കൊച്ചി: എൽഡിഎഫിന് അർഹമായ ഭരണത്തുടർച്ച നഷ്ടമായതൊഴിച്ചാൽ ഇടതുപക്ഷത്തിന് ആകെ തകർച്ചയെന്ന് വരുത്താൻശ്രമിക്കുന്ന പ്രചാരണങ്ങളിൽ കുടുങ്ങരുതെന്ന് സിപിഎം സംസ്ഥാന സമിതിയംഗവും കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന കെ. അനിൽകുമാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനുമുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കെ. അനിൽകുമാർ 35986 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ തിരുവഞ്ചൂർ രാധാകൃഷ്ണനോട് പരാജയപ്പെട്ടത്.

To advertise here,

'നഷ്ടബോധമല്ല വേണ്ടത്' എന്നുപറഞ്ഞാണ് അനിൽകുമാറിന്റെ ദീർഘമായ കുറിപ്പ് ആരംഭിക്കുന്നത്. ഇപ്പോഴും 81.25 ലക്ഷം വോട്ടർമാരെ പ്രതിനിധീകരിക്കുന്ന ശക്തമായ മുന്നണിയാണ് എൽഡിഎഫ്. യുഡിഎഫിന്റെ ഒരുകോടിയുടെ വലിപ്പം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് മേൽ ചോദ്യങ്ങൾ ഉയർത്തും. കാരണം മതരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിനാണ് അതിൽ മേൽക്കൈ. കേരളത്തിലെ യുഡിഎഫിന്റെ മുൻ ഭരണകാലം എങ്ങനെ വർഗീയ ശക്തികൾക്ക് വളമായി എന്നത് മറക്കരുത്. തോറ്റാലും ജയിച്ചാലും സംഘടനാപരമായ കുറവുകൾ പാർട്ടി പരിശോധിക്കണം. അതിന് പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്ര കമ്മിറ്റി മുതൽ എല്ലാവരും സ്വീകരിക്കും.

ഒരു മുതലാളിത്ത വ്യവസ്ഥയിലെ തീവ്രവലതുപക്ഷ നവ ഫാസിസ്റ്റ് സർക്കാരിന്റെ കാലത്ത് മികവാർന്ന ഭരണം കാഴ്ചവെച്ച കേരളത്തിലെ രണ്ട് സർക്കാരുകൾ ദേശീയ മാതൃകയാണ്. എല്ലാ ഇടതുസർക്കാരുകളെയുംപോലെ രണ്ട് പിണറായി സർക്കാരുകളും ചരിത്രത്തിൽ സ്ഥാനംപിടിച്ചുകഴിഞ്ഞു. ആഗോളവത്കരണ സാമ്പത്തിക നയങ്ങൾക്കെതിരായ ബദൽ ആയിരുന്നു നമ്മുടെ സർക്കാർ. അതുപോലെ ഒരു സർക്കാരിനെ നിർമിക്കാൻ യുഡിഎഫിനെയോ കോൺഗ്രസിനെയോ ബിജെപിയെയോ വെല്ലുവിളിക്കുകയാണെന്നും കെ. അനിൽകുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

നഷ്ടബോധമല്ല വേണ്ടത്..

എൽ ഡി എഫിന് അർഹമായ ഒരു ഭരണ തുടർച്ച നഷ്ടമായിയെന്നതൊഴിച്ചാൽ ഇടതുപക്ഷത്തിനു് ആകെ തകർച്ചയെന്നു വരുത്താൻ ശ്രമിക്കുന്ന പ്രചാരണങ്ങളിൽ കുടുങ്ങാതിരിക്കുക.

1. 81.25 ലക്ഷം വോട്ടർമാരെ പ്രതിനിധീകരിക്കുന്ന ശക്തമായ മുന്നണിയാണ് എൽഡിഎഫ്.

2. യുഡിഎഫിന്റെ ഒരു കോടിയുടെ വലുപ്പം രാജ്യത്തിന്റെ മതനിരപേക്ഷതക്ക് മേൽ ചോദ്യങ്ങൾ ഉയർത്തും. കാരണം ഒരു മത രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രീയത്തിനാണു അതിൽ മേൽക്കൈ..

3. മതരാഷട്രീയം കൈകാര്യം ചെയ്യുന്നവരിൽ ഒരു കൂട്ടർ അധികാരത്തിൽ തുടരുന്നത് അതിന്റെ പ്രച്ഛന്ന എതിരാളികളായി അഭിനയിക്കുന്ന ബി.ജെപി മുതലെടുക്കും എന്നതാണു പ്രധാന വെല്ലുവിളി.

4. പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തെ തകർക്കാൻ തൃണമൂലും കോൺഗ്രസ്സും ചേർന്നു നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ അടിത്തറ ന്യൂനപക്ഷ വർഗീയതയായിരുന്നു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഒരു സംസ്ഥാനത്ത് മതേതരത്വത്തിൽ ഉറച്ചു നിന്ന ഇടതുപക്ഷത്തെ തകർക്കാൻ മമത ആശ്രയിച്ചത് ന്യൂനപക്ഷ പ്രീണനമായിരുന്നു

കേരളത്തിൽ എസ്.ഐ.ആറിന്റെ പേരിൽ മുസ്ലിംലീഗ് കേരളത്തിൽ എൽഡിഎഫിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നുണ പ്രചരിപ്പിച്ചപ്പോൾ അതിന്റെ ഗുണഭോക്താവായി ലീഗ് മാറി.

5.ബംഗാളിലാകട്ടെ അതിന്റെ ഗുണഭോക്താവ് ബിജെപിയും ആർഎസ്.എസും ആയി മാറി.

6. ന്യൂനപക്ഷ വർഗീയതയെ ആഘോഷിച്ച മമതക്ക് 15 വർഷം കിട്ടി. ഇനി അവർക്ക് തിരിച്ചുവരാനാകില്ല. മറുഭാഗത്ത് ബിജെപി മതപരമായ ഏകീകരണം ശക്തമാക്കാനുള്ള നീക്കങ്ങളിലാണു. അത് വർഗീയ കലാപങ്ങളായി മാറിയാൽ അതിനെക്കാൾ അപകടകരമാകും.

7. ബിജെപിക്കെതിരെ മതനിരപേക്ഷതയെ അടിസ്ഥാനമാക്കി പൊരുതുന്നവർക്കൊപ്പം അണിനിരക്കുകയെന്ന രാഷ്ട്രീയ ബോധ്യത്തിലേക്ക് മാറാതെ ബംഗാളിന് രക്ഷയില്ല. അതിൽ പൊരുതാനുള്ള ശേഷി ഇടതുപക്ഷത്തിനുണ്ട് എന്ന തിരിച്ചറിവ് ബംഗാളിലെ തെരുവുകൾ നൽകുന്നുണ്ട്.

8. കേരളത്തിലെ യുഡിഎഫിന്റെ മുൻ ഭരണകാലം എങ്ങനെ വർഗീയ ശക്തികൾക്ക് വളമായി എന്നത് മറന്നുകൂടാ. അതിനാൽ നമ്മുടെ ജീവിത വിഷയങ്ങളിൽ രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉയർത്തുകയെന്ന വലിയ ചുമതലയാണു ഇടതുപക്ഷം വഹിക്കേണ്ടത്

9. തോറ്റാലും ജയിച്ചാലും സംഘടനാപരമായ കുറവുകൾ പാർട്ടി പരിശോധിക്കണം. അതിനു പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്ര കമ്മറ്റി മുതൽ എല്ലാവരും സ്വീകരിക്കും. ഉപരിപ്ലവവും വൈയക്തികവുമായ നവ മാധ്യമ ചർച്ചകളും ഫ്‌ളക്‌സ് പ്രദർശനവും വലതുപക്ഷ മാധ്യമങ്ങളെ സന്തോഷിപ്പിക്കുകയേയുള്ളു. നമ്മെ പിന്തുടർന്നാക്രമിക്കുന്ന വലതുപക്ഷ മാധ്യമപ്പടക്ക് വിരുന്നൊരുക്കാൻ തുനിയരുത്.

10. നമ്മുടെ ആഭ്യന്തര ചർച്ചകളെന്ന നിലയിൽ മാധ്യമങ്ങൾ നൽകുന്ന ആഖ്യാനങ്ങൾ വീണ്ടും നമ്മളെ ദുർബലപ്പെടുത്താൻ മാത്രമുള്ളതാണ്.

11.ഭരണഭാരം ഒഴിഞ്ഞതോടെ വന്ന മാറ്റം:

ഒരു മുതലാളിത്ത വ്യവസ്ഥയിലെ തീവ്രവലതുപക്ഷ നവഫാസിസ്റ്റ് സർക്കാരിന്റെ കാലത്ത് മികവാർന്ന ഭരണം കാഴ്ചവച്ച കേരളത്തിലെ രണ്ട് ഗവൺമെന്റുകൾ ദേശീയ മാതൃകയാണ്. വൈയക്തിക ന്യൂനതകൾ പ്രചരിപ്പിച്ചും ആഘോഷിച്ചും അതിന്റെ ശോഭ കെടുത്താനാണ് വലതുപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത്. എല്ലാ ഇടതു സർക്കാരുകളേയും പോലെ രണ്ട് പിണറായി സർക്കാരുകളും ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. അതുപോലെ ഒന്നിനെ നിർമ്മിക്കാൻ യുഡിഎഫിനെയോ

കോൺഗ്രസ്സിന്റെയോ ബിജെപിയുടേയോ മറ്റു സംസ്ഥാന സർക്കാരുകളെ വെല്ലുവിളിക്കുകയാണു.

പിണറായി സർക്കാരുകൾ നടപ്പാക്കാൻ ബാക്കിവച്ച ഏതെങ്കിലും വാഗ്ദാനം ഉണ്ടെങ്കിൽ ചർച്ചയാകാം

നിലവിലുള്ള മലയോര -തീരദേശ പാതകളും കിഫ്ബി പദ്ധതികളും തുടരുമോ?

എൽഡിഎഫിന്റെയും സിപിഐഎംന്റെയും ഘടകങ്ങൾ സ്വയം വിമർശനപരമായി ചർച്ചകൾ നടത്തി ഭാവിയിൽ എന്തു ചെയ്യണമെന്നു നിശ്ചയിക്കും

തൊഴിലാളി -കർഷകവർഗ്ഗങ്ങളുടേയും മറ്റ് ജനവിഭാഗങ്ങളുടേയും ജീവിത സമരമാണു പ്രധാനം.

ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾക്കെതിരായ ബദൽ ആയിരുന്നു നമ്മുടെ സർക്കാർ. നവ ലിബറൽ നയങ്ങൾ നടപ്പാക്കുന്നതിൽ മോദി സർക്കാരും വരുന്ന യുഡിഎഫ് സർക്കാരും പരസ്പരം സഹകരിക്കുകയാണ്. പ്രത്യയശാസ്ത്രപരമായി ഒരേ പാതയിൽ സഞ്ചരിക്കുന്നവർക്ക് കേന്ദ്രത്തിലും കേരളത്തിലും അധികാരം കിട്ടുകയാണുണ്ടായത്. കോർപ്പറേറ്റുകൾ ഹാപ്പി.. അവർക്ക് പത്തുവർഷം ലഭിക്കാതിരുന്ന കേരളത്തിന്റെ വിഭവങ്ങൾ സ്വന്തമാക്കാനുള്ള അവസരമായിട്ടാണ് അവർ പുതിയ സർക്കാരിനെ കാണുക. അതിനാൽ

ഹിന്ദുത്വ - കോർപ്പറേറ്റ് വാഴ്ചക്കെതിരെ ദേശീയ തലത്തിലുള്ള സമരം കേരളത്തിലെത്തുമ്പോൾ അതേ നയം നടപ്പാക്കുന്ന കോൺഗ്രസ്സ് -ലീഗ് മുന്നണിക്കെതിരായി കൂടി മാറുന്നു.

അത് തിരിച്ചറിയുകയെന്നതിലേക്ക് ജനങ്ങളുടെബോധ്യത്തെ വളർത്താൻ ക്ഷമാപൂർവ്വമായി പ്രവർത്തിക്കാം. നഷ്ടബോധം പാർലമെന്ററി വ്യാമോഹമാണ്. എന്നാൽ പാർലമെന്റിനു പുറത്തെ സമരങ്ങൾ വഴി നമ്മുടെ അടിത്തറ വികസിക്കും. ബംഗാളിലെ പുതിയ തലമുറയുടെ പോരാട്ടം അതു സാക്ഷ്യപ്പെടുത്തുന്നു. പുതിയ സമര നിര ഉയരും.