കൊച്ചി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ സ്വാധീനത്തിൽ കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിഞ്ഞു. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2025-ൽ സംസ്ഥാനത്തിന്റെ കയറ്റുമതി വരുമാനം 45,753.43 കോടി രൂപയാണ്. മുൻവർഷത്തെ 69,051.69 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 33.74 ശതമാനം ഇടിവ്.
രാജ്യത്തിന്റെ കയറ്റുമതിവരുമാനത്തിൽ 1.21 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. കൂടാതെ, രാജ്യത്ത് കയറ്റുമതിവരുമാനത്തിന്റെ കണക്കിൽ 15-ാം സ്ഥാനത്താണ് കേരളമുള്ളത്. 9,70,560.55 കോടി രൂപയുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 6,06,382.29 കോടി രൂപയാണ് കയറ്റുമതി വരുമാനം. അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട് (5,16,611.84 കോടി രൂപ), കർണാടക (3,06,117.67 കോടി രൂപ) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഉത്തർപ്രദേശത്താണ് അഞ്ചാം സ്ഥാനത്ത് (2,01,449.73 കോടി രൂപ).
2026-ൽ ഇതുവരെ കേരളം 7,315.31 കോടി രൂപയാണ് കയറ്റുമതിയിലൂടെ നേടിയിട്ടുള്ളത്. നിലവിൽ കയറ്റുമതി വരുമാനത്തിൽ 16-ാം സ്ഥാനത്തേക്ക് കേരളം പിന്തള്ളപ്പെട്ടു.
എറണാകുളം തന്നെ മുന്നിൽ
കയറ്റുമതി വരുമാനത്തിൽ സംസ്ഥാനത്ത് എറണാകുളം ജില്ല തന്നെയാണ് മുൻപിൽ. 2025-ൽ 27,551.95 കോടി രൂപയാണ് എറണാകുളം ജില്ലയുടെ കയറ്റുമതി വരുമാനം. എന്നാൽ, മുൻവർഷത്തെ 52,334.69 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 47 ശതമാനത്തിൽ അധികമാണ് ഇടിവ്. രണ്ടും മൂന്നും സ്ഥാനത്തുള്ള ആലപ്പുഴ, കൊല്ലം ജില്ലകൾക്ക് യഥാക്രമം 5,949.53 കോടി രൂപ, 2,080.99 കോടി രൂപ എന്നിങ്ങനെ കയറ്റുമതിയിലൂടെ നേടാനായി. തൃശ്ശൂർ (1,995.47 കോടി രൂപ), കോട്ടയം (1,530.23 കോടി രൂപ), പാലക്കാട് (1,526.09 കോടി രൂപ), തിരുവനന്തപുരം (1,172.03 കോടി രൂപ) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിൽ. കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ (57.32 കോടി രൂപ). അതേസമയം, ഉത്പന്നംതിരിച്ചുള്ള കണക്ക് ലഭ്യമല്ല.
Content Highlights: Kerala export revenue declined by 33.74% in 2025 reaching ₹45,753.43 crore., State currently holds 16th position in national export rankings as of 2026., Ernakulam remains the top contributing district despite a 47% drop in revenue., Geopolitical conflicts identified as a primary factor for the export slump.
Published: 19 May 2026, 07:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented