തിരുവനന്തപുരം: കടുത്ത വേനലിൽ ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് കെ.എസ്.ഇ.ബി.ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിന്റെ നിർദേശം. വൈദ്യുതി ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നതിനാൽ രാത്രിയിൽ വൈദ്യുതിവിതരണം മുടങ്ങുന്ന സാഹചര്യത്തിലാണിത്.
വരുംവർഷങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം വലിയതോതിൽ ഇനിയും കൂടും. ഇക്കാര്യങ്ങൾ മുന്നിൽക്കണ്ട് വൈദ്യുതിമേഖലയിൽ ആസൂത്രണം നടത്തണമെന്ന് യോഗം നിർദേശിച്ചു.
സംസ്ഥാനത്തെ ഉഷ്ണതരംഗ സമാനമായ സാഹചര്യം നേരിടുന്നതിനെക്കുറിച്ച് ചർച്ചചെയ്യാനാണ് യോഗം ചേർന്നത്. ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നതിനാൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കാനും തിരഞ്ഞെടുത്ത ആശുപത്രികളിൽ സ്ഥിരം ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കാൻ ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടു. മുഴുവൻ അങ്കണവാടികളും താപപ്രതിരോധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചൂട് ബാധിക്കാത്ത കെട്ടിടങ്ങളാക്കിമാറ്റും.
പൊതുയിടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒ.ആർ.എസ്., സൂര്യതാപ പ്രഥമശുശ്രൂഷാ സൗകര്യം എന്നിവ ഒരുക്കും. താത്കാലിക തണൽപ്പന്തലുകൾ സ്ഥാപിക്കണം. സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്‌നലിന്റെ സമയ ദൈർഘ്യം കുറയ്ക്കുന്നതു സംബന്ധിച്ച് കളക്ടർമാർ ആവശ്യമായ നടപടിയെടുക്കണം. പൊതുപരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയവയ്ക്ക് കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും. വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും ഓട്ടോ-ടാക്‌സി സ്റ്റാൻഡുകളിലും തണ്ണീർപ്പന്തലുകൾ സ്ഥാപിക്കും. കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ജലഅതോറിറ്റിക്കും നിർദേശം നൽകി. ചൂട് നേരിടുന്നതിന് പഞ്ചായത്തുതലത്തിലും കർമപദ്ധതിക്കു രൂപംനൽകും.
യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, വി.എൻ. വാസവൻ, എം.ബി. രാജേഷ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: KSEB instructed to ensure uninterrupted power supply during peak summer demand., Establishment of permanent Heat and Burn clinics in hospitals.
Published: 26 Apr 2026, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented