കരിവെള്ളൂർ: കുടിശ്ശിക അനുവദിക്കാതെ ദിനബത്ത (ഡി.എ.) ഉത്തരവുകളിറങ്ങുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നഷ്ടമാകുന്നത് ലക്ഷങ്ങൾ. 2023 ജൂലായ് മുതലുള്ള മൂന്നുശതമാനം ഡി.എ.യാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാർച്ചിൽ വാങ്ങുന്ന ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പമാണ് ഡി.എ. ലഭിക്കുക. എന്നാൽ, 2023 ജൂലായ് മുതൽ 2026 ജനുവരി വരെയുള്ള 31 മാസത്തെ കുടിശ്ശികയെ കുറിച്ച് ഉത്തരവിൽ പറയുന്നില്ല.
കുടിശ്ശിക നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതുകൊണ്ട് ഇത്തവണയെങ്കിലും അത് സംബന്ധിച്ച നിർദേശങ്ങൾ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. മുൻ ഡി.എ. ഉത്തരവുകളിൽനിന്ന് വ്യത്യസ്തമായി കുടിശ്ശിക സംബന്ധിച്ച് പിന്നീട് പ്രത്യേക ഉത്തരവിറങ്ങും എന്ന സൂചനയിലാണ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതീക്ഷ .
ഓരോ ഡി.എ. പ്രഖ്യാപിക്കുമ്പോഴും ചുരുങ്ങിയ ശമ്പളമുള്ള ജീവനക്കാർക്കടക്കം വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ഇപ്പോൾ പ്രഖ്യാപിച്ച ഡി.എ.യിൽ മാത്രം ഓഫീസ് അറ്റൻഡന്റിന് 21,390 രൂപയും പ്രൈമറി അധ്യാപകർക്ക് 33,108 രൂപയും ഹൈസ്കൂൾ അധ്യാപകർക്ക് 38,409 രൂപയും നഷ്ടമാകും. 31 മാസത്തേക്കുള്ള നഷ്ടത്തിന്റെ കണക്ക് മാത്രമാണിത്. 2021 ജനുവരി മുതലുള്ള അഞ്ച് ഡി.എ.കളാണ് ഇതുവരെ കുടിശ്ശിക ഇല്ലാതെ പ്രഖ്യാപിച്ചത്. 2021 ജനുവരി, 2021 ജൂലായ്, 2022 ജനുവരി എന്നീ മാസങ്ങളിലെ ഡി.എ.കളിൽ 39 മാസം വീതവും 2022 ജൂലായിൽ 37 മാസവും 2023 ജനുവരിയുടേതിൽ 33 മാസവും കുടിശ്ശികയാണ്.
ഇത്തവണത്തെ കുടിശ്ശിക കൂടാതെ ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കാനുള്ളത് 187 മാസത്തെ കുടിശ്ശികയാണ്. 2024 ജനുവരി മുതലുള്ള നാലുഗഡു ഡി.എ. ഇനി പ്രഖ്യാപിക്കാനുണ്ട്. ആ ഇനത്തിലും ഇപ്പോൾ 68 മാസത്തെ കുടിശ്ശികയാണ്. ഒൻപത് ഡി.എ.കളുടെയും കുടിശ്ശിക ചേർത്താൽ ലക്ഷങ്ങളാണ് ഓരോ ജീവനക്കാരൻ/അധ്യാപകർക്കും ലഭിക്കേണ്ടത്.
ഓരോ തവണ പ്രഖ്യാപിക്കുമ്പോഴും കുടിശ്ശിക നൽകാത്തതുകൊണ്ട് വലിയ ബാധ്യതയാണ് ഈ ഇനത്തിൽ ഉണ്ടായിരിക്കുന്നത്. പി.എഫിൽ ലയിപ്പിക്കുന്നുണ്ടെങ്കിൽതന്നെ വിരമിച്ച ജീവനക്കാരുടെ കാര്യം പ്രത്യേകം പരിഗണിക്കേണ്ടിവരും. ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരുമാണ് അഞ്ചുവർഷത്തെ കാലയളവിൽ വിരമിച്ചത്. അവർ സർവീസിലിരിക്കുമ്പോഴുള്ള കാലത്തെ ഡി.എ. പണമായി നൽകേണ്ടിവരും.
Content Highlights: Millions Lost for State Government Employees: The Reality of Unsanctioned DA Arrears
Published: 11 Feb 2026, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented