കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഒരു സീറ്റ് എന്ന നിലയിൽനിന്ന് പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത് ബി.ജെ.പി. നേതൃത്വത്തെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. ഇതിന് പിന്നാലെ പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ചും പരിഹാരം നിർദേശിച്ചും റിപ്പോർട്ട് നൽകാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം നിയോഗിച്ചിരിക്കുന്നത് ബി.ജെ.പി. നേതാവും മുൻ ഡി.ജി.പിയും വിജിലൻസ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനേയും സി.വി. ആനന്ദബോസിനേയുമാണ്. ഇതിൽ ആദ്യഘട്ട റിപ്പോർട്ട് ജേക്കബ് തോമസ് ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുമുണ്ട്. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരേ വലിയ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ജേക്കബ് തോമസ് മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.

നിരവധി ആരോപണങ്ങളാണ് സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വത്തിനെതിരേയും സംസ്ഥാന അധ്യക്ഷനെതിരേയും ഉയരുന്നത്. നേതൃമാറ്റം ശരിയായ പരിഹാര മാർഗമാണോ?

അത് ഞാനൊരു ഉദാഹരണത്തിലൂടെ പറയാം. നമ്മൾ ഒരു റൂമിൽ കയറിച്ചെല്ലുമ്പോൾ റൂമിലെ ബൾബ് മങ്ങിയിരിക്കുന്നത് കാണുന്നു. അപ്പോൾ നമ്മൾ അത് മാത്രം മാറ്റും. രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും മങ്ങിയത് കാണുന്നു, വീണ്ടും മാറ്റുന്നു. എന്നാൽ ശരിക്കും അത് ബൾബിന്റെ പ്രശ്നമായിരിക്കുമോ? സാധ്യത കുറവാണ്. ഒരു പക്ഷെ ഇലക്ട്രിക്ക് വയറിന്റെ പ്രശ്നമായിരിക്കാം, റൂമിലെ പെയിന്റിന്റെ പ്രശ്നമായിരിക്കാം, അതുമല്ലെങ്കിൽ സ്വിച്ചിന്റെ പ്രശ്നമായിരിക്കാം. അങ്ങനെ പല കാരണങ്ങളുണ്ടാവും. ഇതേ സാഹചര്യമാണ് ഇവിടേയും. പുറമെ കാണുന്നത് മാത്രം മാറ്റിയിട്ട് കാര്യമില്ല. മങ്ങലിന്റെ യഥാർഥ കാരണങ്ങൾ കണ്ടുപിടിക്കണം. നേരെ പറഞ്ഞാൽ ആളെ മാറ്റുന്നതിന് പകരം എവിടെയാണ് പാളിച്ച പറ്റിയതെന്ന് മനസ്സിലാക്കണം.അത് പരിഹരിക്കണം. അത് മാത്രമാണ് യഥാർഥ പരിഹാര മാർഗം.

എത്ര കാലം കഴിയണം കേരളത്തിൽ ബി.ജെ.പിക്ക് ഒരു സേഫ് ലാൻഡ് ലാൻഡ് ലഭിക്കാൻ?

ചില കാര്യങ്ങൾ ഇന്നു തന്നെ ചെയ്യാൻ തീരുമാനിച്ചാൽ മൂന്ന് വർഷം കൊണ്ട് ബി.ജെ.പിക്ക് കേരളത്തിൽ സേഫ് ലാൻഡ് ലഭിക്കുമെന്നതിൽ സംശയമില്ല. ആദ്യം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ബി.ജെ.പിക്ക് നിലപാടുണ്ടാവണം. അത് പ്രവർത്തകരിലേക്കെത്തിച്ച് ഇതാണ് വിഷയത്തിൽ പാർട്ടിയുടെ നിലപാടെന്നും ഈ നിലപാടിന് വേണ്ടി പ്രവർത്തിക്കാൻ അവരെ സജ്ജമാക്കുകയും വേണം. നിലപാട് ഇല്ലാത്തതാണ് പ്രശ്നം. നമ്മൾ ഒരു വിഷയമുണ്ടാകുമ്പോൾ അവിടെ സന്ദർശിച്ച് തിരിച്ച് പോന്നത് കൊണ്ടോ പ്രസ്താവന നടത്തിയത് കൊണ്ടോ മാത്രം അത് ബി.ജെ.പിയുടെ നിലപാട് ആവുകയില്ല. നിലപാടില്ലാതാവുകയേ ചെയ്യൂ. ജനങ്ങൾക്ക് ഗുണമുള്ള ശരിയായ കാര്യത്തിൽ നിന്നാവണം നിലപാടുണ്ടാവേണ്ടത്.

നിരവധി ആരോപണങ്ങളാണ് കേരളത്തിലെ ബി.ജെ.പി. നേതൃത്വം നിലവിൽ നേരിടേണ്ടി വരുന്നത്. ഇതിനെ എങ്ങനെയാണ് കാണുന്നത്. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടില്ലേ?

പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. പക്ഷെ നമ്മൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ക്രിമനൽ പ്രവർത്തനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായോ പകപോക്കലിനായോ ഉപയോഗിക്കുന്നത് ശരിയല്ല എന്നതാണ്. കാരണം ഇതിനെ രാഷ്രീയമായി ഉപയോഗിക്കുമ്പോൾ അതിന്റെ അന്വേഷണം എവിടെയുമെത്താതാവും. വിവാദമായ ഓരോന്നും പരിശോധിച്ചാൽ മനസ്സിലാവും. സോളാർ കേസ് എവിടെയെത്ത>, സ്വർണക്കടത്ത് എവിടെ എത്തി? ഇതാ ഇപ്പോൾ കുഴൽപ്പണ ആരോപണവും. അന്വേഷണത്തെ അതിന്റെ വഴിക്ക് വിടണം. അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല.

ബി.ജെ.പി. കേരളത്തിൽ നിലവിൽ ഏത് തരത്തിലുള്ള ഒരു പ്രതിസന്ധിയാണ് നേരിടുന്നത്?

ബി.ജെ.പിക്ക് ഒരു എം.എൽ.എ. പോലും നിയമസഭയിൽ ഇല്ല എന്നത് ഏറ്റവും വലിയ പ്രതിസന്ധി. അത് പരിഹരിക്കാനുള്ള ശ്രമമായിരുന്നു നടത്തേണ്ടത്. ജനാധിപത്യ പ്രക്രിയയിൽ ബി.ജെ.പിയുടെ നയങ്ങൾ പറയാൻ നിയമസഭയിൽ ഒരാൾ പോലും ഇല്ല എന്നത് വലിയ പോരായ്മ തന്നെയാണ്. ഒന്നിൽ നിന്ന് 90 ആവുകയില്ലെങ്കിലും ഒന്നിൽനിന്ന് ഒമ്പത് ആവുമായിരുന്നു. അവസരം എന്നത് ഒന്നേയുള്ളൂ അത് പ്രയോഗിക്കണം. കെ. കരുണാകരനൊക്കെ ഒമ്പതിൽ നിന്നാണ് തൊണ്ണൂറിലെത്തിയത്.

ഗ്രൂപ്പിസം എത്രത്തോളം ബാധിച്ചിട്ടുണ്ട്?

ഗ്രൂപ്പിസം ബാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ചില വ്യക്തി താൽപര്യങ്ങളൊക്കെ സ്ഥാനാർഥി നിർണയങ്ങളിലൊക്കെ ഉണ്ടായിട്ടുണ്ടാവാം. അതിനെ ഗ്രൂപ്പിസം എന്നൊന്നും പറയാൻ പറ്റില്ല. എല്ലാ പാർട്ടികളിലും ഈയൊരു വിഷയം ഉണ്ട്. അത് പല പാർട്ടികളിൽ പല തരത്തിൽ പരിഹരിക്കപ്പെടുന്നു. പക്ഷെ ഇതൊന്നും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ഒരു തരത്തിൽ പറഞ്ഞാൽ ആഭ്യന്തര ജനാധിപത്യത്തിൽ നിന്നാണ് ഒരു പാർട്ടിയിൽ ഗ്രൂപ്പിസം ഉണ്ടാവുന്നത്. പ്രാദേശികമായി ചിലയിടങ്ങളിൽ ഇത് ബാധിച്ചിട്ടുണ്ട് എന്ന് യാഥാർഥ്യമാണ്. ഒരു പാർട്ടിയിൽ ഗ്രൂപ്പുകൾ ഉണ്ടാവുന്നത് തെറ്റൊന്നുമല്ല. എന്നാൽ അവസാനം എത്തുന്ന തീരുമാനത്തിൽ എല്ലാവരും ഉറച്ച് നിൽക്കണം. അങ്ങനെയാവുമ്പോൾ മാത്രമേ ഒരു പാർട്ടി തീരുമാനമാവുകയുള്ളൂ.

ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിലേക്ക് ബി.ജെ.പിക്ക് എത്താൻ കഴിയുന്നില്ല എന്നത് ശരിയല്ലേ?

ഭാഗികമായി അത് ശരിയായിരിക്കും. പക്ഷെ സേവാഭാരതി പോലുള്ള പ്രസ്ഥാനങ്ങൾ നിരവധി സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. പക്ഷെ ഇതൊന്നും ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് പല പരിഹാര മാർഗങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ ഞാൻ നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ തുറന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്. ഇതടക്കം നിരവധി വിഷയങ്ങൾ റിപ്പോർട്ടിന്റെ ഭാഗമായിട്ടുണ്ട്. അതിനെല്ലാം പരിഹാരവും നിർദേശിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിനപ്പുറം ഓരോ സംസ്ഥാനത്തിന്റേയും സംസ്കാരത്തേയും അവിടെയുള്ള ജനങ്ങളേയും വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളാണുണ്ടാവുന്നത്. അല്ലാതെ ഇന്നേ ഭാഷ സംസാരിക്കണമെന്ന് പറയുക ഇന്നേ ഭക്ഷണം കഴിക്കണമെന്ന് പറയുക എന്നതൊന്നും ജനങ്ങൾ ചിലപ്പോൾ അംഗീകരിക്കില്ല. ഒപ്പം എല്ലാ മതങ്ങളേയും വിശ്വാസത്തേയും കണക്കിലെടുക്കുകയും വേണം.

Content Highlights: Jacob Thomas About BJP Kerala