തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനു പകരമായി പ്രഖ്യാപിച്ച ‘ഉറപ്പായ പെൻഷൻ’ (അഷ്വേർഡ് പെൻഷൻ) നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുക്കംതുടങ്ങി. കേന്ദ്രസർക്കാർ നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതിക്കു (യുപിഎസ്) സമാനമായി ജീവനക്കാരുടെ പങ്കാളിത്തമുള്ളതാവും പുതിയ പെൻഷൻ.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കാവുന്നവിധത്തിൽ മുന്നോട്ടുപോവാൻ ധനവകുപ്പിന് സിപിഎം രാഷ്ട്രീയാനുമതിയും നൽകിക്കഴിഞ്ഞു. മന്ത്രിതലത്തിലുള്ള കൂടിയാലോചനകളും തുടങ്ങി. ശുപാർശകൾക്കായി ഉദ്യോഗസ്ഥസമിതിയെ നിയോഗിച്ചു.
ഏപ്രിലിലാണ് കേന്ദ്രത്തിൽ യുപിഎസ് പ്രാബല്യത്തിൽ വന്നത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ്, ഹരിയാണ സംസ്ഥാനങ്ങൾ യുപിഎസിലേക്കു മാറി. ഇവിടങ്ങളിലെ പദ്ധതിനിർവഹണം പഠിച്ചശേഷമായിരിക്കും കേരളത്തിലെ പുതിയ പെൻഷൻ രീതി. നടപ്പാക്കിയ സംസ്ഥാനങ്ങളിലെ താരതമ്യപഠനം നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഉൾപ്പെട്ട സമിതിയോട് സർക്കാർ ആവശ്യപ്പെട്ടു.
2023-ലെ ബജറ്റിൽ ‘ഉറപ്പായ പെൻഷൻ’ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാൻ ഇതുവരെ കാര്യമായ ശ്രമമുണ്ടായിരുന്നില്ല. ജീവനക്കാർക്ക് വിരമിച്ചശേഷം സാമ്പത്തികസ്ഥിരതയോടെ ജീവിക്കാൻ പാകത്തിലുള്ള പെൻഷൻ പാക്കേജ് ആവിഷ്കരിക്കാനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിർദേശം.
പെൻഷനിൽ ‘പങ്കാളിത്തം’ തുടരും
പങ്കാളിത്ത പെൻഷനിൽ പത്തുശതമാനമേ സർക്കാർവിഹിതമുള്ളൂ. വിരമിച്ചശേഷം നല്ലൊരു ശതമാനം ജീവനക്കാർക്കും നാമമാത്ര പെൻഷനേ ലഭിക്കുന്നുള്ളൂവെന്നാണ് പ്രശ്നം. ഇതു പരിഹരിക്കാനാണ് സർവീസിൽ അവസാന 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്നതരത്തിൽ കേന്ദ്രം യുപിഎസ് നടപ്പാക്കിയത്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാണ് എൽഡിഎഫിന്റെ പ്രഖ്യാപിതനയം. പക്ഷേ, പങ്കാളിത്ത പെൻഷനിൽനിന്ന് പിന്മാറാൻ പ്രായോഗികമായി തടസ്സങ്ങളുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
പുതിയ പെൻഷൻ: കേരളം ചിന്തിക്കുന്നത്
- സർക്കാരിന്റെ വിഹിതം നിശ്ചിത ശതമാനമായിരിക്കും. ഇതിൽ മാറ്റമുണ്ടാവില്ല.
- ജീവനക്കാർക്ക് നിശ്ചയിക്കുന്ന തുകയ്ക്കു പുറമേ അധികതുക നൽകാൻ അവസരമുണ്ടാവും. അവർക്ക് അധികപെൻഷന് അവസരം.
- ഇപ്പോൾ സർക്കാർ നിശ്ചയിച്ച മൂന്നുസ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനേ ജീവനക്കാർക്കാവൂ. ഇതു മാറ്റി ജീവനക്കാർക്ക് നിക്ഷേപകസ്ഥാപനം തിരഞ്ഞെടുക്കാൻ അവസരമുണ്ടാവും.
കേന്ദ്ര പെൻഷൻ പദ്ധതി
- കേന്ദ്രസർക്കാർ സംഭാവന അടിസ്ഥാന ശമ്പളത്തിന്റെ 18.5 ശതമാനം.
- ജീവനക്കാരുടെ സംഭാവന 10 ശതമാനം.
- പെൻഷൻ യോഗ്യത: 25 വർഷ സേവനം.
- അവസാന 12 മാസം വാങ്ങിയ ശമ്പളത്തിന്റെ ശരാശരി 50 ശതമാനം കണക്കാക്കിയുള്ള തുക പെൻഷൻ നൽകും.
- പത്തുവർഷം സർവീസുള്ളവർക്ക് 10,000 രൂപ മിനിമം പെൻഷൻ.
- ജീവനക്കാർ മരിച്ചാൽ പെൻഷന്റെ 60 ശതമാനം ആശ്രിതർക്ക് ലഭിക്കും.
- യുപിഎസിൽ ചേർന്ന് മൂന്നുവർഷം കഴിഞ്ഞാൽ മതിയായ കാരണങ്ങളോടെ, തുക ഭാഗികമായി പിൻവലിക്കാനും അനുമതി.
Content Highlights: Kerala government to implement a new assured pension scheme similar to the Central government`s NPS
Published: 11 Jun 2025, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented