
ആലപ്പുഴ: ന്യൂഡല്‍ഹിയില്‍ മെത്രാന്മാരെ ആദരിക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കിയപ്പോള് കേരളത്തില്‍ സംഘപരിവാര്‍ ശക്തികള്‍ പുല്‍ക്കൂട് കത്തിക്കാനാണു നേതൃത്വം നല്‍കിയതെന്ന വിമര്‍ശനവുമായി ലത്തീന്‍സഭാ മുഖപത്രം 'ജീവനാദം'.
ലത്തീന്‍, സിറോ മലബാര്‍, സിറോ മലങ്കര സഭാവിഭാഗങ്ങളുടെ പൊതുപ്രവര്‍ത്തനങ്ങളും സേവനപദ്ധതികളും ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്ന കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു മോദി.
സി.ബി.സി.ഐ. സെന്റര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. സഭയ്ക്കു ലഭിക്കുന്ന വലിയ അംഗീകാരവും ആദരവുമായി ഇതിനെ കാണാം.
ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനും അധ്യാപകരെയും കുട്ടികളെയും നാട്ടുകാരെയും ഭീഷണിപ്പെടുത്താനും സംഘപരിവാരത്തിലെ ചില വിദ്വേഷപ്രചാരകരും ബി.ജെ.പി. കാര്യദര്‍ശികളും ഇറങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ തൊഴുത്, പുഷ്പാര്‍ച്ചന നടത്തി, കാരള്‍ ഗീതങ്ങള്‍ ആസ്വദിച്ച് താളംപിടിച്ചതൊക്കെ എന്തിനു വേണ്ടിയെന്നു മുഖപ്രസംഗം പരിഹസിക്കുന്നു.
ക്രൈസ്തവ കുടുംബങ്ങളിലേക്കു ക്രിസ്മസ് കെയ്ക്കുമായി സ്നേഹയാത്ര നടത്താനും ചില മെത്രാസന മന്ദിരങ്ങളില്‍ കെയ്ക്കു മുറിക്കാനും ബി.ജെ.പി. സംസ്ഥാന നേതൃത്വം പദ്ധതി ആവിഷ്കരിച്ചിരിക്കേയാണ് പാലക്കാട്ടെ സംഭവമുണ്ടാകുന്നത്.
ക്രിസ്മസ് നക്ഷത്രത്തിനു പകരം ശബരിമല സീസണില്‍ കേരളത്തില്‍ മകരനക്ഷത്രം തൂക്കണമെന്ന കല്പനയും ചിലരൊക്കെ ഇറക്കിയത് മോദി അറിഞ്ഞുകാണുമോ?- മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫ്ളൈറ്റില്‍ 'മെരിയര്' ക്രിസ്മസ് എന്നു പരിഹസിച്ചാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
Content Highlights: Jeevanadam a Latin Church publication criticized BJPs actions in Kerala during Christmas.
Published: 27 Dec 2024, 07:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented