കാസർകോട്: സംസ്ഥാനത്തെ ജയിലുകളിലെ സിനിമ, സീരിയൽ, ഡോക്യുമെന്ററി ചിത്രീകരണ ഫീസ് ആഭ്യന്തരവകുപ്പ് ഇരട്ടിയാക്കി. സിനിമാചിത്രീകരണത്തിന് ദിവസം 40,000 രൂപയുണ്ടായിരുന്നത് 80,000 രൂപയായും സീരിയൽ ഫീസ്‌ 20,000-ൽനിന്ന്‌ 40,000 രൂപയുമായാണ്‌ ഉയർത്തിയത്‌. ഡോക്യുമെന്ററിക്ക് 10,000 രൂപയിൽനിന്ന് 20,000 രൂപയുമാക്കി. ചിത്രീകരണത്തിനുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയും ഇരട്ടിയാക്കി. സിനിമാചിത്രീകരണത്തിന് ഒരുലക്ഷം രൂപയിൽനിന്ന് രണ്ടുലക്ഷം രൂപയും സീരിയലിന് 50,000 രൂപയിൽനിന്ന് ഒരുലക്ഷവും ഡോക്യുമെന്ററിക്ക് 20000-ൽനിന്ന് 40,000 രൂപയുമാക്കി. ചിത്രീകരണത്തിനിടെ നാശമുണ്ടായാൽ അതിന്റെ 150 ശതമാനം സർക്കാരിലേക്കടയ്ക്കണം. ജയിലിലെ സാധാരണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാത്തവിധത്തിലായിരിക്കണം ചിത്രീകരണം. ഇക്കാര്യം ജയിൽ ഡി.ജി.പി.യും ബന്ധപ്പെട്ട സൂപ്രണ്ടുമാരും ഉറപ്പാക്കണം. സിനിമ, സീരിയൽ ചിത്രീകരണത്തിനുള്ള ഫീസുകൾക്ക് പുറമേ സിവിൽ തടവുകാർക്കുള്ള ഭക്ഷണ, വസ്ത്ര, താമസ നിരക്കും കൂട്ടിയിട്ടുണ്ട്.

To advertise here,

ജയിലുകൾ ഇഷ്ട ലൊക്കേഷൻ

സിനിമ, സീരിയൽ ചിത്രീകരണത്തിനുള്ള ഇഷ്ട ലൊക്കേഷനുകളിലൊന്നാണ് സംസ്ഥാനത്തെ ജയിലുകൾ. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളോടാണ് കൂടുതൽ പ്രിയം. അടൂർ ഗോപാലകൃഷ്ണന്റെ ‘മതിലുകൾ’ ഉൾപ്പെടെ ഒട്ടേറെ സിനിമകൾ ജയിലുകളിൽ ചിത്രീകരിച്ചിട്ടുണ്ട്. ജയിലുകളിൽ സിനിമാചിത്രീകരണത്തിന് ദിവസം 2000 രൂപയും സെക്യൂരിറ്റി നിക്ഷേപമായി 10,000 രൂപയുമാണ് മുൻപ് ഈടാക്കിയിരുന്നത്. ടി.പി. സെൻകുമാർ ജയിൽ മേധാവിയായിരിക്കുമ്പോഴാണ് നിരക്ക് കൂട്ടിയത്.