കണ്ണൂര്‍: കേരളത്തെ പിടിച്ചുലച്ച എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ രണ്ടാഴ്ചയ്ക്ക്ശേഷം പി.പി. ദിവ്യ പോലീസ് പിടിയില്‍. ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.പി. ദിവ്യ കണ്ണപുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നും തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തുമെന്നാണ് പ്രാഥമികവിവരം. ദിവ്യയെ കസ്റ്റഡിയിലെടുത്തതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയില്ല.
എ.ഡി.എമ്മിന്റെ മരണത്തില്‍ പി.പി. ദിവ്യയ്ക്കെതിരേ കേസെടുത്തിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കാത്തത് പോലീസിന്റെ ഒത്തുകളിയാണെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാരും സി.പി.എമ്മും പോലീസുമായി ചേര്‍ന്ന് ദിവ്യയെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷകക്ഷികള്‍ അടക്കം തുറന്നടിച്ചു. ദിവ്യ ഒളിവിലാണെന്ന് പോലീസ് ആവര്‍ത്തിക്കുന്നതിനിടെയും ഇവരെ കണ്ടെത്താന്‍ പോലീസ് കാര്യക്ഷമമായ ഒരന്വേഷണവും നടത്തിയില്ലെന്നും ആരോപണമുണ്ടായി. ഒടുവില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് പോലീസിന് വേറെ മാർഗമില്ലാതായത്.
ഒക്ടോബര്‍ 14-ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തിനെതിരേ ആരോപണമുന്നയിച്ച് പ്രസംഗിച്ചശേഷം വേദിവിട്ടിറങ്ങിയ പി.പി. ദിവ്യ പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിറ്റേദിവസം എ.ഡി.എമ്മിന്റെ മരണവിവരം പുറത്തറിഞ്ഞത് മുതല്‍ കണ്ണൂരിലെ യുവനേതാവ് പൊതുരംഗത്തുനിന്ന് വിട്ടുനിന്നു. ഇതിനിടെ, പി.പി. ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കാനായിരുന്നു സി.പി.എമ്മിന്റെ ആദ്യശ്രമം. കണ്ണൂരിലെ സി.പി.എം. നേതാക്കളടക്കം ദിവ്യയുടെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തെ വിമര്‍ശിച്ചെങ്കിലും ദിവ്യ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ ഇടപെടലാണെന്നായിരുന്നു വിശദീകരിച്ചത്.
ആരോപണത്തിന്റെ പേരില്‍ ദിവ്യയുടെ രാഷ്ട്രീയജീവിതം വിട്ടുതരാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കളും പ്രതികരിച്ചു. എന്നാല്‍, പത്തനംതിട്ടയിലെ സി.പി.എം. എ.ഡി.എം. നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമായിരുന്നു. എ.ഡി.എമ്മിന്റെ മരണത്തില്‍ പി.പി.ദിവ്യയ്ക്കെതിരേ കര്‍ശന നടപടി വേണമെന്ന് പത്തനംതിട്ടയിലെ സി.പി.എം. ജില്ലാ നേതാക്കളടക്കം ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ സി.പി.എം. തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ദിവ്യയുടെ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ടു.
അതിനിടെ, എ.ഡി.എം. നവീന്‍ബാബുവിനെതിരേ സി.പി.എം. കേന്ദ്രങ്ങള്‍ ഉന്നയിച്ച പരാതിക്കഥയും പൊളിഞ്ഞുവീണു. പെട്രോള്‍പമ്പിന്റെ എന്‍.ഒ.സി.ക്കായി നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് അവകാശപ്പെട്ട പ്രശാന്തന്, മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെന്ന് പറഞ്ഞാണ് ആദ്യദിവസങ്ങളില്‍ ഒരു പരാതിയുടെ പകര്‍പ്പ് പ്രചരിപ്പിച്ചത്. എന്നാല്‍, ഈ പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ എത്തിയിരുന്നില്ല. മാത്രമല്ല, പരാതിക്കാരന്റെ ഒപ്പും വ്യത്യസ്തമായിരുന്നു. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമായി. പിന്നാലെ പ്രശാന്തന് മാധ്യമങ്ങള്‍ക്ക് മുന്നില്‍പോലും വരാതെ മുങ്ങിനടന്നു.
എ.ഡി.എമ്മിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ ഒക്ടോബര്‍ 17-നാണ് പി.പി. ദിവ്യക്കെതിരേ പോലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. ഈ സമയത്താണ് തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് പി.പി. ദിവ്യ പ്രസ്താവനയിറക്കിയത്. പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും നല്കി. അതിനിടെ, പാര്‍ട്ടി നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സി.പി.എം. സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. പാര്‍ട്ടി രണ്ടുതട്ടില്‍ അല്ലെന്നും നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍, പാര്‍ട്ടി നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് ആവര്‍ത്തിക്കുമ്പോഴും ദിവ്യയുടെ അറസ്റ്റും ചോദ്യംചെയ്യലും വൈകുന്നത് പ്രതിപക്ഷകക്ഷികള്‍ ആയുധമാക്കി. ഒരേസമയം വേട്ടക്കാരനൊപ്പവും ഇരയ്ക്കൊപ്പവും സഞ്ചരിക്കുകയാണ് സി.പി.എം. ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേസെടുത്തിട്ടും ദിവ്യയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നും ആരോപണം ശക്തമായി. ഇതിനിടെയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഒടുവില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയമായിട്ടായിരുന്നു ദിവ്യയുടെ കീഴടങ്ങലും.
എസ്.എഫ്.ഐ.യിലൂടെ പാര്‍ട്ടിയിലേക്ക്...
ജനിച്ച നാടിന്റെ സ്വാധീനമാണ് പുതിയപുരയില്‍ ദിവ്യയെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. പാര്‍ട്ടി ഗ്രാമത്തിലെ നിരന്തര രാഷ്ട്രീയ ഇടപെടലുകളും നാടകപ്രവര്‍ത്തനായ അച്ഛന്റെ സ്വാധീനവും സഖാക്കളുമായുള്ള ആത്മബന്ധങ്ങളുമെല്ലാം ചെറിയ പ്രായത്തില്‍ തന്നെ ദിവ്യയെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചു. ഇരിണാവ് എല്‍.പി സ്കൂള്‍, കുഞ്ഞിക്കണ്ണന് വൈദ്യര് സ്മാരക മുസ്ലിം യു.പി സ്കൂള്‍, ചെറുകുന്ന് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക ഗവ. കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെയാണ് സജീവ എസ്.എഫ്.ഐ സംഘടനാപ്രവര്ത്തകയായി ദിവ്യ മാറുന്നത്. പിന്നീട് മലയാള ബിരുദ പഠനത്തിന് അവിടെ ചേരുമ്പോഴേക്കും കോളേജിന് പുറത്തേക്ക് സംഘടനാ പ്രവര്‍ത്തനം വളര്‍ന്നിരുന്നു. എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന ഉപഭാരവാഹിയുമായി. ഇപ്പോള്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന് സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. 2005 മുതല്‍ 2010 വരെ ദിവ്യ ചെറുകുന്ന് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്നു. 2010-15 ല്‍ കല്യാശേരി ഡിവിഷനില്‍ നിന്ന് ജയിച്ച് വൈസ് പ്രസിഡന്റായി.
പി.കെ ശ്രീമതിക്കും പി. സതീദേവിക്കും കെ.കെ ശൈലജയ്ക്കും പിന്നാലെ സി.പി.എം വളര്‍ത്തിക്കൊണ്ടുവന്ന നേതാവാണ് ദിവ്യ. ഇവരൊക്കെ എത്തിയ പോലെ തന്നെ എം.എല്‍.എ സ്ഥാനവും മന്ത്രി സ്ഥാനവും പാര്‍ട്ടി സംസ്ഥാന നേതൃത്വവുമെല്ലാം ദിവ്യക്കും പ്രതീക്ഷിച്ചവര്‍ ഏറെയാണ്. അവിടെ നിന്നാണ് ദിവ്യയുടെ രാഷ്ട്രീയജീവിതത്തില്‍ അപ്രതീക്ഷിത വീഴ്ചയുണ്ടായത്.
Content Highlights: kannur adm death finally pp divya in police custody
Published: 29 Oct 2024, 04:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented