കോവിഡിന്റെ രണ്ട് തരംഗങ്ങളും കേരളം വിജയകരമായി നേരിട്ടു- ആരോഗ്യമന്ത്രി | അഭിമുഖം


രാജി പുതുക്കുടി

ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്‌: ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഇപ്പോള്‍ കേരളം. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്കും കേരളം എങ്ങനെ മൂന്നാം തരംഗത്തെ നേരിടുമെന്നും മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ അഭിമുഖത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരിക്കുന്നു.

എന്തൊക്കെയാണ് മൂന്നാം തരംഗം മുന്നില്‍ ണ്ടുള്ള മുന്നൊരുക്കങ്ങള്‍​ ? പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെക്കൂടി ചികിത്സക്കായി സജ്ജമാക്കുമോ?

മൂന്നാം തരംഗം വരാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. വരികയാണെങ്കില്‍ അതിനെ നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിക്കൊണ്ടിരിക്കുന്നു. രണ്ടാം തരംഗത്തില്‍ നമുക്ക് രോഗികള്‍ കൂടുതലാണ്. 18 വയസ്സിന് മുകളിലുള്ളവരെ മുഴുവനായും വാക്‌സിനേറ്റ് ചെയ്യിപ്പിക്കുക എന്നതാണ് പ്രധാന ദൗത്യം.

രണ്ടാമത്തെ കാര്യം അടിസ്ഥാന സൗകര്യ വികസനമാണ്. പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ കിട്ടാത്തതു കൊണ്ടുതന്നെ രോഗം വരാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങളാണ് കൂടുതലായും സജ്ജീകരിക്കുന്നത്. പല ആശുപത്രികളിലും പീഡിയാട്രിക് ഐ.സി.യു. സംവിധാനങ്ങളുണ്ടായിരുന്നില്ല. എല്ലാ ജില്ലയിലും പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജീകരിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പലയിടത്തും പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഓക്‌സിജന്‍ വിതരണമാണു മറ്റൊരു കാര്യം. രണ്ടാം തരംഗത്തില്‍ മെയ്, ജൂണ്‍ മാസത്തില്‍ തന്നെ 50 ബെഡുകളില്‍ കൂടുതലുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ, എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്. മരുന്ന് സംഭരണം ഉള്‍പ്പടെയുള്ള കാര്യങ്ങളും നടക്കുന്നു.

വീടിനുള്ളിലെ രോഗവ്യാപനം കൂടി എന്ന് പറയുന്നു. ഈ സാഹര്യത്തില്‍ ക്വാറന്റൈന്‍ വീടിനുള്ളില്‍ തന്നെ എന്ന രീതി തുടരുമോ? അല്ലെങ്കില്‍ പ്രത്യേക ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കുമോ?

വീട്ടില്‍ രോഗവ്യാപനം കൂടി എന്നല്ല, വീടിനുള്ളില്‍ രോഗവ്യാപനം ഉണ്ടാവാം എന്നതിനാല്‍ ആളുകള്‍ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നാണ് പറഞ്ഞത്. രോഗത്തിന്റെ തീവ്രത കുറവായതിനാല്‍ ആളുകള്‍ ആശുപത്രിയിലേക്ക് വരാതെ വീട്ടില്‍ ഇരുന്നോളാം എന്നുപറഞ്ഞിട്ടുണ്ട്. അതിലുള്ള ഒരു പ്രശ്‌നം വീടിനുള്ളില്‍ കര്‍ശനമായ ഐസൊലേഷന്‍ സംവിധാനം വേണം എന്നതാണ്.

വായുസഞ്ചാരമുള്ള മുറിയായിരിക്കണം, രോഗിക്ക് ഉപയോഗിക്കാന്‍ മാത്രമായി ടോയ്‌ലറ്റ് ഉണ്ടാവണം, വീട്ടിലെ മറ്റുള്ളവരുമായി ഇടപഴകാത്ത തരത്തില്‍ വേണം രോഗി കഴിയാന്‍. ചില ആളുകള്‍ പറയുന്നത് റിസല്‍റ്റ് വരുന്നത് വരെ വീട്ടിലായിരുന്നല്ലൊ വീട്ടുകാര്‍ക്ക് ഇതിനകം രോഗം വന്നിട്ടുണ്ടാവില്ലെ എന്നാണ്. ഈ രീതി ശരിയല്ല. രോഗം കണ്ടെത്തിയാല്‍ മാറിനില്‍ക്കുക തന്നെ വേണം. വീട്ടില്‍ അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് മാറാം. വീട്ടില്‍ സൗകര്യം ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കഴിയുക.

കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും? ഇതിനായി എന്തെങ്കിലും പ്രത്യേക പദ്ധതികളുണ്ടോ?

വാക്‌സിന്റെ ലഭ്യത അനുസരിച്ചിരിക്കുന്ന ഒരു കാര്യമായതിനാല്‍ തന്നെ ഇന്ന സമയത്ത് പൂര്‍ത്തിയാക്കും എന്ന് നൂറുശതമാനം ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എങ്കില്‍ കൂടി സെപ്തംബര്‍ 30-നുള്ളില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

1.11 കോടി വാക്‌സിന്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ നിലപാടാണ് കേന്ദ്രം ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സെപ്തംബര്‍ 30-ഓടെ നമ്മള്‍ ആവശ്യപ്പെട്ട അത്രയും വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് കിട്ടിയാല്‍ സെപ്തംബര്‍ 30-ഓടെ ആദ്യ ഡോസ് വാക്‌സിന്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കാം. ഒപ്പം ആദ്യ ഡോസ് നേരെത്തെ എടുത്തവര്‍ക്കുള്ള സെക്കന്‍ഡ് ഡോസും കൊടുത്ത് തീര്‍ക്കാന്‍ പറ്റും.

അറുപത് വയസ്സു കഴിഞ്ഞവര്‍ക്കും കിടപ്പുരോഗികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഏറെക്കുറെ പൂര്‍ത്തിയായി. ഇനി വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിച്ചവരാണുള്ളത്. അവരെക്കൂടി പറഞ്ഞു മനസ്സിലാക്കി വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ നടക്കുന്നു. മറ്റു രോഗം ഉള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

18 വയസ്സിന് മുകളിലുള്ള 70 ശതമാനത്തിലധികം ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ 56 ശതമാനം ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. അതുപോലെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണവും ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ്. വാക്‌സിനേഷന്‍ നിലവില്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന സംസ്ഥാനമാണ് നമ്മുടേത്. അതേസമയം, വാക്‌സിനെടുത്തവരും രോഗവാഹകരാവാം എന്നതിനാല്‍ കരുതലോടെ വേണം മുന്നോട്ടുപോകാന്‍.

ഞായറാഴ്ച ലോക്ഡൗണിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതിനിടെയാണ് നാളെ മുതല്‍ ഞായറാഴ്ച ലോക്ഡൗണ്‍ തുടരാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ വീണ്ടും എത്തിയത്. ഇത് എത്രനാള്‍ തുടരും?

ഞായറാഴ്ച ലോക്ഡൗണ്‍ എന്നത് കൂട്ടായെടുത്ത ഒരു തീരുമാനമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനമാണത്. ബ്രേക് ദി ചെയിനാണ് കേരളത്തിന്റെ പ്രധാന ലക്ഷ്യം. തുടര്‍ച്ചയായി ആളുകള്‍ പുറത്തിറങ്ങുന്നത് ബ്രേക് ചെയ്യുക എന്ന രീതിയിലാണ് നമ്മള്‍ അതിനെ കാണുന്നത്. ഇത് എത്രനാള്‍ തുടരും എങ്ങനെ മുന്നോട്ട് പോകും എന്നതൊക്കെ കോവിഡ് അവലോകന യോഗത്തില്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും

ആരോഗ്യമന്ത്രി എന്ന നിലയ്ക്ക് കോവിഡിന്റെ ആദ്യ തംരംഗത്തിലും രണ്ടാം തരംഗത്തിലും കേരളം അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ താരതമ്യം ചെയ്യാമോ?

ആദ്യ തരംഗത്തില്‍ അന്നത്തെ ഓണത്തിന്റെ മുമ്പ് 1563 കേസാണ് നമുക്ക് ഉണ്ടായിരുന്നത്. ഓണത്തിന് ശേഷം അത് മൂന്നിരട്ടി കൂടി. ഒക്ടോബറില്‍ ഏഴിരട്ടി കൂടി. ഇവിടെ രണ്ടാം തരംഗം വന്നത് ഏപ്രില്‍ പകുതിയിലാണ്. പക്ഷെ, ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത് മെയ്‌ 12-നാണ്. 43,529 കേസാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. അന്നത്തെ ടി.പി.ആര്‍.(ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) 29.76 ശതമാനം ആയിരുന്നു. അതുകഴിഞ്ഞ് ഞാന്‍ ആരോഗ്യമന്ത്രിയായി ചുമതല ഏറ്റെടുക്കുന്ന സമയത്ത് മുപ്പതിനായിരത്തോളമാണ് കേസുകള്‍ ഉണ്ടായിരുന്നത്. പിന്നീട് അത് കുറഞ്ഞു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലേക്ക് വന്നു. എന്നാല്‍ പിന്നീട് വീണ്ടും ടി.പി.ആര്‍. കൂടി. ഡെല്‍റ്റ വകഭേദമാണ് സെക്കന്‍ഡ് വേവില്‍ രോഗം ഇത്രയും വ്യാപിച്ചത്.

കേരളത്തില്‍ രോഗവ്യാപനം കൂടിയത് പരാജയമാണ് എന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു?

ഐ.സി.എം.ആറിന്റെ സിറോപ്രിവലന്‍സ് സ്റ്റഡി അനുസരിച്ച് രോഗം വന്നവരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണ്. നമ്മുടെ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അത്രത്തോളം വിജയമാണ് എന്നാണ് അത് കാണിക്കുന്നത്. കേരളത്തില്‍ ഇനിയും 50 ശതമാനത്തോളം ആളുകള്‍ക്ക് രോഗം വരാന്‍ ഉണ്ട്. ഐ.സി.എം.ആറിന്റെ പഠനപ്രകാരം രോഗം വരാത്തവരുടെ എണ്ണം കൂടുതലുള്ളതും രോഗം വരാന്‍ സാധ്യത ഉള്ളവര്‍ കൂടുതലുള്ളതും കേരളത്തിലാണ്.

കേരളത്തിന്റെ ജനസാന്ദ്രത ഇന്ത്യയുടെ ജനസാന്ദ്രതയുടെ ഇരട്ടിയാണ്, ജീവിതശൈലി രോഗം ഉള്ളവരുടെ എണ്ണം കൂടുതലാണ്, മുതിര്‍ന്ന പൗരന്‍മ്മാരുടെ എണ്ണം കൂടുതലാണ്. എന്നിട്ടും ഇവിടെ 50 ശതമാനം ആളുകള്‍ക്ക് ഇനിയും രോഗം വന്നിട്ടില്ല എന്നത് തെളിയിക്കുന്നത് ഈ രണ്ട് ഘട്ടത്തിലും നമ്മുടെ പ്രതിരോധസംവിധാനങ്ങള്‍ വിജയമായിരുന്നു എന്നുതന്നെയാണ്. രോഗം വരാനുള്ളവര്‍ കൂടുതലായതിനാല്‍ ഇനിയുള്ള നാളുകളിലും നമ്മള്‍ പ്രത്യേകം കരുതണം. ആശങ്കപ്പെടാതെ കൃത്യമായ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുവേണം മുന്നോട്ട് പോകാന്‍.

കോവിഡ് രോഗികളുടെ കണക്കും കോവിഡ് മരണക്കണക്കും ആരോഗ്യവകുപ്പ് മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാണ്. ഈ കാര്യത്തില്‍ എന്താണ് പറയാന്‍ ഉള്ളത്?

ഇവിടെ ആരും ഒന്നും ഒളിച്ചുവെക്കുന്നില്ല. ഐ.സി.എം.ആറിന്റെ പഠനമനുസരിച്ച് അണ്ടര്‍ കൗണ്ടിങ് ഫാക്ടര്‍ ഏറ്റവും കുറവ് കേരളത്തിലാണ് ആറ് കേസുകളില്‍ ഒരു കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദേശീയ ശരാശരിയില്‍ മുപ്പതില്‍ ഒന്ന്. ചില സംസ്ഥാനങ്ങളില്‍ നൂറില്‍ ഒരു കേസും 120-ല്‍ ഒരു കേസുമൊക്കെയേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. പരാമവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. എന്നാല്‍ രോഗികളുടെ എണ്ണം കൂടിയത് കൊണ്ട് ടെസ്റ്റ് ചെയ്യാതിരിക്കുകയല്ല നമ്മള്‍ ചെയ്യുന്നത് കോവിഡ് ടെസ്റ്റ് ഇപ്പോളും ഏറ്റവും കൂടുതല്‍ നടത്തുന്നത് കേരളത്തിലാണ്. ടെസ്റ്റിന്റേയോ രോഗികളുടേയോ കണക്ക് ഒരിക്കലും മറച്ചുവെച്ചിട്ടില്ല.

പിന്നെ കോവിഡ് മരണത്തിന്റെ കണക്കുകള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ വേണ്ട ഓണ്‍ലൈന്‍ സംവിധാനം കേരളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസം 14 മുതല്‍ ആശുപത്രികള്‍ നേരിട്ടാണ് കോവിഡ് മരണക്കണക്കുകള്‍ ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. മാത്രമല്ല ഇതുവരെയുള്ള മുഴുവന്‍ കണക്കുകളും രണ്ടാഴ്ച മുമ്പ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉണ്ടാക്കി പബ്ലിഷ് ചെയ്തിട്ടുമുണ്ട്. ആര്‍ക്കും ഇത് പരിശോധിക്കാം.

അത്രയും സുതാര്യവും സത്യസന്ധവുമാണ് നമ്മുടെ കണക്കുകള്‍. അതുകൊണ്ടാണ് കേരളത്തില്‍ കേസുകള്‍ കൂടുന്നത് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് പോലും കണ്ടെത്താന്‍ കഴിയുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത്രയും സുതാര്യമായ ഒരു സംവിധാനമില്ല

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പറയുമ്പോളും നിയമസഭാ സെക്രട്ടറിയറ്റില്‍ ഉള്‍പ്പടെ കോവിഡ് വ്യാപനം ഉണ്ടായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമോ?

രോഗവ്യാപനം കൃത്യമായി നമ്മള്‍ നിരീക്ഷിക്കുന്നുണ്ട്. പ്രതിരോധ സംവിധാനം എങ്ങനെ മുന്നോട്ട് പോകണമെന്നത് അതത് ഘട്ടത്തില്‍ എല്ലാ വകുപ്പുകളും ചേര്‍ന്ന് തീരുമാനിക്കും

content highlights : interview with health minister veena george

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented