്രം ചടങ്ങില്‍ തേറന്പില്‍ രാമകൃഷ്ണന്‍ വിതരണം ചെയ്തു. ഉടന്‍ സ്ഥലം അനുവദിക്കുമെന്ന് വ്യവസായവകുപ്പ് അറിയിച്ചു. അപേക്ഷ നല്‍കിയ 69 സംരംഭകരെയും പരിഗണിച്ചതായും ഉടന്‍ സ്ഥലം അനുവദിക്കുമെന്നും ജില്ലാ വ്യവസായകേന്ദ്രവും അറിയിച്ചു. ക്വട്ടേഷനും ബില്ലും ഹാജരാകാനാവശ്യപ്പെട്ട് ജില്ലാ വ്യവസായകേന്ദ്രത്തില്‍നിന്ന് 2016 ഒക്ടോബര്‍ 24-നും പിന്നീട് 2017 ഡിസംബര്‍ 22-നും കത്തുകള്‍ കിട്ടി.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും വ്യവസായസമുച്ചയത്തില്‍ അലോട്ടുമെന്റ് ലഭിച്ചില്ല. കെട്ടിടം നിര്‍മിച്ച സ്ഥാപനവുമായി തര്‍ക്കമുണ്ടെന്നും ഉടന്‍ പരിഹരിച്ച് അലോട്ടുമെന്റ് അനുവദിക്കുമെന്നുമായിരുന്നു അറിയിപ്പ് .
19.5 കോടിയില്‍ ഒരു ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിച്ച ആദ്യസമുച്ചയത്തില്‍ ഒരു സംരംഭകനുപോലും സ്ഥലം നല്‍കാതെ നീട്ടിക്കൊണ്ടുപോകുമ്പോഴാണ് 23.33 കോടിയില്‍ 1,29,000 ചതുരശ്രയടിയില്‍ രണ്ടാം സമുച്ചയം ഈയിടെ ഉദ്ഘാടനം ചെയ്തത്. രണ്ടാം സമുച്ചയത്തിലും സ്ഥലം അനുവദിക്കാനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ല .
തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് 11.4 ഏക്കറില്‍ 42.83 കോടിയില്‍ നിര്‍മിച്ച 2,29,000 ചതുരശ്രയടി ബഹുനില പാര്‍ക്ക് അഞ്ചുഘട്ടമായി വികസിപ്പിച്ച് 500 കോടിയുടെ നിക്ഷേപവും 5,000 പേര്‍ക്ക് തൊഴിലുമാണ് വിഭാവന ചെയ്തിരുന്നത്.
ഒരു ലക്ഷം ചതുരശ്രയടിയില്‍ സിഡ്‌കോ നിര്‍മിച്ച ഒന്നാം സമുച്ചയവും 1.29 ലക്ഷം ചതുരശ്രയടിയില്‍ കിറ്റ്കോ നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ടാം വ്യവസായസമുച്ചയവും വ്യവസായവകുപ്പ് ഇനിയും ഏറ്റെടുത്തില്ല. ഇതാണ് സമുച്ചയത്തില്‍ സ്ഥലം അനുവദിക്കുന്നിതിന് തടസ്സമായിട്ടുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. അപേക്ഷ നല്‍കിയ സംരംഭകരുടെ കൂട്ടായ്മയായ പുഴയ്ക്കല്‍ മള്‍ട്ടി കോംപ്ലക്‌സ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷനാണ് ഇതുവരെ കാവല്‍ക്കാരനെ നിയോഗിച്ചതും മുടങ്ങാതെ ശമ്പളം നല്‍കുന്നതും.
Content Highlights: kerala model- 69 peopled waiting 8 years to start the venture
Published: 20 Oct 2023, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented