
തൃശ്ശൂര്‍: 'അച്ഛാ കുറുമ്പൊന്നും കാണിക്കുന്നില്ലല്ലോ, ഓക്‌സിജന്‍ മാസ്‌ക് വലിച്ചൂരാന്‍ നോക്കല്ലേ-വീട്ടിലേയ്ക്ക് വിളിക്കുമ്പോഴെല്ലാം കുസൃതിനിറച്ച ശബ്ദത്തില്‍ പ്രദീപ് ചോദിക്കും. പതിവുവിളി എത്താതായതോടെ ബുധനാഴ്ച രാത്രി മുതല്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍ ഭാര്യ കുമാരിയോട് ചോദിച്ചുകൊണ്ടേയിരുന്നു, പ്രദീപ് മോന്റെ വിളി വന്നില്ലല്ലോ... ഒടുവില്‍ വ്യാഴാഴ്ച രാവിലെ ബന്ധുക്കളെല്ലാം ചേര്‍ന്ന് ആ അച്ഛനെ വിവരമറിയിച്ചു, ആ വിളി ഇനി വരില്ലെന്ന്.
കൂനൂരില്‍ ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ഫ്‌ളൈറ്റ് ഗണ്ണറായ പ്രദീപ്കുമാര്‍ ഇനി തന്നെ കാണാന്‍ എത്തില്ലെന്ന സത്യം അച്ഛന് ഇനിയും ബോധ്യമായിട്ടില്ല. വീട്ടിലൊരുക്കിയ വെന്റിലേറ്ററില്‍ കഴിയുന്ന രാധാകൃഷ്ണന്‍ ഉണര്‍വിന്റെ വേളകളില്‍ ഭാര്യയോട് അന്വേഷിച്ചുകൊണ്ടേയിരുന്നു, മകനെവിടെയെന്ന്. മറുപടി ലഭിക്കാതാകുമ്പോള്‍ ഇളയ മകന്‍ പ്രസാദിനെയും അദ്ദേഹം തിരക്കുന്നു. ഇതിനെല്ലാമിടയില്‍ വിങ്ങുന്ന മനസ്സുമായി ദുഃഖം സഹിച്ച് പ്രദീപിന്റെ അമ്മയിരുന്നു. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും സ്‌നേഹസംരക്ഷണത്തില്‍ ആ അമ്മ കാത്തിരിക്കുകയാണ്, മകനെ അവസാനമായൊന്നു കാണാന്‍.
അപകടവിവരമറിഞ്ഞ് ബുധനാഴ്ച തന്നെ കോയമ്പത്തൂരിലേയ്ക്ക് തിരിച്ചതാണ് പ്രദീപിന്റെ സഹോദരന്‍ പ്രസാദ്. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളും കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്‌സിലാണുള്ളത്. പ്രസാദിനു പിന്നാലെ ശ്രീലക്ഷ്മിയുടെ അച്ഛനും കോയമ്പത്തൂരെത്തിയിട്ടുണ്ട്. പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിന് സമീപത്തുള്ള പ്രദീപിന്റെ ഇരുനില വീടിനുള്ളിലേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല. പൂമുഖത്തെ ഇരു തൂണുകളും ചേര്‍ത്ത് ചുവന്ന റിബ്ബണ്‍ കെട്ടിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ മുതല്‍ നാട്ടുകാരും അയല്‍ക്കാരും കാത്തിരിക്കുകയാണ്. വീടിനുള്ളിലും പൂമുഖത്തുമായി ഏതാനും ബന്ധുക്കളുണ്ട്. പൂമുഖത്ത് വ്യോമസേനാ വേഷമിട്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന പ്രദീപിന്റെ ചിത്രം. അതിനു മുന്നില്‍ വിളക്ക് തെളിയുന്നു. എല്ലാവരും കാത്തിരിക്കുകയാണ് പ്രിയപ്പെട്ട പ്രദീപിന് അവസാനമായി അന്ത്യാഞ്ജലി നല്‍കാന്‍.
മരണത്തോളം കാത്തുസൂക്ഷിച്ച വിശ്വസ്തത
ഒല്ലൂര്‍: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സുരക്ഷാടീമിലെ ജൂനിയര്‍ വാറന്റ് ഓഫീസറും സുലൂരിലെ ഫ്‌ളൈറ്റ് എന്‍ജിനീയറുമായിരുന്നു പ്രദീപ്കുമാര്‍. എന്നാല്‍, ഈ പദവിയില്‍ നിയമിതനായിട്ടും പ്രദീപ് ഇക്കാര്യം നാട്ടിലും വീട്ടിലും ആരോടും പങ്കുവെച്ചിട്ടില്ല. തന്റേത് വലിയൊരു പദവിയും ദൗത്യവുമായിരുന്നുവെന്നത് വലിയ വിശേഷമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചുമില്ല.
ഈയടുത്ത് നാട്ടില്‍ വന്ന് മടങ്ങിയ പ്രദീപ് ഏതാനും ദിവസം മുമ്പാണ് ഹെലികോപ്റ്ററില്‍ ഔദ്യോഗിക യൂണിഫോം ധരിച്ച ചിത്രം മൊബൈല്‍ ഫോണില്‍ വീട്ടിലേയ്ക്ക് അയച്ചുകൊടുത്തത്.
അപ്പോഴും തന്റെ പദവിയെക്കുറിച്ച് വിസ്തരിച്ചില്ല. സേനയില്‍ രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും നാട്ടിലെത്തിയാല്‍ പ്രദീപ് ഇവിടെയുള്ള വിശേഷങ്ങളിലും ആഘോഷങ്ങളിലും മുഴുകും. ഔദ്യോഗികജീവിതവും കൃത്യനിര്‍വഹണവും സൗഹൃദസംഭാഷണങ്ങളില്‍പ്പോലും കടന്നു വരുന്നത് വിരളമാണെന്ന് സുഹൃത്തുക്കളും പറയുന്നു.
കുട്ടിക്കാലത്തും സ്‌കൂള്‍ ജീവിതത്തിലും ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് പിന്നീടും കൂട്ടുകാരായത്. സ്‌കൂള്‍ പഠനം കഴിഞ്ഞ് കൂട്ടുകാരില്‍ പലരും എയര്‍ഫോഴ്‌സില്‍ പരിശീലനത്തിന് ചേര്‍ന്നെങ്കിലും ലക്ഷ്യം നേടിയത് പ്രദീപ് മാത്രമാണ്.
'ഓര്‍മ'യിലേക്ക് ഡിസംബര്‍ 30...
പൊന്നൂക്കര: അവരിപ്പോള്‍ ഓര്‍ക്കുന്നത് 'ഓര്‍മ'യെന്ന് പേരിട്ട ആ ദിവസത്തെയാണ്. ആ പേര് വേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ചുപോവുകയാണ്. ആത്മസുഹൃത്തിനെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ ആ ദിവസം കൂട്ടുകാര്‍ കുറിച്ചുവെക്കുകയാണ് -ഡിസംബര്‍ 30.
പുത്തൂര്‍ ഗവ. സ്‌കൂളില്‍ 2000-ലെ പത്താംക്ലാസ് 'ബി' വിദ്യാര്‍ഥിയായിരുന്നു എ. പ്രദീപ് കുമാര്‍. പഠനംകഴിഞ്ഞ് പലരും പല വഴിതേടി. വ്യോമസേനയിലെ പരിശീലനത്തിന് പ്രദീപും പോയി. പിന്നീട് ഇടക്ക് നാട്ടിലെത്തുമ്പോഴെല്ലാം പഴയ സൗഹൃദം പുതുക്കാന്‍ മറക്കാറില്ല. പതിവായുള്ള കൂട്ടായ്മ പുതുക്കല്‍വേളയിലാണ് ക്ലാസ്മേറ്റ്‌സ് സംഗമം എന്ന ആശയം ഇവര്‍ മുന്നോട്ടുവെച്ചത്. പതിനെട്ടുവര്‍ഷം കഴിഞ്ഞ് 2018-ലാണ് സംഗമം ആദ്യ ആഘോഷമായി മാറിയത്. എല്ലാ ബാച്ചുകാരും അധ്യാപകരും ചടങ്ങിനെത്തി. കൂട്ടായ്മക്ക് പേരു നിര്‍ദേശിച്ചത് പ്രദീപായിരുന്നു. 'ഓര്‍മ' (ഒഫീഷ്യല്‍ റീയൂണിയന്‍ ഓഫ് മില്ലേനിയം ആഡിയം) മറ്റുള്ളവര്‍ അതിന് വിശദമായ നിര്‍വചനവും നല്‍കി. പീന്നീട് വിവിധ കാരണങ്ങളാല്‍ ആ ഒത്തുചേരല്‍ നടന്നില്ല. ഈ വര്‍ഷം നടത്താന്‍ ആലോചിച്ചെങ്കിലും നാട്ടിലെത്തിയ പ്രദീപിന് തിരക്കുമൂലം കൂടുതല്‍ അവധി കിട്ടിയില്ല.
രാജ്യം നടുങ്ങിയ വാര്‍ത്തയില്‍ പ്രിയപ്പെട്ട സഹപാഠി എന്നെന്നേക്കും ഒരോര്‍മയായി മാറുമെന്ന് സ്വപ്നത്തില്‍ പോലും ഇവര്‍ വിചാരിച്ചിരുന്നില്ല. മരണ വിവരമറിഞ്ഞ നിമിഷം മുതല്‍ ഇവര്‍ പ്രദീപിന്റെ വീട്ടില്‍ വന്നും പോയുമിരിക്കുന്നു. രാജകൃഷ്ണനും രാജേഷും അജിത്തും അനൂപും ഫെബിനും ബിനീഷുമെല്ലാം ഓര്‍ത്തുപോകുന്നത് അന്നത്തെ ക്ഷണക്കത്തില്‍ അച്ചടിച്ച വരികളാണ്. 'ഇനി വരില്ലെന്നറിയാമെങ്കിലും, ഇനി നമ്മള്‍ തിരയുന്നു ഇന്നലെകളെ... ഒത്തുകൂടണം, ഓര്‍ത്തെടുക്കണം, ഓര്‍മകള്‍ക്ക് മാത്രമാണ് മരണമില്ലാത്തത്....
അവനെന്നും പൊന്നൂക്കരയുടെ പ്രിയപ്പെട്ടവന്‍
തൃശ്ശൂര്‍: ധീരസൈനികനായി രാജ്യത്തെ വിവിധയിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്‌പോഴും പ്രദീപ്കുമാര്‍ എന്നും പൊന്നൂക്കരയെ അത്രമേല്‍ സ്‌നേഹിച്ചു. നാട്ടിലെത്തുമ്പോള്‍ തനി പൊന്നൂക്കരക്കാരനായി മാറും. തൃശ്ശൂരിലെ കിഴക്കന്‍ മലയോരത്തുള്ള പുത്തൂര്‍ പഞ്ചായത്തിലെ പൊന്നൂക്കരയില്‍ സാധാരണ കുടുംബത്തിലാണ് പ്രദീപ് ജനിച്ചത്. അച്ഛനും അമ്മയും അനിയനും ഉള്‍പ്പെട്ട കുടുംബത്തെ എന്നും പ്രദീപ് ചേര്‍ത്തു പിടിച്ചിട്ടേയൂള്ളൂ -അയല്‍ക്കാര്‍ ഒരേസ്വരത്തില്‍ പറയുന്നു.
അച്ഛന്‍ രാധാകൃഷ്ണന്‍ കൂലിപ്പണിക്കാരനായിരുന്നു. ഏതാനും വര്‍ഷങ്ങളായി ശ്വാസകോശസംബന്ധമായ അസുഖമുണ്ട്. അതുകൊണ്ടുതന്നെ വ്യോമസേനയില്‍ അംഗമായി അധികം വൈകാതെ അച്ഛനോട് പണിക്കുപോകേണ്ടെന്ന് പ്രദീപ് നിര്‍ദേശിച്ചു. അമ്മ തൊഴിലുറപ്പു തൊഴിലാളിയായിരുന്നു. ഏക സഹോദരന്‍ പ്രസാദ് മെഡിക്കല്‍ റെപ്രസെന്റേറ്റീവാണ്.
ഓടിട്ട ചെറുവീട് മാറ്റി ഇരുനിലവീടാക്കി. അവിടെ അമ്മയ്ക്കും അച്ഛനും വേണ്ട സൗകര്യങ്ങളൊരുക്കി. അനിയന് നല്ലൊരു ജോലി നേടിക്കൊടുക്കാന്‍ ശ്രമിച്ചു. ഈയിടെ അസുഖമേറി അച്ഛനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുഴുവന്‍ സമയം കൂട്ടിരുന്നു. തിരിച്ച് വീട്ടിലെത്തിച്ച് ലക്ഷങ്ങള്‍ മുടക്കി വെന്റിലേറ്റര്‍ സൗകര്യമൊരുക്കി. എല്ലാം തയ്യാറാക്കിയശേഷമാണ് ഏതാനും ദിവസം മുമ്പ് കോയമ്പത്തൂരിലേക്ക് മടങ്ങിയത്.
ഓരോ തവണ നാട്ടിലെത്തുമ്പോഴും സുഹൃത്തുക്കളെയെല്ലാം കാണാനെത്തും. സഹായങ്ങള്‍ ചെയ്യും. സമീപത്തെ മൈമ്പിള്ളി ശിവക്ഷേത്രത്തിലെ പ്രസാദഊട്ട് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികസഹായം നല്‍കാന്‍ മുന്നിലുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു. ക്ഷേത്രത്തിലെ പ്രസാദഊട്ടിന് ഭക്ഷണം വിളമ്പാന്‍ കൂടിയിരുന്ന പ്രദീപ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നുവെന്ന് പറയുമ്പോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും അയല്‍ക്കാരിയുമായ അംബികാദാസിന്റെ കണ്ണു നിറഞ്ഞു.
പൊന്നൂക്കര എല്‍.പി. സ്‌കൂളിലും പുത്തൂര്‍ ഹൈസ്‌കൂളിലും ചെമ്പൂക്കാവ് ടെക്‌നിക്കല്‍ സ്‌കൂളിലുമായാണ് പ്രദീപ് വിദ്യാഭാസം പൂര്‍ത്തിയാക്കിയത്. 2004-ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു. കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ആറുമാസം മുമ്പാണ് കോയമ്പത്തൂര്‍ സൂലൂരിലെത്തിയത്. 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ നാട്ടിലേക്കു മടങ്ങാന്‍ ആലോചിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
'ടീച്ചറേ, എന്നെ ഓര്‍ക്കുന്നോ...?
തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആ ചെറുപ്പക്കാരന്‍ എന്റെയടുത്തേക്കോടിയെത്തി. എന്നിട്ട് ചോദിച്ചു, ''ടീച്ചറേ എന്നെ ഓര്‍ക്കുന്നോ. ഞാന്‍ പ്രദീപ്, 2000 ബാച്ചിലെ...'' അവധിക്ക് വന്നശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു അവന്‍. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു ആ കൂടിക്കാഴ്ച -പ്രിയശിഷ്യനെ അവസാനമായി കണ്ടത് മിനി ടീച്ചര്‍ ഓര്‍ത്തെടുത്തു.
പഠിപ്പിച്ച കുട്ടികളെ എത്രകാലം കഴിഞ്ഞാലും മറക്കില്ല. അവരില്‍ വ്യത്യസ്തരായവരെ പ്രത്യേകം ഓര്‍ക്കുമെന്നുമാത്രം. ശാന്തശീലനായൊരു വിദ്യാര്‍ഥി. പ്രദീപിനെ ഓര്‍ക്കുമ്പോള്‍ എനിക്കോര്‍മ വരുന്നത് അവന്റെ ശാന്തതതന്നെയാണ്.
അധികം സംസാരമൊന്നുമില്ല. എന്നാല്‍, ഞങ്ങള്‍ അധ്യാപകരോട് ബഹുമാനത്തോടെയേ പെരുമാറിയിരുന്നുള്ളൂ. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തില്‍നിന്നെത്തുന്ന കൗമാരക്കാരന്റെ സൗമ്യത അവനുണ്ടായിരുന്നു. 17 വര്‍ഷം ഞാന്‍ പുത്തൂര്‍ സ്‌കൂളില്‍ ജോലിചെയ്തു. 1999-2000 ബാച്ചില്‍ എന്റെ ക്ലാസിലെ വിദ്യാര്‍ഥിയായിരുന്നു പ്രദീപ്. ക്ലാസ് ടീച്ചറെന്ന നിലയില്‍ അടുപ്പം കാണിക്കുമ്പോഴും എന്നും ഒതുങ്ങിനില്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു. സഹോദരന്‍ പ്രസാദിനെയും ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. ചേട്ടനേക്കാളേറെ സംസാരിക്കും.
പഠനത്തില്‍ അതിസമര്‍ഥനൊന്നുമായിരുന്നില്ലെങ്കിലും ആ ബാച്ചിലെ എന്റെ ശിഷ്യരില്‍ ആദ്യം ജോലി സമ്പാദിച്ചത് പ്രദീപാണ്. 2018-ല്‍ അവരുടെ ബാച്ചിന്റെ സംഗമത്തിന് എന്നെയും ക്ഷണിച്ചിരുന്നു. അന്ന് മുന്‍നിരയില്‍ത്തന്നെ പ്രദീപുണ്ടായിരുന്നു. വ്യോമസേനയിലെ ഉന്നതപദവിയിലെത്തിയിരുന്നെങ്കിലും സൗമ്യനായ പഴയ വിദ്യാര്‍ഥിയായിത്തന്നെയാണ് അവന്‍ എന്റെ മുന്നിലെത്തിയത്. ഇപ്പോള്‍ ഒല്ലൂര്‍ വൈലോപ്പിള്ളി സ്മാരക ഹൈസ്‌കൂളില്‍ അധ്യാപികയായ വി.ജെ. മിനിയുടെ വാക്കുകളില്‍ പ്രിയശിഷ്യന്റെ അകാലത്തിലുള്ള വേര്‍പാടിന്റെ വേദന.
Published: 10 Dec 2021, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented