പത്തനംതിട്ട: സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചെയ്യുന്നതെന്ന എ.സി. മൊയ്തീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മന്ത്രിയായിരുന്ന കാലത്ത് ചെയ്ത കൊള്ളരുതായ്മകള്‍ വെളിച്ചത്തുവരാതിരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് സുരേഷ് ഗോപിക്കെതിരെയുള്ള എ.സി. മൊയ്തീന്റെ പ്രസ്താവനയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ വ്യാമോഹം മാത്രമാണെന്നും പത്തനംതിട്ടയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
'സുരേഷ് ഗോപിയ്ക്കുവേണ്ടി എന്തിനാണ് ഇ.ഡി. കളമൊരുക്കുന്നത്? സുരേഷ് ഗോപി 2019 ല്‍ മത്സരിച്ചത് ഈ.ഡി. കളമൊരുക്കിയിട്ടാണോ? സുരേഷ് ഗോപി രാജ്യസഭാംഗമായത് ഇഡി കളമൊരുക്കിയിട്ടാണോ? സുരേഷ് ഗോപിയ്ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത് ആരെങ്കിലും കളമൊരുക്കിയിട്ടാണോ? തെറ്റുകള്‍ മറച്ചുവെയ്ക്കാന്‍ മറ്റുചിലയാളുകളെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാമെന്നാണ് മൊയ്തീന്‍ വിചാരിക്കുന്നത്. പക്ഷെ മൊയ്തീന്‍ ഇതില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഈ കള്ളത്തരത്തിനെല്ലാം കൂട്ടുനിന്നത് മൊയ്തീനാണ്. മൊയ്തീനും മൊയ്തീന്റെ ബിനാമികളും മൊയ്തീന്റെ ബന്ധുക്കളും ചേര്‍ന്നാണ് കരുവന്നൂരില്‍ വലിയ കൊള്ള നടത്തിയത്. സതീശന്‍ നടത്തിയ കൊള്ളയിലും അരവിന്ദാക്ഷന്‍ നടത്തിയ കൊള്ളയിലും മൊയ്തീന്റെ പങ്ക് വളരെ വ്യക്തമാണ്. കറുത്ത കൈകളാണ് മൊയ്തീന്റേത്. അത് സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കാന്‍ നോക്കണ്ട', സുരേന്ദ്രൻ പറഞ്ഞു.
'മൊയ്തീനെപ്പോലെ ഒരഴിമതിക്കാരന്‍ എന്തെല്ലാം കൊള്ളരുതായ്മകള്‍ ചെയ്തിരുന്നോ അതൊക്കെയാണ് ഇപ്പോള്‍ വെളിച്ചത്തുവരുന്നത്. അതുകൊണ്ട് സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ ഒരു വ്യാമോഹം മാത്രമാണ്. ഇ.ഡിയെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് പറയുന്നത് ഒരു വല്ലാത്ത കണ്ടുപിടിത്തമാണ്. സുരേഷ് ഗോപി ജയിക്കുമെന്ന കാര്യം ഇപ്പോള്‍ ഏതാണ്ടെല്ലാവര്‍ക്കും ഉറപ്പാണ്. അതുകൊണ്ട് ഇ.ഡി. വന്നതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത് എന്നുവരുത്തിത്തീര്‍ക്കാന്‍ മുന്‍കൂട്ടി പറയുന്നതാണിത്. ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ക്ക് എ.സി. മൊയ്തീനേയും അറിയാം സുരേഷ് ഗോപിയോയും അറിയാം. സുരേഷ് ഗോപി വിചാരിക്കുന്ന വഴികളിലാണ് തൃശ്ശൂരില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അതിലുള്ള വെപ്രാളമാണ് ഇപ്പോള്‍ അവര്‍ പഞ്ഞുകൊണ്ടിരിക്കുന്നത്', സുരേന്ദ്രൻ വ്യക്തമാക്കി.
സഹകരണബാങ്കുകളില്‍ പണം നിക്ഷേപിച്ച് ഹതാശരായവരുടെ പരാതികള്‍ കേള്‍ക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സമയം നീക്കിവെക്കണമെന്നും എല്ലാ മന്ത്രിമാരും ഇതിനായി സംവിധാനമുണ്ടാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. നിക്ഷേപകരുടെ പണമെന്ന് തിരിച്ചുകിട്ടും, കുറ്റവാളികളുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കും തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് വിശദീകരണം നല്‍കാനും നഷ്ടപ്പെട്ട പണത്തിന് ഒരുറപ്പുനല്‍കാനുമുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സഹകരണമേഖലയിലെ അഴിമതിക്കെതിരായി നടത്തുന്ന അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ഈ പരിശ്രമമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. സഹകരണപ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയ്ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
Content Highlights: K Surendran, Press Meet, Suresh Gopi, A C Moideen, Kerala News
Published: 08 Oct 2023, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented