തിരുവനന്തപുരം: ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പിൽ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി വിജിലൻസ്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 47 പദ്ധതിനിർവഹണ ഏജൻസികളിലും സംസ്ഥാന നിർവഹണ ഓഫീസിലും 14 ജില്ലാ നിർവഹണ ഓഫീസുകളിലുമാണ് പരിശോധന നടന്നത്.
ചില പദ്ധതിനിർവഹണ ഏജൻസികളിൽ പരിശീലനാർഥികൾ പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ലെന്നും കണ്ടെത്തി. നിർവഹണ ഏജൻസികൾക്ക് മൂന്നുവർഷ പ്രവൃത്തിപരിചയം ആവശ്യമാണെന്നിരിക്കെ, ഇതില്ലാത്ത ചില സ്ഥാപനങ്ങളെയും നിർവഹണ ഏജൻസികളായി തിരഞ്ഞെടുത്തു. പരിശീലനാർഥികൾക്ക് ജോലിലഭിച്ചുവെന്ന് ഉറപ്പുവരുത്താതെ ഏജൻസികൾക്ക് പണം പൂർണമായും നൽകി.
പല ഏജൻസികളും പദ്ധതിയുമായി ബന്ധമില്ലാത്ത ജീവനക്കാർക്ക് പദ്ധതി ഫണ്ടിൽനിന്നുള്ള പണമുപയോഗിച്ച് ശമ്പളവും നൽകി. ചില സ്ഥാപനങ്ങൾ പരിശീലനാർഥികൾക്ക് പോസ്റ്റ് പ്ലേസ്‌മെന്റ് അലവൻസായി നൽകേണ്ട തുക നൽകിയിരുന്നില്ല. മറ്റുചില ഏജൻസികൾ പോസ്റ്റ് പ്ലേസ്‌മെന്റ് അലവൻസുകൾ കൃത്രിമരേഖകൾ വെച്ച് തട്ടിയെടുത്തതും കണ്ടെത്തി. പരിശീലനാർഥികളെ ഫോണിൽ ബന്ധപ്പെട്ടുനടത്തിയ പരിശോധനയിൽ പലർക്കും അലവൻസുകൾ ലഭിച്ചിരുന്നില്ലെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.
ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജനയുടെ തിരുവനന്തപുരത്തെ സംസ്ഥാന നിർവഹണ ഓഫീസിലെ പരിശോധനയിൽ ഒരു ഉദ്യോഗസ്ഥൻ പദ്ധതിനിർവഹണ ഏജൻസിയുടെ ഡയറക്ടറിൽനിന്ന് 25,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തി.
പാലക്കാട് ജില്ലയിലെ ഒരു പദ്ധതിനിർവഹണ ഏജൻസിയിൽ നടത്തിയ പരിശോധനയിൽ ജോലിലഭിക്കാത്ത പരിശീലനാർഥികളുടെ പേരിൽ വിവിധ സ്ഥാപനങ്ങളുടെ വ്യാജ സാലറിസ്ലിപ്പ് കണ്ടെടുത്തു. പദ്ധതിനിർവഹണ ഏജൻസിതന്നെ ഉദ്യോഗാർഥികളുടെ പേരിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് പോസ്റ്റ് പ്ലേസ്‌മെന്റ് അലവൻസായി അനുവദിക്കുന്ന തുക മാറിയെടുത്തതും കണ്ടെത്തി.
മലപ്പുറം ജില്ലയിലെ പരിശോധനയിൽ രണ്ട് പദ്ധതിനിർവഹണ ഏജൻസികൾ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും വ്യാജ പ്ലേസ്‌മെന്റ് സർട്ടിഫിക്കറ്റുകളും ഹാജരാക്കി പദ്ധതിത്തുക കൈപ്പറ്റിയതായി തെളിഞ്ഞു. മലപ്പുറത്തെ മറ്റൊരു ഏജൻസിയിൽ ഉടമയുടെതന്നെ ഒരു കെട്ടിടം പദ്ധതിക്കായി വാടകയ്ക്ക് എടുത്തെന്നുകാട്ടി വാടകയിനത്തിൽ മാസം 10 ലക്ഷം രൂപ വെച്ച് അമിതവാടക മാറിയെടുത്തതും കണ്ടെത്തി.
Content Highlights: Vigilance uncovers corruption and irregularities in Kerala`s Deendayal Upadhyaya Grameen Kaushalya Yojana (DDU-GKY) project implementation. Learn about findings and probe details.
Published: 18 Feb 2026, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented