തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ(സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്ഐആര്‍) ഭാഗമായി, കൂടുതല്‍ പ്രവാസികളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ കമ്മിഷന്‍. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ ഓണ്‍ലൈനായി രേഖകളും എന്യുമറേഷനും അപ്ലോഡ് ചെയ്താല്‍മതി. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎല്‍ഒ ഉറപ്പുവരുത്തും. പ്രവാസികളെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കാന്‍ 19-ന് നോര്‍ക്കയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തും.

To advertise here,

വീഡിയോകോളില്‍ സ്ഥിരീകരിക്കും

വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബിഎല്‍ഒമാര്‍ വീടുകളിലെത്തും. സംശയമുണ്ടെങ്കിലോ വീട്ടില്‍ ആളില്ലെങ്കിലോ വീഡിയോ-വാട്‌സാപ്പ് കോളുകള്‍ ചെയ്‌തോ ജനപ്രതിനിധികളടക്കമുള്ളവരുമായി ബന്ധപ്പെട്ടോ നിജസ്ഥിതി ഉറപ്പാക്കും. പുതുതായി വോട്ടു ചേര്‍ക്കുമ്പോഴും ഇതേ രീതിയാകും -ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, മുഖ്യതിര.ഓഫീസര്‍

പ്രവാസി അപേക്ഷകര്‍ക്ക് വീട്ടുനമ്പര്‍ വേണം

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ(എസ്ഐആര്‍) ഭാഗമായി പ്രവാസികളെ ചേര്‍ക്കുമ്പോള്‍ അപേക്ഷകര്‍ക്ക് വീട്ടുനമ്പര്‍ വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വോട്ടറുടെ താമസസ്ഥലത്തെ കൃത്യമായി തിരിച്ചറിയുന്ന ഒരുനമ്പര്‍ രേഖപ്പെടുത്തണമെന്നാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.

അപേക്ഷയില്‍ വീട്ടുനമ്പറിന്റെ സ്ഥാനത്ത് ഒന്നും എഴുതിയിട്ടില്ലെങ്കില്‍ പൂജ്യം കാണിക്കും. നമ്പര്‍ കിട്ടാത്തവര്‍ക്കും പൂജ്യം കാണിക്കാനാണ് സാധ്യത.

ആറ്റിങ്ങല്‍ ലോക്സഭാമണ്ഡലത്തില്‍ ഇരട്ടവോട്ടുണ്ടെന്ന അടൂര്‍ പ്രകാശ് എംപിയുടെ പരാതി പരിശോധിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.