കൊല്ലം: പാചകവാതക ക്ഷാമം മുതലെടുത്ത് കരിഞ്ചന്തയിൽ ഗ്യാസ് സിലിൻഡർ വിൽപ്പന കൊഴുക്കുന്നു. അനധികൃതമായി ഗ്യാസ് നിറയ്ക്കുകയും വിൽക്കുകയും ചെയ്യുന്ന ഇടങ്ങളിൽ സപ്ലൈ ഓഫീസർമാരും എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരും ചേർന്ന് റെയ്‌ഡ് നടത്തുന്നുണ്ട്.

To advertise here,

സംസ്ഥാനത്ത് 3000-ത്തോളം സിലിൻഡറുകൾ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്ന് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസറും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറുമായ ജി.എസ്. ഗോപകുമാർ പറഞ്ഞു. ഇതിൽ തെക്കൻമേഖലയിൽനിന്നായി 1000 സിലിൻഡറുകളാണ് പിടിച്ചെടുത്തത്.

തട്ടിപ്പ് ഇങ്ങനെ

വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിൻഡറുകളിലാണ് അനധികൃതമായി പാചകവാതകം നിറച്ച് വിൽക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള സിലിൻഡറുകൾക്ക് ഓരോ ഏജൻസിക്കും നിശ്ചിത പ്രദേശമുള്ളതുപോലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിൻഡറുകൾ ഏത് പ്രദേശത്തേക്കും വിൽക്കാം എന്ന സൗകര്യമുണ്ട്.

നാല് സിലിൻഡറുകൾ ബുക്ക് ചെയ്യുന്ന ഒരാൾക്ക് ഒരെണ്ണം കൊടുത്ത് ബാക്കി മൂന്നിലെ ഗ്യാസ് കാലി സിലിൻഡറിലേക്ക് മാറ്റിയാണ് ഒരു തട്ടിപ്പ്. 19 കിലോയ്ക്ക് പകരം 15-ഉം 14-ഉം കിലോയൊക്കെ നിറച്ചാണ് വിൽക്കുന്നത്. ഗാർഹികാവശ്യത്തിനുള്ള സിലിൻഡർ ചിലർ രണ്ടും രണ്ടരയും മാസം ഒക്കെ ഉപയോഗിക്കും. അവരെക്കൊണ്ട് ഇടയ്ക്ക് ബുക്ക് ചെയ്യിപ്പിച്ച് ആ സിലിൻഡറിൽനിന്ന്‌ ഗ്യാസ് വാണിജ്യ സിലിൻഡറിലേക്ക് മാറ്റി നിറച്ചും തട്ടിപ്പു നടത്തുന്നുണ്ട്.

ഗ്യാസ് ഏജൻസിയിലെ സെയിൽസ്‍മാൻമാരും ഡ്രൈവർമാരും ഒത്താണ് ചിലയിടങ്ങളിൽ തട്ടിപ്പുനടത്തുന്നത്. സ്വകാര്യ ഗ്യാസ് ഏജൻസികളുടെ മറവിലും ചിലയിടങ്ങളിൽ തട്ടിപ്പുനടക്കുന്നു.