
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം തീര്‍ത്ത്, ഐക്യമുറപ്പിക്കാന്‍ 'ഉന്നതതലസമിതി' രൂപവത്കരിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പരിഹാര ഫോര്‍മുല. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും സമിതിയിലുണ്ടാവും. മുന്‍ കെ.പി.സി.സി. അധ്യക്ഷന്മാരായ വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.
പാര്‍ട്ടി ദൈനംദിനകാര്യങ്ങളും തര്‍ക്കങ്ങളുമൊക്കെ ചര്‍ച്ചചെയ്ത് ധാരണയുണ്ടാക്കി, പൊതുനിലപാട് സ്വീകരിച്ചു മുന്നോട്ടുപോവുകയാണ് ഉന്നതതലസമിതിയുടെ ഉത്തരവാദിത്വം. നേതൃതലത്തിലെ എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ളതിനാല്‍, പരസ്യമായ ഏറ്റുമുട്ടലുകളും അഭിപ്രായഭിന്നതകളുമൊക്കെ ഇതുവഴി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
കെ. സുധാകരന്‍ ഉടക്കി; നേതൃമാറ്റം വഴിമുട്ടി
അതേസമയം കെ.പി.സി.സി. അധ്യക്ഷനെ മാറ്റുന്നതില്‍ തര്‍ക്കം തുടരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ സ്ഥാനമൊഴിയാമെന്ന മുന്‍നിലപാട് കെ. സുധാകരന്‍ മാറ്റിയതാണ് ഇപ്പോഴത്തെ തലവേദന. നേതൃമാറ്റചര്‍ച്ചകളില്‍ അദ്ദേഹം കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. മറ്റേതെങ്കിലും പദവി വാഗ്ദാനംചെയ്ത് സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പ്രവര്‍ത്തകസമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കാമെന്ന വാഗ്ദാനമാണ് പരിഗണനയില്‍.
പ്രസിഡന്റിനെ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല -സതീശന്‍
നെടുമ്പാശ്ശേരി: കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസില്‍ യാതൊരു തര്‍ക്കവുമില്ല. ഒരു പട്ടികയും നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് ഹൈക്കമാന്‍ഡാണ്. തന്നെ വിമര്‍ശിക്കാന്‍ മറ്റുനേതാക്കള്‍ക്ക് അവകാശമുണ്ട്. കോണ്‍ഗ്രസ് ഐക്യത്തോടെ മുന്നോട്ടുപോകും. -അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlights: kerala congress internal dispute high level committee
Published: 26 Jan 2025, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented