പോളിങ് ശതമാനത്തിലെ ഉയർച്ച താഴ്ച്ചകൾ ചൂണ്ടിക്കാട്ടി ഫലപ്രവചനം നടത്തുന്ന രീതി എല്ലാകാലത്തും സംസ്ഥാനത്ത് ഉയർന്നുവരാറുണ്ട്. പോളിങ് കൂടിയാൽ യുഡിഎഫിന്, കുറഞ്ഞാൽ എൽഡിഎഫിന് എന്നതാണ് പൊതുവായി പ്രചരിക്കപ്പെടാറുള്ള ഒരു നിരീക്ഷണം. എന്നാൽ അതിൽ കഴമ്പില്ലെന്ന കണക്കുകളാണ് സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കണ്ടെത്താനാകുക.

To advertise here,

കേരളത്തിന്റെ തനതായ രാഷ്ട്രീയ സംസ്‌കാരത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന രീതി 2021-ൽ തിരുത്തപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പിനെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നത്. 140 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ഈ പോരാട്ടത്തിൽ, ഭരണത്തുടർച്ചയുടെ മൂന്നാം അങ്കത്തിനായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി പടയൊരുക്കിയപ്പോൾ അധികാരം തിരിച്ചുപിടിക്കാൻ ഉറച്ച് വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി കളം നിറഞ്ഞിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ദേശീയ നേതാക്കളെ അടക്കം പ്രചരണത്തിൽ സജീവമാക്കി എൻഡിഎയും കളം പിടിച്ചിരുന്നു.

ഉയർന്ന പോളിങ് സാധാരണയായി യുഡിഎഫിന് അനുകൂലമാണെന്ന ഒരു വിശ്വാസം കേരളത്തിലുണ്ടെങ്കിലും, ചരിത്രം പരിശോധിച്ചാൽ അത് എപ്പോഴും ശരിയായിട്ടില്ലെന്ന് കാണാം. ഉദാഹരണത്തിന്, റെക്കോർഡ് പോളിങ് നടന്ന 1987-ലും, പോളിങ് കുറഞ്ഞ 1996-ലും ഇടതുമുന്നണിയാണ് അധികാരത്തിൽ വന്നത്.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പോളിങ് ശതമാനത്തിലെ ഈ വർദ്ധനവ് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. താഴെത്തട്ടിൽ ശക്തമായ ഒരു ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് അവർ കണക്കുകൂട്ടുന്നത്. എന്നാൽ, എൽഡിഎഫ് ഈ വാദങ്ങളെ തള്ളിക്കളയുകയാണ്. തങ്ങളുടെ കേഡർ വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ തവണത്തെ അതേ വോട്ടിങ് പാറ്റേൺ ആണ് ഇത്തവണയും തുടരുന്നതെന്നുമാണ് അവരുടെ അവകാശവാദം. അതേസമയം, ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. തിരുവനന്തപുരത്ത് നേമത്തും കഴക്കൂട്ടത്തും വിജയിക്കാനാകുമെന്നും കൊല്ലത്തെ ചാത്തന്നൂരും കരുനാഗപ്പള്ളിയും തങ്ങൾക്ക് അനുകൂലമാകുമെന്നും ബിജെപി കേന്ദ്രങ്ങൾ വിശ്വസിക്കുന്നു. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് തങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്നും അവർ അവകാശപ്പെടുന്നു.

കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ നടന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പോളിങ് 70 ശതമാനത്തിനു മേലെയാണ്. 1982 മുതൽ 2021 വരെ നാലുതവണ യുഡിഎഫും അഞ്ചുതവണ എൽഡിഎഫും അധികാരംനേടി. ഇക്കാലയളവിൽ ഏറ്റവുംകൂടിയ പോളിങ് 1987-ലാണ്. അന്ന് സമ്മതിദാനം വിനിയോഗിച്ചത് 80.54 ശതമാനം പേരാണ്. നാലു പതിറ്റാണ്ടിലെ റെക്കോഡ് പോളിങ്ങും ഇതാണ്. 1996-ലാണ് ഏറ്റവും കുറവ്, 71.16 ശതമാനം. '87-ലും '96-ലും ഇടതു മുന്നണിയാണ് അധികാരം നേടിയത്. 2011-ലും 2016-ലും പോളിങ് 75 ശതമാനം പിന്നിട്ടു. യഥാക്രമം 75.12 ശതമാനം, 77.35 ശതമാനം എന്നിങ്ങനെയായിരുന്നു ആ രണ്ടുതവണത്തെ കണക്ക്. 2011-ൽ യു.ഡി.എഫും 2016-ൽ എൽ.ഡി.എഫും അധികാരം നേടി.

എസ്‌ഐആർ പോളിങ് ശതമാനവും

ഇത്തവണത്തെ പോളിങ് ശതമാനത്തിലെ വർധനവിൽ വലിയ അത്ഭുതത്തിന് വകയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 'എസ്.ഐ.ആർ' ആണ്. ഇരട്ടിപ്പുകളും ഒഴിവാക്കലുകളും കഴിഞ്ഞ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ ബലപരീക്ഷണം കൂടിയായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. മരണപ്പെട്ടവരെ അടക്കം ഒഴിവാക്കിയുള്ള വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയരുന്നത് സ്വാഭാവികമാണ്. പുതിയ വോട്ടർപട്ടികയിലെ വോട്ട് സമവാക്യങ്ങൾ ആരെ തുണക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തുക അത്ര എളുപ്പമായിരിക്കില്ല.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച പോളിങ് ശതമാനങ്ങളിൽ ഒന്നാണ് ഇത്തവണ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

അവസാന ഘട്ട കണക്കുകൾ പുറത്തുവരുമ്പോൾ കോഴിക്കോട് ജില്ലയാണ് ഇത്തവണ പോളിങ്ങിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത്. ജില്ലയിൽ ആകെ 81.26 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ, പല മണ്ഡലങ്ങളും 80 ശതമാനം എന്ന കടമ്പ കടന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന് ഒരു സീറ്റ് പോലും ഉറപ്പിക്കാൻ കഴിയാത്ത കോഴിക്കോട്, ഈ റെക്കോർഡ് പോളിങ് ആർക്ക് അനുകൂലമാകുമെന്നത് നിർണ്ണായകമാണ്. പേരാമ്പ്ര പോലുള്ള കടുത്ത മത്സരം നടക്കുന്ന കേന്ദ്രങ്ങളിലും മികച്ച പോളിങ് ആണ് ഇത്തവണ നടന്നത്.

വടക്കൻ കേരളത്തിലെ മറ്റ് ജില്ലകളിലും ആവേശകരമായ വോട്ടെടുപ്പാണ് നടന്നത്. കാസർകോട് ജില്ലയിൽ 78.94 ശതമാനം പോളിങ് രേഖപ്പെടുത്തി, ഇത് സംസ്ഥാന ശതമാനത്തിന് അല്പം മുകളിലാണ്. കണ്ണൂരിൽ 78.48 ശതമാനം വോട്ടുകൾ പോൾ ചെയ്തു. സിപിഎമ്മിനുള്ളിലെ വിഭാഗീയതയും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന വെല്ലുവിളികളും ചർച്ചയായ തിരഞ്ഞെടുപ്പായിരുന്നു കണ്ണൂരിലേത്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ ഫലങ്ങൾ സിപിഎമ്മിനെ സംബന്ധിച്ച് ചരിത്രപരമായി പ്രാധാന്യമുള്ളതാകും.

വയനാട് ജില്ല ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രത്തിലെ പ്രധാന പോയിന്റായി മാറി. വയനാട്ടിലെ ദുരന്തവും അവസാന നിമിഷങ്ങളിൽ ഉയർന്ന ഫണ്ട് വിവാദങ്ങളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് കണ്ടറിയണം. അവിടെ 78.81 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലും വാശിയേറിയ മത്സരമാണ് നടന്നത്, പ്രത്യേകിച്ചും പാലക്കാട് ടൗണിലും തൃത്താലയിലും. 80.54 ശതമാനം പോളിങ് രേഖപ്പെടുത്തിയ പാലക്കാട്ടെ ഈ വീറും വാശിയും ഫലത്തിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

മലപ്പുറത്ത് പോളിങ് ശതമാനം 80-നോട് അടുത്ത് നിൽക്കുന്നു (79.70%). തിരൂർ പോലുള്ള മണ്ഡലങ്ങളിൽ രാത്രി വൈകിയും ആളുകൾ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. നഗരമേഖലയായ എറണാകുളത്തെ വോട്ടർമാർ പൊതുവെ വോട്ടിങിൽ മടി കാണിക്കാറുണ്ടെന്ന ചീത്തപ്പേര് ഇത്തവണ തിരുത്തപ്പെട്ടു. കുന്നത്തുനാട്, പറവൂർ, തൃക്കാക്കര, തൃപ്പൂണിത്തറ മണ്ഡലങ്ങളിൽ വലിയ തോതിൽ ജനങ്ങൾ പോളിങ് ബൂത്തുകളിൽ എത്തിയതോടെ എറണാകുളം ജില്ലയും 80 ശതമാനത്തോട് അടുക്കുന്ന കാഴ്ചയാണുണ്ടായത്.

തൃശ്ശൂർ ജില്ലയിൽ 77.10 ശതമാനം പോളിങ് രേഖപ്പെടുത്തി. തൃശ്ശൂരിൽ നിന്ന് ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയം നിയമസഭാ പോരാട്ടത്തിന്റെ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ട്. അവസാന നാളുകളിൽ ഉയർന്നുവന്ന കിറ്റ് വിവാദം തൃശ്ശൂരിലെ വോട്ടർമാരെ എത്രത്തോളം സ്വാധീനിച്ചു എന്നത് കണ്ടറിയേണ്ടതാണ്. പത്മജ വേണുഗോപാൽ മത്സരിക്കുന്ന തൃശ്ശൂരും ടി.എൻ പ്രതാപൻ മത്സരിക്കുന്ന മണലൂരും കടുത്ത മത്സരത്തിന് സാക്ഷ്യം വഹിച്ചു.

ഇടുക്കി ജില്ലയിൽ 77.15 ശതമാനം വോട്ടർമാർ ബൂത്തുകളിലെത്തി. ദേവികുളത്തും ഉടുമ്പൻചോലയിലും മലയോര മേഖലയിലെ വോട്ടർമാർ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. എന്നാൽ കോട്ടയത്ത് പോളിങ് ശതമാനം താരതമ്യേന കുറവാണ്. ഏകദേശം 75 ശതമാനത്തിനടുത്ത് മാത്രം. ഇത് വോട്ടർമാരുടെ നിസ്സംഗതയാണോ അതോ അപ്രതീക്ഷിത അട്ടിമറികൾക്ക് മുന്നോടിയായുള്ള നിശബ്ദതയാണോ എന്ന ആകാംക്ഷയുമുണ്ട്.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ മണ്ഡലമാണ് ഇത്തവണ ശ്രദ്ധാകേന്ദ്രം. സിപിഎമ്മിലെ വിഭാഗീയതയെത്തുടർന്ന് ജി. സുധാകരൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത് മണ്ഡലത്തെ ഒരു ജീവൻ മരണ പോരാട്ടമാക്കി മാറ്റിയിട്ടുണ്ട്. ജില്ലയിൽ ആകെ 77.40 ശതമാനം പോളിങ് നടന്നു. പത്തനംതിട്ട ജില്ലയിൽ 70.76 ശതമാനം വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും പത്തനംതിട്ടയുടെ രാഷ്ട്രീയ സ്വഭാവം വെച്ച് നോക്കുമ്പോൾ ഇത് ഒരു വർദ്ധനവായാണ് കണക്കാക്കപ്പെടുന്നത്. റാന്നി, കോന്നി, ആറന്മുള മണ്ഡലങ്ങളിലെ ഫലം നിർണ്ണായകമാകും.

കൊല്ലം ജില്ല ഇത്തവണ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് കരുതപ്പെടുന്നു. 76.27 ശതമാനം പോളിങ് രേഖപ്പെടുത്തിയ ജില്ലയിൽ ഇടത് കോട്ടകൾക്ക് ഇളക്കം സംഭവിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൊട്ടാരക്കരയിലും പത്തനാപുരത്തും തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമാണ് നടന്നത്.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 77.05 ശതമാനം പോളിങ് നടന്നു. വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ അതിശക്തമായ ത്രികോണ മത്സരം വോട്ടർമാരിൽ വലിയ ആവേശം സൃഷ്ടിച്ചു. പോളിങ് ശതമാനവും വിജയവും തമ്മിൽ ബന്ധപ്പെടുത്തിയുള്ള അനുമാനങ്ങൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഫലിക്കാറില്ല. മികച്ചതോ വളരെ കുറഞ്ഞതോ ആയ പോളിങ് ഒരു മുന്നണിയുടേയും വിജയ-പരാജയ സൂചനകൾ പ്രചവിക്കുന്നില്ല.