മക്കള്‍ പീഡിപ്പിക്കപ്പെട്ടാല്‍ അമ്മക്ക് ഉറങ്ങാനാകുമോ?; കേരളശ്രീപുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി


ശ്യാം മുരളി

കാനായി കുഞ്ഞിരാമൻ | ഫോട്ടോ: ബിജു വർഗീസ്

കോഴിക്കോട്: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍. ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിലുള്ള തന്റെ ശില്‍പങ്ങള്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലം വികലമാക്കപ്പെടുന്ന സാഹചര്യത്തിലാണ് തല്‍ക്കാലം പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. തന്റെ മൂന്നു മക്കള്‍ പീഡിപ്പിക്കപ്പെട്ട ഒരു അമ്മയുടെ മാനസികാവസ്ഥയാണ് താന്‍ അനുഭവിക്കുന്നതെന്നും ഈ വേദന ഉള്ളിടത്തോളം കാലം പുരസ്‌കാരം സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണഗതിയില്‍ പുരസ്‌കാരങ്ങള്‍ക്കായി ശ്രമിക്കാറില്ലെങ്കിലും ഇത് ഇങ്ങോട്ടുവന്ന പുരസ്‌കാരമായതുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ശ്രദ്ധക്കുറവു മൂലം എന്റെ പ്രൊജക്ടുകള്‍ മുഴുവന്‍ താറുമാറായിരിക്കുകയാണ്. ശംഖുമുഖത്തെ മത്സ്യകന്യക ശില്‍പത്തിന്റെ പരിസരം മുഴുവന്‍ വികൃതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇതൊക്കെ ചെയ്തത്. മത്സ്യകന്യക ശില്‍പത്തിനു പിന്നിലായി, ശില്‍പത്തിന്റെ കാഴ്ചയെ നശിപ്പിക്കുംവിധത്തില്‍ ഹെലിപാഡ് കൊണ്ടുവന്നിരിക്കുകയാണ്. ആ ഹെലിപാഡ് അവിടെനിന്ന് മാറ്റിയേ പറ്റൂ.അതുപോലുള്ള അവസ്ഥയാണ് വേളിയിലെ ശംഖ് ശില്‍പത്തിനുമുള്ളത്. ആര്‍ക്കും വേണ്ടാതെ കിടന്ന പ്രദേശമായിരുന്നു അത് ഒരുകാലത്ത്. 1985-ല്‍ ആണ് എന്നെ ഏല്‍പിക്കുന്നത്. പത്തുപന്ത്രണ്ട് വര്‍ഷം മെനക്കെട്ടിട്ട് അവിടം ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റി. അതും കടകംപള്ളിയുടെ കാലത്ത് വൃത്തികേടാക്കി. വികസനം നടപ്പാക്കേണ്ടതും കാത്തുരക്ഷിക്കേണ്ടതും സര്‍ക്കാരും മന്ത്രിയുമാണ്. എന്നാല്‍ ഇപ്പോള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കാനായി പറഞ്ഞു.

അതുപോലെയാണ് കണ്ണൂര്‍ പയ്യാമ്പലത്തെ ശില്‍പവും. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിലാണ് പയ്യാമ്പലത്ത് അമ്മയും കുട്ടിയും എന്ന ലാന്‍ഡ് ആര്‍ട്ട് അടക്കമുള്ളവ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അതും നശിപ്പിക്കുകയാണ്. ശില്‍പത്തിന്റെ മുന്നില്‍ത്തന്നെ ഒരു ടവര്‍ നിര്‍മിച്ചിരിക്കുകയാണ്. അത് ശില്‍പത്തിന്റെ കാഴ്ചയെ ആകെ വികൃതമാക്കും. ഇപ്പോള്‍ സമരത്തെ തുടര്‍ന്ന് അത് മാറ്റാമെന്ന് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിച്ചു. അത് നടപ്പാക്കണം, കാനായി പറഞ്ഞു.

ലോകം മുഴുവന്‍ സഞ്ചരിച്ച ഒരാളെന്ന നിലയില്‍ നമ്മുടെ നാട് വളര്‍ന്നുവരണം എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ കാര്യങ്ങള്‍ ചെയ്തത്. പുരസ്‌കാരമല്ല പ്രശ്‌നം. 69 മുതല്‍ ഇന്നുവരെ നിര്‍ത്താതെ വര്‍ക്ക് ചെയ്തത് പണത്തിനുവേണ്ടി ആയിരുന്നില്ല. എല്ലാം പണം വാങ്ങാതെ ചെയ്തതാണ്. അതൊക്കെ നാടിനുവേണ്ടിയായിരുന്നു. കൂടെ നില്‍ക്കേണ്ട സര്‍ക്കാരുകള്‍ അത് ചെയ്തില്ല. മാറിമാറിവരുന്ന സര്‍ക്കാരുകളെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഡിടിപിസിയില്‍ വരുന്ന ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നിയതുപോലെ ഓരോ കാര്യങ്ങള്‍ ചെയ്യുകയാണ്. എന്താണ് ടൂറിസം എന്നോ, എന്താണ് കേരള സംസ്‌കാരം എന്നോ ഒരു വിവരവും ഇല്ലാത്തവരാണ് ഇവര്‍. ഒന്നുകില്‍ ഇതിന്റെയെല്ലാം സംരക്ഷണം പ്രൈവറ്റൈസ് ചെയ്യണം. അങ്ങനെയായാല്‍ അവരെ നിയന്ത്രിക്കാന്‍ നമുക്ക് പറ്റും, അദ്ദേഹം പറഞ്ഞു.

നിരവധി തവണ ഈ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ്. മുഖ്യമന്ത്രിയോടുതന്നെ നേരിട്ട് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നു പറഞ്ഞു, നടപടിയൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രി തിരക്കുള്ള ആളാണ്. എന്നാല്‍ വകുപ്പ് മന്ത്രിമാര്‍ക്ക് വിഷയത്തില്‍ ഇടപെടാം. എന്നാല്‍ അതുണ്ടായില്ല. ടൂറിസം മന്ത്രിക്ക് എന്താണ് ടൂറിസം എന്ന കാര്യത്തില്‍ വിവരം വേണം. സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് അറിയണം. പാശ്ചാത്യ രാജ്യങ്ങളില്‍ ഒരോ മേഖലകളുമായും ബന്ധപ്പെട്ട ആള്‍ക്കാരാണ് മന്ത്രിമാരാകുന്നത്. ആരെയെങ്കിലും പിടിച്ച് മന്ത്രിയാക്കിയാല്‍ ശരിയാവില്ല. ഇപ്പോള്‍ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്.

തല്‍ക്കാലം പുരസ്‌കാരം സ്വീകരിക്കുന്നില്ല. സ്വീകരിക്കാന്‍ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. വലിയ വിഷമമാണ് എനിക്ക് എന്റെ ശില്‍പങ്ങളുടെ കാര്യത്തിലുള്ളത്. തന്റെ മൂന്ന് മക്കള്‍ പീഡിപ്പിക്കപ്പെട്ടാല്‍ ആ അമ്മയ്ക്ക് ഉറങ്ങാന്‍ പറ്റുമോ? അതുപോലെയാണ് എന്റെ അവസ്ഥ. എന്റെ മൂന്ന് ശില്‍പങ്ങളും പീഡിപ്പിക്കപ്പെട്ടു. ഈ വേദന ഉള്ളിടത്തോളം കാലം തനിക്ക് പുരസ്‌കാരം സ്വീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kanayi kunhiraman rejects kerala sree award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented