കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2004-ല്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം കൊല്‍ക്കത്ത, തെലങ്കാന, ഹൈദരാബാദ്, ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു.
കൊല്ലം സ്വദേശിയാണ്. 2004 മുതല്‍ 2017 വരെ കേരളാ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അദ്ദേഹം ഇവിടെ രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസുമായിരുന്നു.
പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും ഭരണകൂടം വീഴ്ചവരുത്തുമ്പോള്‍ നേരിട്ട് ഇടപെടുന്ന ന്യായാധിപനായിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ കൊച്ചി നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോള്‍ തന്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാക്കാന്‍ തൂമ്പയുമായി നേരിട്ടിറങ്ങിയിട്ടുണ്ട് അദ്ദേഹം. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും കേസെടുത്ത് നീതി ഉറപ്പാക്കിയ ന്യായാധിപനായിരുന്നു.
അഭിഭാഷകരും കൊല്ലം സ്വദേശികളുമായ എന്‍. ഭാസ്കരന് നായരുടെയും എന്‍. പാറുക്കുട്ടി അമ്മയുടെയും മകനാണ്. കോളാറിലെ കെ.ജി.എഫ്. ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. 1983-ല്‍ അഭിഭാഷകനായി തിരുവനന്തപുരത്ത് പ്രാക്ടീസ് തുടങ്ങി. 1988-ല്‍ പ്രാക്ടീസ് ഹൈക്കോടതിയിലേക്ക് മാറ്റി. 2004 ഒക്ടോബര്‍ 14-നാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനാകുന്നത്. മീര സെന്‍ ആണ് ഭാര്യ. മക്കള്‍: പാര്‍വതി നായര്‍, കേശവരാജ് നായര്‍.
Content Highlights: justice thottathil b radhakrishnan passes away
Published: 03 Apr 2023, 07:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented