കോഴിക്കോട്: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ പി.വി. അൻവർ എം.എൽ.എ നടത്തിയ ആരോപണങ്ങൾക്കൊപ്പം താനില്ലെന്ന് വ്യക്തമാക്കി കൊടുവള്ളിയിലെ സി.പി.എം മുൻ  സ്വതന്ത്ര എം.എൽ.എ. കാരാട്ട് റസാഖ്. താൻ ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും സഹയാത്രികനാണെന്നും അതിനാൽ പാർട്ടിക്കും മുന്നണിക്കും ഒപ്പം നിൽക്കാനേ സാധിക്കൂവെന്നും റസാഖ് പറഞ്ഞു.  

To advertise here,

അൻവർ ഇപ്പോൾ സ്വതന്ത്ര എം.എൽ.എ. ആയി മാറിയെന്ന് പറഞ്ഞ റസാഖ്, പ്രതിപക്ഷ എംഎൽഎയുടെ റോളിലേക്ക് അദ്ദേഹത്തിന് പോകാമെന്നും വേണമെങ്കിൽ കോൺ​ഗ്രസിലേക്ക് തിരികെ മടങ്ങാൻ സാധിക്കുമെന്നും വ്യക്തമാക്കി.

താൻ ആദ്യഘട്ടത്തിൽ അൻവറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നുവെന്നും എന്നാൽ അദ്ദേഹവുമായി സഹകരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും റസാഖ് വ്യക്തമാക്കി.  'പാർട്ടിയും മുഖ്യമന്ത്രിയും വിവാദങ്ങൾ അവസാനിപ്പിക്കാൻ അൻവറിന് നിർദേശം കൊടുത്തിരുന്നു. എന്നാൽ അൻവർ ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല. വീണ്ടും വീണ്ടും ആരോപണങ്ങൾ ആവർത്തിച്ചു. ഇപ്പോൾ പാർട്ടിക്കും മുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരേ അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്. 

പാർട്ടിയും മുന്നണിയും മുഖ്യമന്ത്രിയും അദ്ദേഹത്തോട് ചെയ്ത കാര്യങ്ങളിൽ എന്തെങ്കിലും പ്രയാസം നേരിട്ടതാവാം ഇത്തരം കാര്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. വിവാദവിഷയങ്ങളിൽ അൻവറിന് ബോധ്യപ്പെട്ട കാര്യങ്ങൾ എന്താണെന്ന് തനിക്കറിയില്ല. പാർട്ടി നിർദേശം  മറികടന്നുള്ള അഭിപ്രായപ്രകടനം അൻവറിന്റെ തീരുമാനമാണ്. ഓരോ മനുഷ്യർക്കും അഭിപ്രായവും നിലപാടുമുണ്ട്. അദ്ദേഹത്തിന്റെ ശൈലിയുമായി അദ്ദേഹത്തിന് പോകാം', കാരാട്ട് റസാഖ് കൂട്ടിച്ചേർത്തു.