തിരുവനന്തപുരം: പുതിയ മദ്യനയം സർക്കാർ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. വിൽപ്പനയ്ക്ക് ചട്ടഭേദഗതി കൊണ്ടുവന്നത് എൽഡിഎഫ് ആണ്. യുഡിഎഫിന്റെ മദ്യനയം അനുസരിച്ച് പ്രവർത്തിക്കേണ്ട ഉത്തരവാദിത്വമാണ് തനിക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
ജവാന്റെ ഉത്പാദനം ഇടയ്ക്കിടെ നിലയ്ക്കുന്നത് ഗൗരവമായിത്തന്നെ സർക്കാർ കാണുന്നുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടച്ചിടുന്നതിലൂടെ ഒരു ദിവസം ഏകദേശം പന്ത്രണ്ടായിരത്തോളം കുപ്പിയുടെ ഉത്പാദനമാണ് നിലച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലക്ഷങ്ങൾ വരുമാനം നൽകുന്ന സ്ഥാപനത്തെ നശിപ്പിക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഒരു ദിവസം ഏകദേശം 12,000-ത്തോളം കുപ്പിയുടെ ഉത്പാദനമാണ് നിലച്ചത്. വലിയ റവന്യൂ നഷ്ടം സർക്കാരിന് ഉണ്ടായിട്ടുണ്ട്. അത് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനും വരുമാന നഷ്ടത്തെക്കുറിച്ച് കണക്കുകൂട്ടാനും ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ജവാൻ ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്’, മന്ത്രി പറഞ്ഞു.
‘ഒരു ദിവസംതന്നെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം സർക്കാരിന് തരേണ്ട ഒരു സ്ഥാപനത്തിന്റെ ഉത്പാദനം നിലച്ചത് ഗൗരവമായിട്ടാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതിന് മുമ്പ് ഏപ്രിൽ ഒന്ന് മുതൽ 14 വരെ അടഞ്ഞു കടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇടയ്ക്കിടയക്ക് ഇവിടെ നടക്കുന്ന അടച്ചിടലുകൾ, ഇതൊക്കെ ആരെ സഹായിക്കാനാണ് എന്നതിനെക്കുറിച്ചും ഗൗരവകരമായി ആലോചിക്കുന്നുണ്ട്', മന്ത്രി പറഞ്ഞു.
മദ്യനയവുമായിബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിക്കുള്ളിലും യുഡിഎഫിലും ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയം രൂപീകരിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ എക്സൈസ് ചിന്തിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബജറ്റിലെ നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ധനകാര്യ വകുപ്പിന്റെ ഉത്തരവാദിത്വമാണ്. ധനകാര്യ വകുപ്പ് ഏർപ്പെടുത്തുന്ന നികുതിനിർദേശങ്ങളെക്കുറിച്ച് മറ്റു വകുപ്പുകളെ അറിയിക്കേണ്ട കാര്യമില്ല. ബജറ്റ് സീക്രസിയുടെ ഭാഗമാണത്. എന്നാൽ, വില്പന നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ നയപരമായ തീരുമാനമെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് നിർണായക റോളുണ്ട്.
കേരളത്തിൽ ഒരു മദ്യം വിൽക്കണമെന്നുണ്ടെങ്കിൽ ബ്രാൻഡ് രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. കേരളാ ബ്രാൻഡ് രജിസ്ട്രേഷൻ നിയമപ്രകാരം, ഒരു ബ്രാൻഡ് രജിസ്റ്റർ ചെയ്യാനുള്ള അതോറിറ്റി എക്സൈസ് കമ്മിഷണറാണ്. അത് ലഭിച്ചാൽ മാത്രമേ മദ്യവിൽപ്പന അനുവദിക്കാൻ പറ്റൂ. എന്റെ റോൾ വരുന്നത് ഈ ഘട്ടത്തിലാണ്. നികുതി ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ വരുന്നത് ടാക്സ് ഡിപ്പാർട്മെന്റിലാണ്.
കോൺഗ്രസിലും യുഡിഎഫിലും ചർച്ച നടത്തി നയം രൂപീകരിച്ചതിന് ശേഷം മാത്രമേ വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന് തീരുമാനം എടുക്കൂ. എക്സൈസ് വകുപ്പിന്റെ റോൾ വരുന്നത് പെർമിറ്റുമായി ബന്ധപ്പെട്ടാണ്. നയം രൂപീകരിച്ചതിന് ശേഷം മാത്രമേ അക്കാര്യത്തിൽ ചിന്തിക്കേണ്ടതുള്ളൂ’, മന്ത്രി പറഞ്ഞു.
Content Highlights: Excise Minister M. Liju states the new liquor policy will be finalized after government discussions., Brand registration authority lies with the Excise Commissioner, not the Finance Department., Tax-related decisions fall under the Finance Department's budget secrecy policy., Final decisions on low-alcohol beverages will follow consultations within the UDF and Congress.
Published: 25 Jun 2026, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented