
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിലുള്ള ശീതസമരം രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഐ. ഗവർണർക്കെതിരേ രാഷ്ട്രപതിക്ക് സിപിഐ രാജ്യസഭാനേതാവ് പി. സന്തോഷ് കുമാർ പരാതിനൽകി. എന്നാൽ, പ്രത്യക്ഷ ഏറ്റമുട്ടലിന് തത്കാലം സർക്കാർ മുതിരില്ല.
കഴിഞ്ഞദിവസത്തെ പരിപാടി മന്ത്രി പി. പ്രസാദ് ബഹിഷ്‌കരിച്ചതും അതിനെ പിന്തുണച്ച് എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചതും ഗവർണറുടെ നടപടിയോടുള്ള സർക്കാരിന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു. അതിനപ്പുറം വിഷയം വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ. മുഖ്യമന്ത്രി പ്രതികരിക്കാത്തതും അതുകൊണ്ടാണ്.
എന്നാൽ, രാജ്ഭവനിലെ എല്ലാപരിപാടികളിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ ഉൾപ്പെടുത്താനാണ് ഗവർണറുടെ തീരുമാനം. മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര ആർലേക്കർ വന്നതോടെ ‘നല്ലബന്ധം’ കാത്തുസൂക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ് സർക്കാരിപ്പോൾ. കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണച്ചടങ്ങ് രാജ്ഭവനിൽ നടത്താൻ തീരുമാനിച്ചതുതന്നെ ഗവർണറുമായുള്ള നല്ലബന്ധം തുടരാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായിരുന്നു.
കൃഷിമന്ത്രിയുടെ ബഹിഷ്‌കരണം സർക്കാർ നിലപാടാണ്. അതിനപ്പുറത്തേക്ക് ഈ പ്രശ്നത്തെ വളർത്താൻ സർക്കാർ ആലോചിക്കുന്നില്ല. അതിനാൽ, മന്ത്രിയുടെ ബഹിഷ്‌കരണത്തെത്തുടർന്ന് ഒരു കുറിപ്പും സർക്കാരിന്റേതായി രാജ്ഭവന് നൽകിയിട്ടില്ല.
എന്നാൽ, ഗവർണർ ഇതേ നിലപാട് ഇനിയും ആവർത്തിക്കുമെന്നാണ് സർക്കാരും കരുതുന്നത്. അതിനാൽ, രാജ്ഭവനിൽ സർക്കാർ പരിപാടി ഒഴിവാക്കാനുള്ള ജാഗ്രത സർക്കാരിനുണ്ടാകും. അടുത്തയാഴ്ച മൂന്നുപരിപാടികളാണ് രാജ്ഭവനിലുള്ളത്. ഇവ സർക്കാർ പരിപാടികളല്ല. ഈ മൂന്നിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ നിലനിർത്താനാണ് രാജ്ഭവന്റെ തീരുമാനം.
മന്ത്രി പ്രസാദിന്റെ ബഹിഷ്‌കരണം രാഷ്ട്രീയമായി സിപിഐക്ക് ഗുണംചെയ്തുവെന്നാണ് അവരുടെ വിലയിരുത്തൽ. അതിനാൽ, ഇത് ചർച്ചയാക്കി നിലനിർത്താനും പ്രചാരണം നടത്താനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് പരാതിനൽകിയത്. എന്നാൽ, അത്തരമൊരു പ്രചാരണരീതി സിപിഎം ഏറ്റെടുത്തിട്ടില്ല.
ദേശീയപതാക ഉയർത്തി സിപിഐ പ്രതിഷേധം
ഭാരതമാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ശനിയാഴ്ച ദേശീയപതാക ഉയർത്താൻ സിപിഐ തീരുമാനിച്ചു. ദേശീയപതാക ഉയർത്തി വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആഹ്വാനം.
Content Highlights: CPI protests Kerala Governor`s use of Bharat Mata image with saffron flag at Raj Bhavan events
Published: 07 Jun 2025, 07:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented