
കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾക്കിടെ കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടർ നൽകുന്നുണ്ടെന്നും ഐ.എ.എസ്. അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഐ.എ.എസ്. അസോസിയേഷന്റെ പിന്തുണ എന്നതും ശ്രദ്ധേയമാണ്. സംഭവമുണ്ടായതു മുതൽ കളക്ടർക്കെതിരേ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു. പിപി ദിവ്യ ഇത്തരത്തിൽ ഒരു പരാമർശം നടത്തുമ്പോൾ എന്തുകൊണ്ട് കളക്ടർ ഇടപെട്ടില്ല, നവീൻ ബാബുവിനെ എന്തുകൊണ്ട് കളക്ടർ ആശ്വസിപ്പിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയിൽ ജില്ലാ കളക്ടറുടെ മൊഴിയുടെ ഒരു ഭാഗം പുറത്തുവന്നിരുന്നു. ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീൻ ബാബുവിനെ താൻ ചേംബറിലേക്ക് വിളിച്ചെന്നും അഞ്ചു മിനിറ്റോളം സംസാരിച്ചുവെന്നുമായിരുന്നു മൊഴി. ഇതിൽ തനിക്ക് തെറ്റുപറ്റി എന്ന് നവീൻ ബാബു സമ്മതിച്ചെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മാധ്യമപ്രവർത്തകർ ഇതേസംബന്ധിച്ച് കളക്ടറോട് ചോദിച്ചപ്പോൾ താൻ പോലീസിന് നൽകിയ മൊഴിയുടെ ഒരു ഭാഗംമാത്രമായിരുന്നുവെന്നും മൊഴി പൂർണ്ണമായും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Content Highlights: ias association support kannur collector arun k vijayan
Published: 05 Nov 2024, 09:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented