തിരുവനന്തപുരം: ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ ചെയ്യണമെന്നും ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതി അവസാനിപ്പിക്കാൻ സർക്കാർ വലിയ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമൻസ് കോളേജിൽ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'കരുതലും കെെത്താങ്ങും കേരളത്തിലെ ജനങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. നേരത്തെയും സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചിരുന്നു. എല്ലാ ജില്ലയിൽ നിന്നും നല്ല സഹകരണമാണ് ആ പരിപാടിക്ക് ലഭിച്ചത്. ഭരണത്തിൻ്റെ കൃത്യമായ സ്വാദ് ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയണം. ജനങ്ങൾ എന്ന് പറയുമ്പോൾ പ്രത്യേകിച്ച് സമൂഹത്തിൻ്റെ അടിത്തട്ടിൽ കഴിയുന്നവരും പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളെയാണ് പ്രത്യേക കരുതലോടെ കാണുന്നത്. സമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള വേർതിരിവ് ഉണ്ടാക്കാൻ വേണ്ടിയല്ല. സമൂഹത്തിൻ്റെ മേൽത്തട്ടിൽ ഉള്ളവർക്കും സമ്പന്നർക്കും മറ്റ് തരത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവർക്കും പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടേതായ മാർഗങ്ങളിലൂടെ സാധിക്കും. എന്നാൽ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും സ്ഥിതി അതല്ല. അതുകൊണ്ടാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോൾ ഓരോ ഫയലിന് പിന്നിലും ഓരോ ജീവിതമുണ്ടെന്ന് കണക്കാക്കണമെന്ന് അവരോട് പറഞ്ഞത്.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഓഫീസുകളിൽ കയറിയിറങ്ങേണ്ടി വരുമായിരുന്നു. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഭവ്യതയോടെ നിൽക്കേണ്ടി വരുന്ന ഗതികേടും ജനങ്ങൾക്ക് ഉണ്ടായിരുന്നു. ഇത് മാറേണ്ടതിനാണ് സർക്കാർ ഊന്നൽ കൊടുത്തത്. ജനങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബുദ്ധിമുട്ടാൻ പാടില്ല. അത് അവരുടെ അവകാശമാണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്. സർക്കാരിൻ്റെ ഭാഗമായാണ് വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയേറ്റ് തലം വരെയുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്.
സർക്കാർ അധികാരമേറുമ്പോൾ ജനങ്ങൾക്ക് മുന്നിൽ വാഗ്ദാനങ്ങൾ നൽകാറുള്ളത് സ്വാഭാവികമാണ്. 2016-ന് ശേഷം കേരളം പുതിയ റെക്കോഡ് സൃഷ്ടിച്ചു. ജനാധിപത്യ സംവിധാനത്തിൽ മറ്റെവിടെയും നടപ്പിലാക്കിയിട്ടില്ലാത്ത നടപടിക്രമം നമ്മൾ സ്വീകരിച്ചു. ഓരോ വർഷവും നൽകിയ വാഗ്ദാനങ്ങളിൽ എത്രത്തോളം പൂർത്തിയാക്കിയെന്ന് ജനങ്ങളോട് അവതരിപ്പിച്ചു. ഇത് നല്ല നിലയിൽ ജനങ്ങൾ സ്വീകരിച്ചു.
ജനങ്ങൾക്കായി നടപ്പാക്കുന്ന നല്ല കാര്യങ്ങൾ അവർ അറിഞ്ഞു പോയാൽ ഇത് നടപ്പാക്കിയ സർക്കാരിന് ഗുണകരമായി പോകുമോ എന്ന ആശങ്ക ചിലർക്കുണ്ട്. ആ ചിലരുടെ വലിയരീതിയിലുള്ള താത്പര്യ സംരക്ഷണം കാണാൻ കഴിയും. ആളുകളുടെ മനസ്സിൽ നിഷേധാത്മ ചിന്ത വളർത്തുന്നതിനാണ് ഇവർ പ്രാധാന്യം നൽകുന്നത്. പക്ഷേ ജനങ്ങളിൽ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്തലും വിധിയെഴുത്തും ഉണ്ടാകും.
കഴിഞ്ഞ എട്ട് വർഷവും നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതി തുടരും. അതോടൊപ്പം ഫയലുകൾ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള വലിയ ശ്രമം തുടരും. സെക്രട്ടേറിയറ്റിലും മറ്റ് ഓഫീസുകളിലും ഇതിനായി ഇടപെടലുണ്ടാകും. കരുതലും കെെത്താങ്ങും എന്ന പരിപാടിയ്ക്കായി ആളുകൾ മുന്നോട്ട് വരുന്നു. പ്രശ്നങ്ങൾ നല്ല നിലയിൽ പരിഹരിക്കാൻ കഴിയുന്നുണ്ട്. മന്ത്രിസഭായാകെ മേഖലാതലത്തിലെത്തി യോഗങ്ങൾ നടത്തി ജില്ലയിലെ പ്രശ്‌നങ്ങൾ മനസിലാക്കി.
ജീവനക്കാർ പൊതുവെ ആരോഗ്യകരമായ സമീപനം സ്വീകരിക്കുന്നവരാണ്. അല്ലാത്ത ചില ആളുകളെ ഓഫീസുകളിൽ കാണാൻ കഴിയും. വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന രീതിയിൽ പെരുമാറുന്നവരുണ്ട്. അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ല. സർക്കാർ അത് അംഗീകരിക്കുകയുമില്ല. ഇതിൽ സർക്കാരിന് കർക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. വേഗതക്കുറവില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കണം.
ജനങ്ങളെ സഹായിക്കുന്നതിന് ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓഫീസിൽ പോകാതെ ഓൺലെെനിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാം. നേരത്തെതന്നെ 800 ലധികം സേവനങ്ങൾ നേരത്തെ ഓൺലൈൻ ആക്കിയിരുന്നു. ഏറ്റവും അധികം ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത്, റവന്യു തലത്തിലാണ് കൂടുതൽ ഓൺലൈൻ സേവനങ്ങൾ നടപ്പാക്കിയത്. ഭരണത്തിൻ്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ ജനങ്ങൾക്കാകെ കഴിയണം എന്നതാണ് ഇതിൻ്റെ ഉദ്ദേശം', മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: karuthalum kaithangum adalath state level inaguration by chief minister pinarayi vijayan
Published: 09 Dec 2024, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented