ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ 26-കാരിയായ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. നവ്‌നീത് കൗർ എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. ഹംബർവുഡ് ബുലെവാർഡിനും റെക്‌സ്‌ഡെയിൽ ബുലെവാർഡിനും മധ്യേയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്‌. അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

To advertise here,

കൗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രാംപ്ടണിൽ നിന്നുള്ള 37-കാരനായ ശരൺജീത് സിങ്ങിനെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു. ദൃക്‌സാക്ഷിയുടെ മൊഴിപ്രകാരം പ്രതി യുവതിയോട് സംസാരിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പ്രതി തോക്കുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കേസ് ഇപ്പോൾ പോലീസിന്റെ ഹോമിസൈഡ് അന്വേഷണവിഭാഗം അന്വേഷിച്ചുവരികയാണ്.

കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പോലീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ മറ്റാരേയും സംശയിക്കുന്നില്ല. ആസൂത്രിത കൊലപാതകത്തിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാമെങ്കിൽ അത് കൈമാറണമെന്നും പോലീസ് അഭ്യർഥിച്ചു.