താമരശ്ശേരി: ഇടതുമുന്നണിയിൽ തുടരണമോയെന്നത് സംബന്ധിച്ച രാഷ്ട്രീയതീരുമാനം നിലവിലെ ഉപതിരഞ്ഞെടുപ്പുകൾക്കുശേഷം കൈക്കൊള്ളുമെന്ന് ഇടതുസഹയാത്രികനും കൊടുവള്ളിയിലെ മുൻ സി.പി.എം. സ്വതന്ത്ര എം.എൽ.എ.യുമായ കാരാട്ട് റസാഖ്.
നിലമ്പൂർ എം.എൽ.എ. പി.വി. അൻവറിനുപിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തുവന്ന കാരാട്ട് റസാഖ്, താൻ ഉന്നയിച്ച പരാതികൾക്ക് പത്തുദിവസത്തിനകം സി.പി.എം. പരിഹാരമാർഗം കാണണമെന്ന നിബന്ധനയുമായി ഇക്കഴിഞ്ഞ ഒക്ടോബർ 26-ന് രംഗത്തുവന്നിരുന്നു.
പ്രസ്തുത സമയപരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിൽ തുടർരാഷ്ട്രീയനിലപാട് സംബന്ധിച്ച് ‘മാതൃഭൂമി’യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്യപ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം. ജില്ലാ നേതാക്കൾ തന്നെ ബന്ധപ്പെട്ടതായി കാരാട്ട് റസാഖ് അറിയിച്ചു. പ്രശ്നം ചർച്ചചെയ്ത് പരിഹാരം കാണാമെന്നാണ് അറിയിച്ചത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലവിലെ സാഹചര്യത്തിൽ പാർട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കുകയും വിവാദത്തിലാക്കുകയും ചെയ്യുന്ന തീരുമാനങ്ങളെടുക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രാഷ്ട്രീയപരമായ തീരുമാനങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉപതിരഞ്ഞെടുപ്പിനുശേഷം വ്യക്തമാക്കാമെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി.
കൊടുവള്ളിയിൽ താൻ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം. താമരശ്ശേരി ഏരിയ-കൊടുവള്ളി ലോക്കൽ കമ്മിറ്റികൾ മുസ്‌ലിംലീഗും എം.എൽ.എ.യുമായിച്ചേർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം. ഇക്കാര്യത്തിലും തന്റെ തിരഞ്ഞെടുപ്പുതോൽവിക്ക് വഴിയൊരുക്കിയവർക്കെതിരേ നൽകിയ പരാതിയിലും നടപടിയാവാത്തപക്ഷം കടുത്തതീരുമാനമെടുക്കുമെന്നായിരുന്നു റസാഖിന്റെ മുൻ പ്രസ്താവന. ചേലക്കരയിൽപ്പോയി പി.വി. അൻവർ എം.എൽ.എ.യുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നായിരുന്നു കാരാട്ട് റസാഖ് അന്ന് മാധ്യമങ്ങളെ കണ്ടത്.
Content Highlights: Karat Razack on continuing in LDF
Published: 05 Nov 2024, 07:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented