തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന നിർണ്ണായകമായ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കടുത്ത സസ്‌പെൻസിനിടയിലും വിഡി സതീശൻ, കെസി വേണുഗോപാൽ എന്നിവർക്കൊപ്പം രമേശ് ചെന്നിത്തലയുടെ പേരും സജീവമായി ചർച്ചയിലുണ്ട്. കെസി വേണുഗോപാലും വിഡി സതീശനും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, താൻ ഒരു 'സമവായ മുഖ്യമന്ത്രി' ആയി എത്തിയേക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും.

To advertise here,

തന്റെ സീനിയോറിറ്റിയാണ് ചെന്നിത്തല പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. വിഡി സതീശൻ കെഎസ്‌യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് താൻ സംസ്ഥാനത്ത് മന്ത്രിയായിരുന്നു എന്ന ചരിത്രം അദ്ദേഹത്തിന്റെ ക്യാമ്പ് ഓർമ്മിപ്പിക്കുന്നു. 26-ആം വയസ്സിൽ എംഎൽഎയായ ചെന്നിത്തലയ്ക്ക് ഹൈക്കമാൻഡുമായി അടുത്ത ബന്ധമാണുള്ളത്.

കെ. കരുണാകരൻ പാർട്ടി വിട്ടുപോയ പ്രതിസന്ധി ഘട്ടത്തിലും കോൺഗ്രസിനെ മുറുകെപ്പിടിച്ച നേതാവെന്ന പ്രതിച്ഛായ ചെന്നിത്തലയ്ക്ക് അനുകൂല ഘടകമാണ്. കർണാടകയിൽ സിദ്ധരാമയ്യയെയും രാജസ്ഥാനിൽ അശോക് ഗെലോട്ടിനെയും തിരഞ്ഞെടുത്ത മാതൃകയിൽ, സീനിയോറിറ്റി പരിഗണിച്ച് ഹൈക്കമാൻഡ് തനിക്ക് അവസരം നൽകുമെന്ന് ചെന്നിത്തല പ്രതീക്ഷിക്കുന്നു.

നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ വിഡി സതീശൻ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു കഴിഞ്ഞു. എങ്കിലും, ഹൈക്കമാൻഡ് തീരുമാനം എന്താണെന്ന കാര്യത്തിൽ നിയുക്ത എംഎൽഎമാർക്ക് പോലും ഇപ്പോഴും വ്യക്തതയില്ല എന്നത് രാഷ്ട്രീയ കേരളത്തെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്നു. ഇന്നലെ ക്ഷേത്രദർശനങ്ങൾ നടത്തിയിരുന്ന ചെന്നിത്തല ഇന്ന് വീട്ടിൽ തന്നെ തുടരുകയാണ്. നിയമസഭാ കക്ഷി യോഗത്തിനായി അദ്ദേഹം ഉടൻ പുറപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം. ഉച്ചയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.