കോഴിക്കോട്: കോൺഗ്രസ് വോട്ട് മറിച്ചാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വോട്ട് ചോർന്നെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ. സംഘപരിവാറിനെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന് മലയാളികൾ ചിന്തിച്ചെന്നും അതാണ് കേരളത്തിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ കനത്ത പരാജയത്തിൽ തിരുത്തൽ അനിവാര്യമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. മുന്നണി ശക്തിപ്പെടേണ്ടതുണ്ടെന്നും ഇന്ത്യാസഖ്യത്തിന്റെ മുന്നേറ്റം ആശാവഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കൾ.

ലീഗിലേക്ക് പോകുമെന്നത് വാസ്തവ വിരുദ്ധമാണെന്നും കുട്ടിക്കാലം മുതൽ താൻ ഇടത് അനുഭാവിയാണെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. സമസ്ത ഒരു മുന്നണിക്കും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിട്ടില്ല. ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിപക്ഷം ഉണ്ടാകുന്നത് നല്ലകാര്യം. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടോ എന്ന് മുന്നണി പരിശോധിക്കുമെന്നും എൽഡിഎഫ് തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.