കെ. വിദ്യ, കാലടി സർവകലാശാലയ്ക്ക് നൽകിയ കത്ത് | Photo: Screen grab/ Mathrubhumi News
കൊച്ചി: പി.എച്ച്.ഡി. പ്രവേശനം നിഷേധിച്ചതിനെതിരെ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യ കാലടി സര്‍വകലാശാലയ്ക്ക് നല്‍കിയ കത്ത് പുറത്ത്. എഴുത്ത് പരീക്ഷയ്ക്ക് തനിക്ക് ഒന്നാം റാങ്കുണ്ടെന്നും അത് അഭിമുഖത്തില്‍ പരിഗണിച്ചില്ലെന്നും വിദ്യ കത്തില്‍ അവകാശപ്പെടുന്നു. പ്രവേശനപ്പട്ടിക പുനഃപരിശോധിക്കണമെന്നും കത്തില്‍ ആവശ്യം.
ജെ.ആര്‍.എഫ്. അടക്കം മറ്റ് അധിക യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കാണ് കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പ്രവേശനപരീക്ഷ നടത്തിയത്. ഇതില്‍ തനിക്ക് ഒന്നാം റാങ്ക് ലഭിച്ചുവെന്നും ഇതിന്റെ മാര്‍ക്ക് പരിഗണിക്കാതെയാണ് പ്രവേശനപ്പട്ടിക തയ്യാറാക്കിയതെന്ന് വിദ്യ കത്തില്‍ പറയുന്നു. റിസര്‍ച്ച് കമ്മിറ്റി താനടക്കം 15 പേരെ അഡ്മിഷന് നിര്‍ദേശിച്ചെങ്കിലും 10 പേരുടെ ലിസ്റ്റാണ് സര്‍വകലാശാല പുറത്തുവിട്ടത്. എഴുത്ത് പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് കൂടി പരിഗണിച്ച് അഡ്മിഷന്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച വിജ്ഞാപനത്തില്‍ പത്തു സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് മറികടന്നാണ് വിദ്യയടക്കം 15 പേര്‍ക്ക് പ്രവേശനം നല്‍കിയത്. നിയമപരമല്ലാതെ വിജ്ഞാപനം തിരുത്തിയാണ് അഞ്ചുപേര്‍ക്ക് അധികമായി ഈ കത്തുകൂടി പരിഗണിച്ച് പ്രവേശനം നല്‍കിയത്.
'ആവിഷ്‌കാര സ്വാതന്ത്ര്യനിഷേധം മലയാള സാഹിത്യ ജനുസുകളില്‍: ഇന്ത്യന്‍ ഭരണഘടനയുടെ 19 ആം അനുച്ഛേദം ആസ്പദമാക്കിയുള്ള പഠനം', എന്നാണ് മലയാളം വിഭാഗത്തില്‍ ഗവേണത്തിനായി വിദ്യ കത്തില്‍ ചൂണ്ടിക്കാണിക്കുന്ന വിഷയം. ഈ വിഷയത്തില്‍ ഡോ. ബിച്ചു എക്‌സ്. മലയില്‍ തന്റെ ഗൈഡായി പ്രവര്‍ത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യയുടെ പി.എച്ച്.ഡി. പ്രവേശനം വിവാദമായതോടെ ബിച്ചു എക്‌സ് മലയില്‍ ഗൈഡ് സ്ഥാനത്ത് നിന്ന് പിന്മാറിയിരുന്നു.
Content Highlights: k vidhya Sree Sankaracharya University phd admission vidhya out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..